സംസ്ഥാന സ്കൂൾ കായികമേളയിൽ അമ്മയുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അർച്ചന പാലക്കാടേക്ക് മടങ്ങിയത്. 3000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ അർച്ചനയുടെ മനസിൽ തെളിഞ്ഞത് അമ്മ കൃഷ്ണപ്രിയ ആയിരിക്കും. പാലക്കാട് മുണ്ടൂർ എച്ച്എസിലെ വിദ്യാർതിത്ഥിയാണ് അർച്ചന എസ്.
തന്റെ ചെറിയ വരുമാനത്തിൽ നിന്ന് നൽകാൻ കഴിയുന്ന പരിമിതമായ സൗകര്യങ്ങളെ മോൾക്ക് നൽകാൻ സാധിക്കുന്നുള്ളു. ജീവിത പ്രാരാബ്ധങ്ങളോട് പൊരുതിയാണ് മകൾ ഈ നേട്ടം കരസ്ഥമാക്കിയത്. അതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അമ്മ പറഞ്ഞു. അർച്ചനയുടെ അമ്മയുടെ വാക്കുകളാണിത്. മുൻ അന്താരാഷ്ട്രതാരം പി യു ചിത്രയുടെ കായിക അധ്യാപകൻ കൂടിയായ എൻ എസ് സിജിൽ ആണ് അർച്ചനയുടെയും പരിശീലകൻ. 3000 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ നടത്തത്തിൽ സ്വർണം നേടിയ എസ് ജഗന്നാഥനടക്കം പാലക്കാട് നിന്നും ഇദ്ദേഹത്തിന്റെ 22 ശിഷ്യൻമാരാണ് ഇത്തവണത്തെ സ്കൂൾ കായികമേളയിൽ മാറ്റുരയ്ക്കുന്നത്.
സാധാരണക്കാരായ കർഷകത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും കുടുംബങ്ങളിൽ നിന്നുമാണ് പാലക്കാടിന്റെ കായികതാരങ്ങളിൽ ഏറിയ പങ്കും. ഇവർക്കു വേണ്ട പ്രോത്സാഹനവും സൗകര്യങ്ങളും സ്കൂൾതലങ്ങൾ മുതൽ നൽകിയെങ്കിൽ മാത്രമേ മികവിന്റെ വലിയ ഉയരങ്ങളിലേക്ക് ഈ കുട്ടിതാരങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കു. നാളെയുടെ വാഗ്ദാനങ്ങളായ കായികതാരങ്ങളെ സംഭാവന ചെയ്യാൻ ഇനിയും പാലക്കാടൻ മണ്ണിനാകുമെന്ന് കോച്ച് എൻ എസ് സിജിൽ പറഞ്ഞു. ഇടുക്കി സിഎച്ച്എസ് കാൽവരിമൗണ്ടിലെ അലീന സജിക്കാണ് 3000 മീറ്ററിൽ വെള്ളി. പാലക്കാട് എംഎൻകെഎച്ച്എസ്എസ് ചിറ്റിലഞ്ചേരിയിലെ രേവതി രാജൻ വെങ്കലം നേടി.