Site iconSite icon Janayugom Online

സായുധ, ധനശാസ്ത്ര ആയുധവല്‍ക്കരണം എതിര്‍ക്കപ്പെടണം

flagflag

ഡോ. വര്‍ഗീസ് കുരിയന്‍ എന്ന മലയാളി സംരംഭകന്റെ മുന്‍കയ്യില്‍ ഗുജറാത്തില്‍ സ്ഥാപിതമായ ‘അമുല്‍’ എന്ന സ്ഥാപനം ഇന്നും ഇന്ത്യക്ക് അഭിമാനമായി തുടരുകയാണ്. ഇതിന്റെയെല്ലാം സഞ്ചിതഫലങ്ങളെന്ന നിലയില്‍ തന്നെയാണ് ഇന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശേഖരത്തില്‍ നിസാരമല്ലാത്തൊരു പങ്ക് വിദേശവിനിമയ ശേഖരമായി തുടരുന്നതും. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നും ‘മേക്ക് ഇന്‍ ഇന്ത്യ’, ‘മേക്ക് ഫോര്‍ ഇന്ത്യ’ എന്നും മറ്റും ആവര്‍ത്തിച്ചുരിയാടിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരുവട്ടമെങ്കിലും ഇത്തരം ചരിത്രവസ്തുതകളിലേക്കൊന്ന് ഒളിച്ചുനോട്ടമെങ്കിലും നടത്തിയെങ്കില്‍ എന്നാശിച്ചുപോവുകയാണ്. മാത്രമല്ല, എഫ്ഡിഐയെ ക്ഷണിച്ചുവരുത്തുന്നതിന് മുമ്പ് ഡോ. ദാദാഭായ് നവ്‌റോജി എന്ന ഇന്ത്യന്‍ ധനശാസ്ത്രജ്ഞന്റെ ‘ഡ്രെയിന്‍ സിദ്ധാന്തം’, ഡോ. ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’ എന്ന കൃതിയോടൊപ്പം ഒരാവര്‍ത്തിയെങ്കിലും വായിച്ചുനോക്കിയാല്‍ നന്നായിരിക്കും. നവ്‌റോജിയുടെ ഈ സിദ്ധാന്തം അടങ്ങുന്ന ‘പോവര്‍ട്ടി ആന്റ് അണ്‍ ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ’ എന്ന ഗ്രന്ഥം നിസാരമായ വിലയ്ക്ക് വിപണിയില്‍ ഇപ്പോള്‍ ലഭ്യവുമാണ്. കമ്മ്യൂണിസ്റ്റ് ആചാര്യനായ ലെനിന്‍, നവ്‌റോജിയെ വിശേഷിപ്പിച്ചത് ‘മഹാനായ ഇന്ത്യന്‍ ധനശാസ്ത്രജ്ഞന്‍’ എന്നാണ്.

ഒരിക്കലെങ്കിലും ചൂഷണത്തിന് ഇരയാക്കപ്പെട്ടിട്ടുള്ള ഒരു രാജ്യം, സമാധാനം നിലവിലുള്ളപ്പോള്‍ തങ്ങള്‍ക്ക് ലഭ്യമാകുന്ന ഗുണഫലങ്ങളില്‍ തൃപ്തിപ്പെടുകയില്ലെന്നു മാത്രമല്ല, സ്വയം പര്യാപ്തത യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ സ്ഥിരമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യാതിരിക്കില്ല. പാശ്ചാത്യരാജ്യങ്ങളും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനും തമ്മിലുള്ള ഇടപാടുകളില്‍ — അത് ആയുധവല്‍ക്കരണത്തിനായാലും സാമ്പത്തികവല്ക്കരണത്തിനായാലും ഇപ്പോള്‍ പ്രകടമാക്കപ്പെട്ടുവരുന്ന പ്രത്യാഘാതങ്ങള്‍ നല്കുന്ന സൂചനകള്‍ ഇതാണ്. ആഗോളവല്ക്കരണത്തിലൂടെ ലോകം കയ്യടക്കാമെന്ന വ്യാമോഹം വച്ചുപുലര്‍ത്തിയിരുന്ന ആഗോള ധനകാര്യസ്ഥാപനങ്ങള്‍ക്കും അവര്‍ക്ക് പ്രോത്സാഹനം നല്കി വന്നിരുന്ന പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ക്കും തങ്ങള്‍ പയറ്റിയ ഈ തന്ത്രം ‘ബൂമറാങ്ങ്’ പോലെയായിരിക്കുന്നു എന്നതാണ് വസ്തുത. ഏതൊരു രാജ്യവും വലിപ്പചെറുപ്പ ഭേദമില്ലാതെ സമീപകാലത്ത് രൂപപ്പെടുത്തിവരുന്ന വികസന മാതൃകയുടെ കാതല്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ്. അതായത് സായുധ, ധനശാസ്ത്ര ‘വെപ്പണൈസേഷനെ’ ഏതുവിധേനയും ചെറുത്തു തോല്പിക്കുക എന്നതുതന്നെ.


ഇതുകൂടി വായിക്കൂ: വരുന്നു, മറ്റൊരു സാമ്പത്തിക കൊടുങ്കാറ്റ്


ഇന്ത്യയുടെ പേടിസ്വപ്നത്തിന് മറ്റൊരു മാനംകൂടി കൈവന്നിരിക്കുന്നു. ഒറ്റപ്പെടലിന് വിധേയമാക്കപ്പെടുമോ എന്ന് ആശങ്കപ്പെടുന്ന പുട്ടിന്റെ റഷ്യ, ബെയ്ജിങ്ങുമായും ഇസ്‌ലാമാബാദുമായും ഒരേസമയം ചങ്ങാത്തത്തിലാകാന്‍ കിണഞ്ഞു പരിശ്രമിച്ചുവരുന്നു എന്നതാണിത്. ആദ്യം ജോര്‍ജിയയും തുടര്‍ന്ന് ക്രിമിയയും നേരിട്ടതുപോലൊരു അവഗണനയാണ് നാറ്റോ — യൂറോപ്യന്‍ യൂണിയന്‍ ശക്തികളില്‍ നിന്നും ഇപ്പോള്‍ ഉക്രെയ്‌നും നേരിട്ടുവരുന്നതും. ശക്തനായൊരു അയല്‍വാസിയില്‍ നിന്നും ഭീഷണി ഉണ്ടാകുമ്പോള്‍ തങ്ങളുടെ സഹായത്തിനെത്തുമെന്ന് വലിയതോതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നവര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്യുന്നില്ലെന്ന ദയനീയാവസ്ഥയിലാണ് ഉക്രെയ്‌ന്‍ ഭരണാധികാരികള്‍. സൈനിക സഹായം വാഗ്ദാനമായി കിട്ടും. ആക്രമണമുണ്ടായാല്‍ ഒറ്റക്കുതന്നെ നേരിടേണ്ടതായി വരുമെന്നു മാത്രം. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങളൊന്നും ഫലവത്താകുന്നില്ല എന്ന് ഇതിനകം വ്യക്തമായിരിക്കുന്നു. ചൈനക്കെതിരായി ഇന്ത്യ സാമ്പത്തിക ഉപരോധങ്ങളെടുത്താലും മറിച്ചായിരിക്കില്ല സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളു.

ഇന്ത്യാ — റഷ്യാ ബന്ധങ്ങളില്‍ മുന്‍കാലത്തുണ്ടായിരുന്നു എന്ന് നാം കണക്കുകൂട്ടിയിരുന്ന സൗഹൃദമൊന്നും മോഡി — പുട്ടിന്‍ ബന്ധങ്ങളില്‍ ഇപ്പോള്‍ ദൃശ്യമല്ല. സോവിയറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്നപ്പോള്‍ റഷ്യയായിരുന്നു ഇന്ത്യയുടെ ഏറ്റവും ശക്തനായ സാമ്പത്തിക പങ്കാളി. എന്നാല്‍, ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ളത് പരിമിതമായ വ്യാപാര ബന്ധങ്ങള്‍ മാത്രമാണ്. സൈനികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും എണ്ണയും ഇറക്കുമതി ചെയ്യുക എന്നതില്‍ ഈ ബന്ധം ഏറെക്കുറെ പരിമിതപ്പെട്ടുപോയിരിക്കുന്നു. ഉപരോധങ്ങള്‍ക്കു വിധേയമാക്കപ്പെട്ട റഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പഴയതുപോലെ വിദേശവ്യാപാരവുമായി ബന്ധപ്പെട്ട പ്രതിബദ്ധത തൃപ്തിപ്പെടുത്താന്‍ കഴിയുമെന്ന് ഇന്ത്യ ഉറപ്പാക്കാതിരിക്കുന്നതാണ് യുക്തിസഹമായിരിക്കുക. മാത്രമല്ല ഇന്ത്യയും ചൈനയും തമ്മിലടിക്കുന്നപക്ഷം യു എന്‍ രക്ഷാസമിതിയില്‍ റഷ്യയുടെ ബെയ്ജിങ് വിരുദ്ധ വീറ്റോ പ്രതീക്ഷിക്കുന്നതും അസ്ഥാനത്താകാനാണ് സാധ്യത. അതോടെ രാജ്യരക്ഷയ്ക്കായി പ്രതീക്ഷിച്ചിരുന്ന കവചം നമുക്കു നഷ്ടപ്പെടുകയായിരിക്കും ചെയ്യുക.


ഇതുകൂടി വായിക്കൂ: സാമ്പത്തിക സർവേയില്‍ കേരളത്തിന്റെ നേട്ടങ്ങളും


ഇന്ത്യക്ക് ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുക ഒരുകാര്യം മാത്രമായിരിക്കും. പാശ്ചാത്യ രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് നൃത്തംവയ്ക്കുകയും സ്വന്തം താല്പര്യ സംരക്ഷണാര്‍ത്ഥമുള്ള നടപടികള്‍ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ സ്വീകരിക്കുകയും ചെയ്യുക. രണ്ടും ഒരേസമയം വേണ്ടിവരുമെന്ന വിചിത്ര പ്രതിഭാസവും ഉണ്ടാകും. എന്നിരുന്നാല്‍ത്തന്നെയും ഇന്ത്യ വളരെക്കാലമായി സ്തുത്യര്‍ഹമായ വിധത്തില്‍ പിന്തുടര്‍ന്നു വന്നിരുന്ന നെഹ്‌റു — കൃഷ്ണമേനോന്‍ പാരമ്പര്യത്തിലുള്ള വിദേശനയം പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ എത്രമാത്രം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. വര്‍ഗവിവേചനത്തിനും കോളനിവാഴ്ചക്കുമെതിരായി നിരന്തരം പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ആ വിദേശനയം അതിന്റെ തനിരൂപത്തിലും ഭാവത്തിലും നടപ്പാക്കുക ദുഷ്കരമായിരിക്കും.

ഒരുകാര്യം വ്യക്തമാണ്. നെഹ്രുവിയൻ ചേരിചേരാ വിദേശനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഇന്ത്യന്‍ ഭരണകൂടം നിര്‍ബന്ധിതമാവുകതന്നെ ചെയ്യും. അതേ അവസരത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം വലിയൊരളവില്‍ പിന്തുടരേണ്ടിവരുമെന്നതും ഉറപ്പാണ്. ഈ അര്‍ത്ഥത്തില്‍ നിരീക്ഷിക്കുമ്പോള്‍ ആഗോളീകരണ, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍‍ തിരുത്തലുകള്‍ക്ക് വിധേയമാക്കാതെ തരമില്ലാതാവുകയും ചെയ്യും. ഊര്‍ജ്ജമേഖലയില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന മോഡിയുടെ ലക്ഷ്യം കൈവരിക്കുക എന്നതും ശ്രമകരമായിരിക്കാനാണ് സാധ്യത. ഇവിടെ ഇറക്കുമതിയെത്തന്നെ ആശ്രയിക്കേണ്ടിവരും. ആഭ്യന്തര ഉല്പാദന വര്‍ധന വന്‍തോതില്‍ ഉയര്‍ത്താതെ ഊര്‍ജ്ജമേഖലയില്‍ സ്വയംപര്യാപ്തത സാധ്യമാവില്ല. ഇറക്കുമതി ഉപേക്ഷിക്കുകയും ആഭ്യന്തരോല്പാദനം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, സമ്പദ്‌വ്യവസ്ഥ വലിയൊരു പ്രതിസന്ധിയിലകപ്പെടും.


ഇതുകൂടി വായിക്കൂ: സാമ്പത്തിക സർവേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍; ജിഡിപി തളരുന്നു


ഇന്ത്യയുടെ ആയുധനിര്‍മ്മാണ മേഖലയുടെ കാര്യവും ഏറെ ഭിന്നമല്ല. തേജസ് എന്‍ജിന്‍ നിര്‍മ്മിക്കുന്നത് ജനറല്‍ ഇലക്ട്രിക് ആണെങ്കില്‍ ഇന്ത്യന്‍ നേവല്‍ ഷിപ്പുകളുടെ എന്‍ജിനുകള്‍ക്കായി നാം ആശ്രയിക്കുന്നത് ഉക്രെയ്‌നെയാണ്. ഇതിനു പുറമെ, മറ്റു നിരവധി മേഖലകളുമായി ബന്ധപ്പെട്ട കുരുക്കുകളും ഉണ്ട്. ഇതിന്റെ അര്‍ത്ഥം വിവിധ മേഖലകളില്‍ ആഭ്യന്തര സാങ്കേതിക വിദ്യയുടെ വികസനം ഉപേക്ഷിക്കണമെന്നോ അതില്‍ മെല്ലെപ്പോക്കുപോലും ആകാമെന്നൊ അല്ല. പരിമിതികള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയെങ്കിലും വേണം. ഔഷധ നിര്‍മ്മാണ മേഖലയെടുത്താല്‍ ഇന്ത്യയിലെ ജെനറിക് ഔഷധ നിര്‍മ്മാണത്തിനാവശ്യമായ ഇന്‍പുട്ടുകളില്‍ 70 ശതമാനവും ചൈനയില്‍ നിന്നാണിപ്പോഴും ഇറക്കുമതി ചെയ്യുന്നത്.

അതേ അവസരത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സത്വര വികസനവും വ്യാപകമായ വിനിയോഗവും ഒരുതരത്തിലും അവഗണിക്കപ്പെടാനാവുന്നതല്ല. ഉദാഹരണത്തിന് സാമാന്യ വിദ്യാഭ്യാസമുള്ള ഗ്രാമപ്രദേശങ്ങളിലും നഗരമേഖലയില്‍ ആകെത്തന്നെയും പ്രചരണം സിദ്ധിച്ചിരിക്കുന്ന ആഭ്യന്തരമായി വികസിപ്പിച്ചെടുത്തിട്ടുള്ള യൂണിഫൈഡ് പേയ്|മെന്റ്സ് ഇന്റര്‍ഫേസ്’ (യുപിഐ) എന്ന വിനിമയ ഇടപാടു സംവിധാനം അമേരിക്കന്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം’ (ജിപിഎസ്) എന്നതിനു തുല്യമായൊരു ഏര്‍പ്പാടായി മാറിയിരിക്കുന്നു എന്നത് നിസാരമായി കാണരുത്. മൊബൈല്‍ ഫോണുകള്‍ മുതല്‍ കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ വരെയുള്ള വിവിധ മേഖലകളില്‍ ഈ പേയ്|മെന്റ് സംവിധാനം ഗുണകരമായി മാറിയിരിക്കുന്നു. ഈ വ്യാപനം ക്രമേണ ബഹിരാകാശത്തേക്കും ഉണ്ടായേക്കാം. ഈ സംവിധാനത്തിന് വികസന സാധ്യതകളും അനന്തമാണ്. ഡാറ്റാ ശേഖരണത്തിനും വിശകലനത്തിനും വിനിയോഗത്തിനും നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനും ഈ മാതൃകയിലുള്ള വെപ്പണൈസേഷനാണെങ്കില്‍ സ്വാഗതം ചെയ്യപ്പെടുകയും വേണം.

(അവസാനിച്ചു)

Exit mobile version