Site icon Janayugom Online

വൈദ്യുതിയില്ല; മുതലയുമായി കര്‍ഷകരുടെ പ്രതിഷേധം

തുടര്‍ച്ചയായ പവര്‍കട്ടിനെതിരെ വ്യത്യസ്ത സമരമുറയുമായി കര്‍ണാടകയിലെ കര്‍ഷകര്‍. ജീവനുള്ള മുതലയുമായെത്തിയാണ് കര്‍ഷകര്‍ പവര്‍ ഹൗസിന് മുന്നില്‍ സമരം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വിജയപുര ജില്ലയിലെ ഹെസ്കോം പവര്‍ സ്റ്റേഷന് മുന്നില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊല്‍ഹാര താലൂക്കിലെ റൊണിഹാല്‍ ഗ്രാമത്തിലെ കര്‍ഷകരാണ് വൈദ്യുത പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം നടത്തിയത്. വൈദ്യുത പ്രതിസന്ധിയില്‍ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരത്തിലുള്ള സമരം നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം. വൈദ്യുതി ഓഫിസിലെ വാതിലിന് മുന്നിലേക്ക് മുതലയെ കൊണ്ടുവരുകയായിരുന്നു. വലിയ വാഹനത്തിലെത്തിച്ച മുതലയെ ഓഫിസിന് മുന്നില്‍ ഇറക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

വൈദ്യുതിയുടെ അഭാവത്തില്‍ പാമ്പുകള്‍, മുതല തുടങ്ങിയ ഇഴജന്തുക്കള്‍ ഗ്രാമീണവാസികളുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചാണ് പ്രതിഷേധം. കടുത്ത ഭക്ഷ്യക്ഷാമം തുടരുന്നതിനിടെ പലജീവികളും വിളകള്‍ നശിപ്പിക്കുന്നത് തുടരുകയാണെന്നും അവര്‍ പറഞ്ഞു. കയറില്‍ കെട്ടിയ നിലയിലാണ് മുതലയെ കൊണ്ടുവന്നത്. തുടര്‍ന്ന് വനപാലകരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് മുതലയെ രക്ഷപ്പെടുത്തി. കടുത്ത വൈദ്യുത ക്ഷാമമാണ് സംസ്ഥാനത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ മാസം മാത്രം 16,000 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ആവശ്യമായി വന്നു.

Eng­lish Sum­ma­ry: Farm­ers bring croc­o­dile to protest pow­er cuts in Karnataka
You may also like this video

Exit mobile version