Site iconSite icon Janayugom Online

ബ്രസീലിനെ പിന്തള്ളി അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ തലപ്പത്ത്

ആറു വര്‍ഷത്തിന് ശേഷം ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി അര്‍ജന്റീന. ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന തലപ്പത്തേക്ക് കുതിച്ചത്. ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് 1840.93 റേറ്റിങ് പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1838.45 റേറ്റിങ് പോയിന്റുമാണുള്ളത്. 1834.21 റേറ്റിങ് പോയിന്റുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്.

അര്‍ജന്റീന ലോകകപ്പ് ജയിച്ചെങ്കിലും കഴിഞ്ഞ ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു‌. എന്നാല്‍ ഈ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന വിജയിക്കുകയും ബ്രസീല്‍ അപ്രതീക്ഷിതമായി മൊറോക്കോയോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് റാങ്കിങ്ങില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത്. 

ലോകകപ്പ്, ഫൈനലിസിമ, കോപ്പ അമേരിക്ക എന്നീ കിരീടങ്ങള്‍ അര്‍ജന്റീന നേടിയിരുന്നു. ബെല്‍ജിയം നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്. നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 101-ാം സ്ഥാനത്തെത്തി.

Eng­lish Summary;Argentina beat Brazil to top the FIFA rankings
You may also like this video

Exit mobile version