ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വസതിയിൽവെച്ചാണ് 25കാരി വെടിയേറ്റ് മരിച്ചത്. പിതാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ബുള്ളറ്റുകളാണ് രാധികയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത്.വ്യാഴാഴ്ച രാവിലെ 11.30ഓടെ ഗുരുഗ്രാമിലെ സെക്ടർ 57നിൽ വെച്ചായിരുന്നു സംഭവം. രാധികയുടെ പിതാവ് ദീപക് യാദവാണ് കേസിലെ പ്രതിയെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ലൈസൻസുള്ള സ്വന്തം റിവോൾവർ ഉപയോഗിച്ചാണ് പിതാവ് കൊലപാതകം നടത്തിയത്. വെടിയേറ്റയുടൻ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്നാണ് രാധികക്ക് വെടിയേറ്റുവെന്ന വിവരം തങ്ങൾക്ക് ലഭിച്ചതെന്ന് ഹരിയാന പൊലീസ് അറിയിച്ചു. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ ഡബിൾസ് റാങ്കിങ്ങിൽ 113ാം റാങ്ക് താരമാണ് രാധിക. 2000 മാർച്ച് 23ന് ജനിച്ച രാധിക സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

