Site iconSite icon Janayugom Online

അർജന്റീന ടീം സന്ദർശനം: പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം: കായിക മന്ത്രി

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശന തീയതി മാറ്റം വന്നതിനെ തുടർന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം അനുവദിച്ചുവെന്ന തരത്തിൽ നടത്തുന്ന പ്രചരണം അങ്ങേയറ്റം ദുരുദ്ദേശപരമാണ്. നവംബർ 30 കഴിഞ്ഞ് സ്റ്റേഡിയത്തിന്മേൽ ഒരവകാശവും സ്പോൺസർക്ക് നൽകിയിട്ടില്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ആർക്കും കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ തുടർന്ന് നടക്കുന്ന എല്ലാ മത്സരങ്ങൾക്കും ഉപയോഗിക്കാം. ജിസിഡിഎയ്ക്കോ സർക്കാരിനോ യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ സ്റ്റേഡിയം നവീകരിക്കുന്നതിനെയാണ് ചില മാധ്യമങ്ങളും സ്ഥാപിത താല്പര്യക്കാരും വലിയ പാതകമായി വ്യാഖ്യാനിക്കുന്നത്. 

അർജന്റീന സന്ദർശനം മുടക്കാൻ എഎഫ്എയ്ക്ക് നിരന്തരം വ്യാജ പരാതികൾ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധിയാണ്. ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിനാകെ അപമാനമാണ്. നവംബറിൽ നിശ്ചയിച്ച മത്സരം മാറ്റേണ്ടിവന്ന സാഹചര്യം മന്ത്രിയും സ്പോൺസറും മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചതാണ്. വ്യാജവാർത്തകൾ സൃഷ്ടിക്കുകയും അതിന്മേൽ വിശദീകരണം തേടി മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് മാധ്യമ ഗുണ്ടായിസമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കായിക പ്രേമികൾക്ക് അർജന്റീനയുടെ മത്സരം കാണാനുള്ള അവസരം ഒരുക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. ഫിഫ അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. കൊച്ചി സ്റ്റേഡിയത്തെ ഇന്ത്യയിലെ രണ്ടാമത്തെ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്റ്റേഡിയമായി ഉയർത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. സംസ്ഥാനത്ത് ഇത്തരത്തിലൊരു സ്റ്റേഡിയം ഉയർന്നു വരുന്നതിനെ തകർക്കാനുള്ള ഗൂഢനീക്കമായി മാത്രമേ ഇപ്പോഴുള്ള പ്രചാരണങ്ങളെ കാണാൻ കഴിയു. സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ തുടരും. മറിച്ച് നടക്കുന്ന കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

Exit mobile version