Site iconSite icon Janayugom Online

അർജന്റീനോസ് ജൂണിയേഴ്സ് കേരളത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു

മറഡോണ ഉൾപ്പെടെ പ്രമുഖ ഫുട്ബോൾ താരങ്ങളെ വാർത്തെടുത്ത പ്രമുഖ ഫുട്ബോൾ അക്കാദമിയായ അർജന്റീനോസ് ജൂണിയേഴ്സ് കേരളത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. കോഴിക്കോട് ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ അക്കാദമിയായ മലബാർ സ്പോർട്സ് ആന്റ് റിക്രിയേഷൻ ഫൗണ്ടേഷൻ (എംഎസ്ആർഎഫ്) അർജന്റീനോസ് ജൂണിയേസുമായി കരാർ ഒപ്പു വച്ചു. എംഎസ്ആർഎഫിന്റെ ഫുട്ബോൾ ക്ലബ്ബായ മലബാർ ചാലഞ്ചേഴിസിന്റെ പേര് പ്രഖ്യാപിക്കലും ഫുട്ബോൾ ടീമിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും ഇതോടൊപ്പം നടന്നു. 

രണ്ടു വർഷത്തേക്കാണ് അർജന്റീനോസ് ജൂണിയേഴ്സുമായി എം എസ് ആർഎഫ് കരാർ ഒപ്പു വെച്ചത്. കരാർ പ്രകാരം അർജന്റീനോസ് ജൂനിയേഴ്സിന്റെ രണ്ട് കൺസൽട്ടന്റ് കോച്ചുകൾ എംഎസ്ആർഎഫിലെ കുട്ടികൾക്കും കോച്ചുകൾക്കും പരിശീലനം നൽകും. അർജന്റീനോസ് ജൂണിയേഴ്സ് വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളി, എംഎസ്ആർഎഫ് ചെയർമാൻ മുൻ ഗോവൻ ചീഫ് സെക്രട്ടറി ബി വിജയൻ എന്നിവർ കരാറിൽ ഒപ്പു വച്ചു. മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഗോൾ കീപ്പർ വിക്ടർ മഞ്ഞില, എംഎസ്ആർഎഫ് ഡയറക്ടർമാരായ മുൻ തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി സ്കന്ദൻ കൃഷ്ണൻ, മുൻ ഇൻകം ടാക്സ് കമ്മീഷണർ പോൾ ജോർജ്ജ്, മുൻ ഇന്ത്യൻ ക്യാപ്റ്റനും ഗോൾ കീപ്പറും നിലവിൽ ഗോവ ഫുട്ബോൾ ഡെവലപ്പ്മെന്റ് കൗൺസിൽ ചെയർമാനുമായ ബ്രഹ്മാനന്ദ സങ് വാക്കർ, ചെന്നൈ അവലോൺ ടെക്നോളജീസ് സിഎംഡി ഇമ്പിച്ചഹമ്മദ്, അരൻജന്റീനോസ് ജൂണിയേഴ്സ് ബോർഡ് മെമ്പർ കെവിൻ ലിബ്സ് ഫ്രെയിന്റ്, ഡോ. മനോജ് കാളൂർ, വിദേശകാര്യ മന്ത്രാലയം മുൻ ജോ. സെക്രട്ടറിയും എംഎസ്ആർഎഫ് എംഡിയും സിഇഒയുമായ സജീവ് ബാബു കുറുപ്പ്, എ കെ ബി നായർ എന്നിവർ സന്നിഹിതരായി.
സെപ്തംബറിൽ എംഎസ്ആർഎഫിന്റെ ലോകോത്തര നിലവാരമുള്ള ഫുട്ബോൾ അക്കാദമി കോഴിക്കോട്ട് പ്രവർത്തനമാരംഭിക്കും. ദേശീയ ഫൂട്ബോൾ ലീഗിൽ പങ്കെടുക്കുന്ന ഒരു യഥാർത്ഥ പ്രൊഫണൽ സീനിയർ ടീം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംഎസ്ആർഎഫ് ചെയർമാൻ ബി വിജയൻ പറഞ്ഞു. 

2031ലെ അണ്ടർ 20 ലോകകപ്പ് 2034ലെ ലോകകപ്പ് ഫുട്ബോൾ എന്നിവയുടെ അവസാന റൗണ്ടുകളിൽ ഇന്ത്യൻ ടീമിന്റെ സാനിധ്യമാണ് എംഎസ്ആർഎഫിന്റെ ലക്ഷ്യം. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകി പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളാക്കി മാറ്റുകയും അതുവഴി മലബാറിന്റെ മഹത്തരമായ ഫുട്ബോൾ പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തുകയും ലക്ഷ്യമാണ്. ആദ്യ ഘട്ടത്തിൽ പെരും തുരുത്തിയിലെ ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ മൈതാനമായിരിക്കും പരിശീലനത്തിനായി ഉപയോഗിക്കുക. സമീപ ഭാവിയിൽ തന്നെ കോഴിക്കോട്ട് 10 ഏക്കർ സ്ഥലത്ത് 350 മുതൽ 400 വരെ കുട്ടികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാവുന്ന റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുകയാണ് എംഎസ്ആർഎഫിന്റെ ലക്ഷ്യം.

Eng­lish Summary:Argentinos Juniors train chil­dren in Kerala
You may also like this video

Exit mobile version