ബ്രസീലിനോട് ഗോള്‍ രഹിത സമനില വഴങ്ങിയിട്ടും അര്‍ജന്റീന ഖത്തര്‍ ലോകകപ്പ് യോഗ്യത നേടി. നെയ്മറില്ലാതെ ഇറങ്ങിയിട്ടും ബ്രസീലിനെതിരേ വിജയം നേടാന്‍ അര്‍ജന്റീനയ്ക്കായില്ല. ഈ മത്സരത്തിന് ശേഷം അര്‍ജന്റീനയ്ക്ക് ഒരു പോയിന്റ് മാത്രമേ ലോകകപ്പ് യോഗ്യത ലഭിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ രാവിലെ നടന്ന മറ്റൊരു മത്സരത്തില്‍ ചിലി പരാജയപ്പെട്ടതോടെ അര്‍ജന്റീനയുടെ യോഗ്യത ഉറപ്പായി. ബ്രസീലിനെതിരായ സമനിലയോടെ തോൽവിയറിയാതെ 27 മത്സരങ്ങൾ അർജന്റീന പൂർത്തിയാക്കി.
രണ്ട് ടീമും 4–3‑3 ഫോര്‍മേഷനിലാണ് ഇറങ്ങിയത്.ഡി മരിയയും മാര്‍ട്ടിനെസും മെസിയും അര്‍ജന്റീനയുടെ മുന്നേറ്റ നിരയില്‍ അണിനിരന്നു. നെയ്മറില്ലാതെയിറങ്ങിയ ബ്രസീലിനെതിരേ അര്‍ജന്റീന ജയം പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചതും ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചതും അര്‍ജന്റീനയാണ്. മെസിക്കും കൂട്ടര്‍ക്കും മൂന്നും കാനറികള്‍ക്ക് രണ്ടും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളാണുള്ളത്. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.
13 മത്സരത്തില്‍ നിന്ന് 11 ജയവും രണ്ട് സമനിലയുമടക്കം 35 പോയിന്റുള്ള ബ്രസീലാണ് ഗ്രൂപ്പില്‍ തലപ്പത്ത്. 13 മത്സരത്തില്‍ നിന്ന് എട്ട് ജയവും അഞ്ച് സമനിലയുമടക്കം 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീനയുള്ളത്. ബ്രസീല്‍ നേരത്തെ തന്നെ ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റെടുത്തതാണ്. 23 പോയിന്റുള്ള ഇക്വഡോറും 17 പോയിന്റുള്ള കൊളംബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ചിലി ഇക്കോഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. ചിലിയുടെ വിജയം അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി നല്‍കി.
ENGLISH SUMMARY:Argentina qualifies for World Cup after drawing with Brazil
You may also like this video