Site icon Janayugom Online

ഖത്തറില്‍ ഖല്‍ബിലെത്തുന്നതാര് ? ലോകകപ്പില്‍ ഇന്ന് കലാശപ്പോര്

കാല്‍പന്തുകളിയിലെ പുതിയരാജാവിനെ കണ്ടെത്താനുള്ള കലാശപ്പോരാട്ടത്തിന് ഇന്ന്‌ രാത്രി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം വേദിയാകുമ്പോള്‍ ലോകത്തിന്റെ ഹൃദയസ്പന്ദനം ആ പന്തിനൊപ്പമാകും. സുവര്‍ണസിംഹാസനത്തില്‍ രണ്ടാം ഊഴം ലക്ഷ്യമാക്കുന്ന ഫ്രാന്‍സും മൂന്നരപതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരു കിരീടനേട്ടമെന്ന മോഹവുമായി അര്‍ജന്റീനയും കളത്തിലെത്തുന്നു. 32 ടീമുകള്‍ പങ്കെടുത്ത ലോകകപ്പിന്റെ പോര്‍വീഥികളില്‍ ഫുട്‌ബോളിലെ വന്‍മരങ്ങളോരോരുത്തരായി കടപുഴകിയപ്പോള്‍ അജയ്യമായ മുന്നേറ്റം തുടര്‍ന്ന രണ്ടുടീമുകള്‍ ഇനി പൊരുതുകയാണ്. ആരാണ് യാഥാര്‍ത്ഥ ജേതാവെന്ന് തീര്‍ച്ചപ്പെടുത്താന്‍ ഫൈനലില്‍ അര്‍ജന്റീനയെ തോല്പിച്ചാല്‍ 1962ല്‍ ബ്രസീലിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവാന്‍ ഫ്രാന്‍സിന് കഴിയും. ഇവരില്‍ ആരു ജയിച്ചാലും അവരുടെ മൂന്നാം ലോക കിരീടമാകുമത്. റഷ്യയിലെ ലോകകപ്പ് നേട്ടത്തിന് ഖത്തറിലും ഒരു തുടര്‍ച്ചയാണ് ഗോള്‍മുഖത്തെ പതറാത്ത കാവല്‍ക്കാരന്‍ ഹ്യുഗോ ലോറിസ് നയിക്കുന്ന ഫ്രാന്‍സിന്റെ ലക്ഷ്യം.

പക്ഷേ എതിരാളികള്‍ കളിക്കളത്തിനകത്തും പുറത്തും കരുത്തുള്ള മെസിയുടെ അര്‍ജന്റീനയാകുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഈ പോരാട്ടം അര്‍ജന്റീനയ്ക്ക് മറ്റെന്തിനേക്കാള്‍ വീറും വാശിയും നല്‍കുന്നതാണ് തങ്ങളുടെ ഇതിഹാസതാരം ലയണല്‍ മെസിയുടെ സുദീര്‍ഘമായ ഫുട്‌ബോള്‍ കരിയറിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി ചാര്‍ത്താന്‍ ഫിഫയുടെ ലോകകപ്പ് സമ്മാനിക്കണമെന്ന് അവരോരുത്തരും മനസിലുറപ്പിക്കുന്നു. മെസി ഫാക്ടര്‍ തന്നെയാണ് ഫ്രാന്‍സ് നേരിടുന്ന കടുത്ത കടമ്പയെന്ന് ഫ്രഞ്ച് കോച്ച് ദെഷാംപ്‌സ് വ്യക്തമാക്കി കഴിഞ്ഞു. പ്ലേമേക്കറുടെ റോളില്‍ മെസി കൂടുതല്‍ അപകടകാരിയാകുമെന്നും മെസിക്കെതിരെ കൃത്യമായ പദ്ധതിയുണ്ടെന്നും ദെഷാംപ്‌സ് പറഞ്ഞു. അത്യന്തം അപകടകാരികളായ ഗ്രീസ്മാനും, എംബാപ്പെയും ജിറൂദും ഹെര്‍ണാണ്ടസുമൊക്കെ അടങ്ങുന്ന ഫ്രാന്‍സിന്റെ മുന്നേറ്റനിരക്കെതിരെ ഒപ്പത്തിനൊപ്പം നിന്നു പൊരുതാന്‍ പോന്ന പഴുതടച്ച പ്രതിരോധത്തിലൂന്നിയാകും അര്‍ജന്റീനയിന്‍ കോച്ച് ലയണല്‍ സ്‌കലോനി ഇന്ന് ടീമിനെ കളത്തിലിറക്കുക. നിക്കോളാസ് ഓട്ടമെന്‍ഡിയും ലിസാന്‍ഡ്രോ മാര്‍ട്ടിനസും അക്യുനയും റോമേരോയും മൊളീനയും മടങ്ങുന്ന കാവല്‍ നിരയ്ക്കും മികച്ച ഫോമില്‍ തുടരുന്ന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനു ഈ രാത്രി ഇടവേളകളില്ലാത്ത പ്രതിരോധത്തിന്റെതാകും.

2018 ലെ റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയ ഇടിവെട്ട് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ തന്നെയാണ് ഇത്തവണയും ഫ്രാ­ന്‍സിന്റെ തുറുപ്പ് ചീട്ട്. ഫ്രഞ്ച് പ്രതിരോധക്കാര്‍ ഇതുവരെ കാണാത്ത മൂര്‍ച്ചയുള്ള ആക്രമണങ്ങളാകും മെസിയും സൂപ്പര്‍താരം ജൂലിയന്‍ ആല്‍വാരസും ഡി മരിയയുമടങ്ങുന്ന അര്‍ജന്റീനന്‍ മുന്നേറ്റക്കാരില്‍ നിന്ന് നേരിടേണ്ടിവരുക. ഫ്രാന്‍സ് സ്ഥിരതയുള്ള പ്രകടനമാണ് ഈ ലോകകപ്പില്‍ നടത്തിയതെങ്കില്‍ അര്‍ജന്റീന ഓരോ മത്സരം കഴിയുന്തോറും സ്വതസിദ്ധമായ കേളീശൈലിയിലേക്ക് ഉയര്‍ന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ആര് ലോകചാമ്പ്യന്മാരാകുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. 2018ലെ റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ കിലിയന്‍ എംബാപ്പെയും ലയണല്‍ മെസിയും തമ്മിലുള്ള പോരാട്ടമായി ഈ ഫൈനല്‍ മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ രണ്ട് താരങ്ങളെയും എതിര്‍ ഡിഫന്‍ഡര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചായിരിക്കും മത്സരഫലം നിര്‍ണയിക്കുക. ഫ്രഞ്ച് നിരയില്‍ എംബാപ്പെക്കൊപ്പം നാല് ഗോളുമായി ഒലിവര്‍ ജിറൂദിന്റെ സാന്നിധ്യമുള്ളപ്പോള്‍ അര്‍ജന്റീന നിരയില്‍ മെസിക്കൊപ്പം നാല് ഗോളടിച്ച അല്‍വാരസുമുണ്ട്.

പ്രതിരോധത്തിലും മധ്യനിരയിലും ഒന്നിനൊന്ന് മികച്ച താരങ്ങളാണ് രണ്ട് ടീമിലുമുള്ളത്. ഫ്രാന്‍സ് നിരയില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ചൗവാമേനിയും കഴിഞ്ഞ കളിയില്‍ കളിക്കാതിരുന്ന റാബിയോയും അറ്റാക്കിങ് മിഡ്ഫല്‍ഡര്‍മാരായി വലതുവിങ്ങില്‍ ഡെംബലെ, സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ഗ്രിസ്മാന്‍, ഇടതുവിങ്ങില്‍ സൂപ്പര്‍ താരം എംബപ്പെ എന്നിവര്‍ ഇറങ്ങുന്നത് ഫ്രാന്‍സിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. സ്ട്രൈക്കറായി ജിറൂദും. പ്രതിരോധത്തില്‍ കൗണ്‍ഡെ, വരാനെ, ഉപമെസാനോ, തിയോ ഹെര്‍ണാണ്ടസ് എന്നിവരും എത്തുമ്പോള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ ഹ്യൂഗോ ലോറിസും ഉറപ്പ്. ഫ്രാന്‍സ് 4–2‑3–1 ശൈലിയില്‍ തന്നെയായിരിക്കും ഇന്നും കളത്തിലിറങ്ങുക. കഴിഞ്ഞ രണ്ട് കളികളില്‍ പുറത്തിരുന്ന പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡി മരിയ ഇന്ന് കളിമെനയാന്‍ അര്‍ജന്റീനിയന്‍ നിരയില്‍ ഉണ്ടാകുമെന്ന വാര്‍ത്ത അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. 4–3‑3 അല്ലെങ്കില്‍ 4–4‑2 ശൈലിയിലോ ആയിരിക്കും അര്‍ജന്റീന ഇറങ്ങുക. 4–4‑2 ശൈലിയിലാണെങ്കില്‍ ഡി മരിയയ്ക്കൊപ്പം ഡി പോള്‍, മക്അലിസ്റ്റര്‍, ഫെര്‍ണാണ്ടസ് ആദ്യ ഇലവനില്‍ ഉണ്ടാകും. മുന്നേറ്റത്തില്‍ മെസിക്ക് കൂട്ടായി അല്‍വാരസും. പ്രതിരോധത്തില്‍ മൊളീന, റൊമേരൊ, ഓട്ടമെന്‍ഡി, അക്യുന എന്നിവരും എത്തും. മറിച്ച് 4–3‑3 ശൈലിയിലാണെങ്കില്‍ മെസിക്കും അല്‍വാരസിനും തൊട്ടുപിന്നില്‍ ഡി മരിയ കളിക്കും.

Eng­lish Sum­ma­ry: Argenti­na-France World Cup final
You may also like this video

Exit mobile version