Site iconSite icon Janayugom Online

മ്യാന്‍മറില്‍ സൈന്യത്തിന്റെ വ്യോമാക്രമണം: 34 മരണം

മ്യാന്‍മര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വംശീയ വിമത ഗ്രൂപ്പായ അരക്കാന്‍ ആര്‍മിയുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി തകര്‍ന്ന് രോഗികളും മെഡിക്കല്‍ ജീവനക്കാരും അടക്കം 34 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. വിമത സേനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന റാഖൈന്‍ സംസ്ഥാനത്തെ മ്രൗക്-യു ടൗണ്‍ഷിപ്പില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ബോംബ് സ്‌ഫോടനങ്ങളില്‍ ആശുപത്രി കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടാക്‌സികളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മ്യാന്‍മറില്‍ ആഭ്യന്തര യുദ്ധം തുടരുന്നതിനാല്‍ റാഖൈനിലെ മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. പ്രദേശത്തെ ഏക പ്രാഥമിക മെഡിക്കല്‍ കേന്ദ്രമാണ് ബോംബാക്രമണത്തില്‍ തകര്‍ന്നത്.യാങ്കോണിന് ഏകദേശം 530 കിലോ മീറ്റര്‍ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മ്രൗക്-യു കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അരാക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. 

മ്യാന്‍മര്‍ ഭരണകൂടത്തില്‍ നിന്ന് കൂടുതല്‍ സ്വയംഭരണാവകാശം ആവശ്യപ്പെടുന്ന റാഖൈന്‍ വംശീയ പ്രസ്ഥാനത്തിന്റെ സായുധ വിഭാഗമാണ് അരാക്കന്‍ ആര്‍മി. ചരിത്രപരമായി അരാക്കന്‍ എന്നറിയപ്പെടുന്ന റാഖൈന്‍ 2017 ലെ സൈനിക നടപടിയുടെ പ്രഭവ കേന്ദ്രമായിരുന്നു. അന്ന് ഏകദേശം 7,40,000 റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യപ്പെട്ടു. എന്നാലും ബുദ്ധമതക്കാരായ റാഖൈന്‍ ജനതയും റോഹിംഗ്യന്‍ സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. 

Exit mobile version