Site iconSite icon Janayugom Online

ദൗത്യസംഘം അരിക്കൊമ്പന് തൊട്ടരികില്‍; ഉടന്‍ മയക്കുവെടിവയ്ക്കും

മയക്കുവെടി വെച്ച് കീഴ്പ്പെടുത്താനുള്ള സംഘം സുസജ്ജമായി. മയക്കുവെടി ഉദ്യമം ഉടനുണ്ടാകും. ദൗത്യസംഘം അരിക്കൊമ്പന് തൊട്ടരികിലെത്തി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്നും ദൗത്യ സംഘം അറിയിച്ചു.

ഒരിടത്തും സ്ഥിരമായി നിലയുറപ്പിക്കാതെ ഊരു ചുറ്റുന്ന അരിക്കൊമ്പന്റെ പ്രകൃതം തിരിച്ചറിയാതെ പോയതാണ് ആദ്യദിന ദൗത്യം പാളിയതിന് പ്രധാന കാരണം. കഴിഞ്ഞദിവസം രാത്രി വരെ ആനയിറങ്കല്‍ 301 കോളനി പരിസരത്ത് അരിക്കൊമ്പനെ പലരും കണ്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ദൗത്യം സുഗമമായി നിര്‍വഹിക്കാന്‍ കഴിയുമെന്ന നിഗമനത്തില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 150 പേരടങ്ങുന്ന സംഘം ഇന്നലെ പുലര്‍ച്ചെ നാലിന് കോളനി പരിസരത്ത് എത്തിയത്.
അഞ്ച് ആനകളടങ്ങുന്ന കാട്ടാനകൂട്ടവും കുട്ടിയാനയടക്കം മൂന്ന് ആനകൾ ഉള്ള മറ്റൊരു സംഘവും ഇതിനിടെ ജനവാസമേഖലയ്ക്ക് സമീപം വനാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ടു. ദൗത്യത്തിനിടയിൽ രണ്ട് ആനക്കൂട്ടവും ഒത്തു ചേർന്നു. ഇതോടെ കാട്ടാനക്കൂട്ടത്തിലുള്ളത് അരിക്കൊമ്പനാണെന്ന തെറ്റിദ്ധാരണയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അവയെ പിന്തുടർന്നു.
മണിക്കൂറുകളോളം കൊമ്പനെ പിന്തുടർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് തങ്ങള്‍ പിന്തുടരുന്നത് അരിക്കൊമ്പനെ അല്ലെന്നും അത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്‍ ആണെന്നും വൈകിയാണ് മനസിലായത്. ഒടുവിൽ ആനക്കൂട്ടവും ചക്കക്കൊമ്പനും മുത്തമ്മ കോളനിക്കുള്ളിലേക്ക് കടന്നതോടെ ഒരുക്കി വച്ച സന്നാഹങ്ങളുമായി വൈകിട്ട് മൂന്നരയോടെ ദൗത്യസംഘം പിൻവാങ്ങുകയായിരുന്നു. വനപാലക സംഘം അരിക്കൊമ്പനെ തേടി കാട് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. 

You may also like this video

Exit mobile version