ചിന്നക്കനാലിൽ നിന്ന് ഏറെ പരിശ്രമത്തിനൊടുവിൽ പിടികൂടിയ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. കടുവാ സങ്കേതത്തിലെ ഉൾവനത്തിലാണ് ആനയെ തുറന്നുവിട്ടത്. ജനവാസമേഖലയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. കഴിഞ്ഞദിവസം പുലർച്ചെ രണ്ട് മണിയോടെ സീനിയ റോഡ് വനമേഖലയിലെ മേദകാനത്ത് ആനയെ തുറന്നുവിട്ടിരുന്നു. ദേഹത്ത് ഘടിപ്പിച്ച ജിപിഎസ് കോളർ വഴി അരിക്കൊമ്പന്റെ നീക്കങ്ങൾ വനംവകുപ്പ് കൃത്യമായി നിരീക്ഷിച്ച് വരികയാണ്. തേക്കടിയില്‍ അരിക്കൊമ്പനെ പൂജകളോടെയാണ് സ്വീകരിച്ചത്. രാത്രി പത്ത് മണിയോടെ ടൈഗര്‍ റിസര്‍വില്‍ എത്തിച്ച അരിക്കൊമ്പനെ വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ചു.
കൊമ്പന്റെ ദേഹത്ത് മുറിവുകൾ കണ്ടെത്തിയതിനാൽ ആന്റിബയോട്ടിക് ഉൾപ്പെടെ നൽകിയിട്ടുണ്ട്. 11 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.
അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ദൗത്യസംഘത്തിന് ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിരുന്നു . കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റാൻ നേരത്തേ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തില്‍ പരാജയപ്പെടുകയായിരുന്നു. പിന്നീട് ഒരു മണിക്കൂറോളം ശ്രമിച്ചാണ് കുങ്കിയാനകള്‍ അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ കയറ്റിയത്.
English Summary;arikomban is healthy; GPS signal is received
You may also like this video

