കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ ഇന്നലെ വൈകിട്ടോടെ താത്കാലികമായി അവസാനിപ്പിച്ചു. പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തിയത്. മുങ്ങൽ വിദഗ്ധർക്ക് ശക്തമായ അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്.
നേരത്തെ നദിക്കരയിൽ അർജുന് വേണ്ടി തിരച്ചിൽ നടത്തുന്ന സ്ഥലത്തുനിന്നുള്ള റഡാറിന്റെ സിഗ്നൽ മാപ് പുറത്തുവന്നിരുന്നു. നദിക്കരയിൽ നിന്ന് 40 മീറ്റർ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്നൽ ലഭിച്ചത്. ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്നലെ നാവികസേന പരിശോധന നടത്തിയത്. എൻഐടി സൂറത്കലിലെ വിദഗ്ധരാണ് മാപ് തയ്യാറാക്കിയത്. മണ്ണിടിഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാൽ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്. 20 ടൺ ഭാരമുള്ള ലോറിയാണ് അർജുന്റേത്. മലമുകളിൽ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇടിഞ്ഞിറങ്ങിയിട്ടുണ്ട്.
അതിന്റെ ആഘാതം പരിശോധിച്ചാൽ ഇത്ര ഭാരമുള്ള ലോറി കരയിൽ നിന്ന് 40 മീറ്ററോളം അകലത്തിൽ ആകാം. അവിടെ നിന്നാണ് സിഗ്നലുകളും ലഭിച്ചിരിക്കുന്നത്. അതിനിടെ അർജുൻ ഉള്‍പ്പെടെയുള്ളവരെ കാണാതായ സംഭവത്തിൽ കർണാടക ഹൈക്കോടതി ഇടപെട്ടു. അപകടം ഗൗരവമേറിയതെന്ന് വിലയിരുത്തിയ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും കർണാടക സർക്കാരിനോടും റിപ്പോർട്ട് തേടി. ഇന്ന് രാവിലെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
English Summary: Arjun Rescue Mission; Failed on the eighth day, Karnataka High Court intervened
You may also like this video