Site iconSite icon Janayugom Online

മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വഴക്കുപറഞ്ഞു; റിട്ടയേഡ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മകൻ കഴുത്തറുത്ത് കൊന്നു

കല്ലിയൂരിൽ റിട്ടയേഡ് പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫായ അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. കല്ലിയൂർ സ്വദേശിനി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനും റിട്ടയേഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനുമായ അജയകുമാർ(51) ആണ് പ്രതി.
ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ അജയകുമാറിൻ്റെ കൈയ്യിലിരുന്ന മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിനെ തുടർന്ന് വിജയകുമാരി മകനെ വഴക്കു പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്.

വഴക്കിനിടെ പ്രകോപിതനായ അജയകുമാർ, വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പുകൾ മുറിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജയകുമാർ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Exit mobile version