Site iconSite icon Janayugom Online

അര്‍ജന്റീന വിജയവഴിയില്‍; ബ്രസീലിന് ഉറുഗ്വെയ്ക്കെതിരെ സമനില

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് അര്‍ജന്റീന വിജയവഴിയില്‍, ബ്രസീല്‍ ഉറുഗ്വെയ്ക്കെതിരെ സമനിലയില്‍ കുരുങ്ങി. 

വാശിയേറിയ പോരാട്ടത്തില്‍ ഗോള്‍കീപ്പർ പെഡ്രോ ഗലീസിന്റെ നേതൃത്വത്തില്‍ പെറു പ്രതിരോധം ഉറച്ചുനിന്നത് അർജന്റീനിയൻ മുന്നേറ്റനിരയെ നിരാശരാക്കി. 55-ാം മിനിറ്റില്‍ ലൗട്ടാരോ മാർട്ടിനെസ് പെറുവിന്റെ വലകുലുക്കി. ഇടതു വിങ്ങിൽ നിന്നും മെസി നല്‍കിയ മികച്ചൊരു ക്രോസ് മനോഹരമായ വോളിയിലൂടെ ലൗട്ടാരോ മാർട്ടിനെസ് ഗോളാക്കി മാറ്റി. ബ്രസീലിനെതിരെ ഉറുഗ്വെ ആണ് ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തത്. റയല്‍ മാഡ്രിഡ് താരം ഫെഡറിക്കോ വാല്‍വേര്‍ഡെ ആണ് 55-ാം മിനിറ്റില്‍ ഉറുഗ്വെയ്ക്കായി ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ബ്രസീലിനായി ഫ്ലെമെംഗോയുടെ ജെര്‍സണ്‍ ഉറുഗ്വെ വല കുലുക്കി. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചിട്ടും ബ്രസീലിനു പിന്നീട് ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. അർജന്റീനയ്‌ക്കായി അന്താരാഷ്ട്ര മത്സരങ്ങളില്‍ മെസിയുടെ 58-ാമത്തെ അസിസ്റ്റായിരുന്നു ഇത്. യുഎസ് ഇതിഹാസതാരമായ ലാൻഡൻ ഡോണോവന്റെ നേട്ടത്തിനൊപ്പം മെസി എത്തി. 57 അസിസ്റ്റുകളുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ മൂന്നാം സ്ഥാനത്താണ്. യോഗ്യത റൗണ്ടിൽ 11 മത്സരങ്ങളിൽ നിന്നും 22 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴു പോയിന്റുമായി പെറു ഒമ്പതാം സ്ഥാനത്താണ്. ബ്രസീൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥനത്തേക്ക് വീണു. 12 മത്സരങ്ങളിൽ നിന്നും 18 പോയിന്റാണുള്ളത്. ആദ്യ ആറു ടീമുകളാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക. സമനിലയോടെ ഉറുഗ്വെ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

Exit mobile version