ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളും ഭൂമിയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിനുള്ള കേന്ദ്ര പദ്ധതിക്ക് ആക്കം കൂട്ടാന്‍ സൈന്യവും രംഗത്ത്. ഇതിന്റെ ഭാഗമായി മിനിക്കോയ് ദ്വീപില്‍ തിരക്കിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സൈനിക ത്താവളം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മാര്‍ച്ച് ആദ്യവാരം ഉദ്ഘാടനം ചെയ്യും. ഐഎന്‍എസ് ജഡായു എന്നാകും ഈ പട്ടാളത്താവളത്തിന്റെ പേര്. ഇതിനു പുറമേ വൈകാതതന്നെ അഗത്തി ദ്വീപില്‍ മറ്റൊരു സൈനികത്താവളവും തുടങ്ങും. ബിന്ദ്ര, അന്ത്രോത്ത്, കവരത്തി ദ്വീപുകളില്‍ നിലവിലുള്ള നാവികസേനാ കേന്ദ്രങ്ങള്‍ക്കു പുറമെ ദ്വീപിന്റെ സംരക്ഷണത്തിനായി ദ്വീപു സുരക്ഷ എന്ന നാവിക സുരക്ഷാ സംവിധാനവും ഇവിടെ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനെല്ലാമിടയില്‍ മിനിക്കോയിയിലും അഗത്തിയിലും കര, കടല്‍, വ്യോമസേനകളുടെ മറ്റ് രണ്ട് താവളങ്ങള്‍ കൂടി ആരംഭിക്കുന്നതിന് പിന്നില്‍ ബഹുമുഖ കുതന്ത്രങ്ങളാണുള്ളതെന്ന് സിപിഐ ലക്ഷദ്വീപ് സെക്രട്ടറി ബി ടി നജുമുദീന്‍ സംസ്ഥാന കമ്മിറ്റി അംഗം പി പി വാജിസും മുന്നറിയിപ്പ് നല്‍കുന്നു. ദേശീയ സുരക്ഷയ്ക്കുവേണ്ടിയാണ് സൈനികതാവളങ്ങള്‍ എന്ന വാദമാണ് പുതിയ താവളങ്ങളുടെ നിര്‍മ്മാണത്തിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
ഇതിനുവേണ്ടി ബന്ധപ്പെട്ട നിയമമനുസരിച്ച് എത്ര ഭൂമി വേണമെങ്കിലും ഏറ്റെടുക്കാം. രണ്ട് നിര്‍ദിഷ്ട താവളങ്ങള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കലും കുടിയൊഴിപ്പിക്കലും ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. കൂടുതല്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞാല്‍ കൂടുതല്‍ വരുന്ന ഭൂമി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കച്ചവടമടിക്കാനുള്ള തന്ത്രമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ദ്വീപുകാര്യ വിദഗ്ധനായ മിസ് ബഹ ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷാ വിഷയം ഉയര്‍ത്തി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഭൂമി ഏറ്റെടുക്കുന്ന ദൗത്യം കേന്ദ്ര പ്രതിരോധ മന്ത്രാലയം തന്നെ ഏറ്റെടുക്കുന്നതില്‍ ദ്വീപില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മിനിക്കോയിയിലെ സൈനികത്താവളം ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രതിരോധമന്ത്രിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ സിപിഐ അടക്കമുള്ള രാഷ്ട്രീയ കക്ഷികളും വിവിധ സാമൂഹ്യ – സാംസ്കാരിക സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. ദ്വീപിന്റെ സുരക്ഷ ഇപ്പോള്‍ത്തന്നെ അതീവ ഭദ്രമാണെങ്കിലും കൂടുതല്‍ താവളങ്ങളുടെ പേരിലുള്ള കുടിയൊഴിപ്പിക്കല്‍ കോര്‍പറേറ്റുകള്‍ക്ക് ഭൂമി കച്ചവടത്തിനാണെന്ന ആദ്യ സൂചനകളും ലഭിച്ചുകഴിഞ്ഞു.
മിനിക്കോയിയിലും അഗത്തിയിലും പുതിയ സൈനികത്താവളങ്ങള്‍ക്കെന്ന പേരില്‍ ഏറ്റെടുത്ത ഭൂമിയില്‍ നല്ലൊരു പങ്ക് രഹസ്യമായി ഇതിനകം അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനും അഡാനിയുടെ കമ്പനിക്കും കൈമാറ്റം ചെയ്തുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍ദിഷ്ട സൈനികത്താവളങ്ങളുടെ ഭാഗമായി ദ്വീപില്‍ നിര്‍മ്മിക്കുന്ന വിമാനത്താവള റണ്‍വേകള്‍ ദ്വീപസമൂഹത്തിനെയാകെ പരിസ്ഥിതിലോലത കൂടുതല്‍ തകര്‍ക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഒരു യുദ്ധവിമാനം റണ്‍വേയിലിറങ്ങുമ്പോള്‍ 10000 കിലോ ഭാരത്തിന്റെ ആഘാതമാണ് ഭൂമിയിലുണ്ടാവുക. പവിഴപ്പുറ്റുകള്‍ക്ക് മുകളില്‍ രൂപം കൊണ്ടവയാണ് ലക്ഷദ്വീപ് സമൂഹം. നിരന്തരമായ ആഘാതത്തില്‍ പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുപോകുമെന്നും ഇത് ദ്വീപുകളുടെ നിലനില്പിനുതന്നെ ഭീഷണിയാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും അഡാനി ഗ്രൂപ്പും ലക്ഷ്യമിടുന്നത് ട്യൂണ മത്സ്യബന്ധനമാണ്. ലോകത്ത് ഏറ്റവുമധികം ട്യൂണയുള്ളത് ലക്ഷദ്വീപിനു സമീപത്തെ അഞ്ച് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ അറബിക്കടലിലാണ്. ലക്ഷദ്വീപുകാര്‍ പ്രതിവര്‍ഷം വലയിലാക്കുന്നത് 12,000 ടണ്‍ ട്യൂണയാണ്. ട്യൂണ സമ്പത്തിന്റെ വെറും അഞ്ച് ശതമാനം മാത്രം. ഇത് ലക്ഷ്യമിട്ടാണ് അംബാനി — അഡാനിമാരുടെ രംഗപ്രവേശം. ലക്ഷദ്വീപ് നിവാസികളുടെ മുഖ്യ ഉപജീവനമാര്‍ഗം മത്സ്യബന്ധനമായതിനാല്‍ കോര്‍പറേറ്റ് ഭീമന്മാരുടെ രംഗപ്രവേശം ദ്വീപുവാസികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടലാകും.
ആയിരത്തോളം യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും നൂറുകണക്കിന് വള്ളങ്ങളുമാണ് ഇതുമൂലം കരയില്‍ ജീര്‍ണിച്ച് നശിക്കാന്‍ പോകുന്നത്. മത്സ്യബന്ധന കുത്തക സ്വയം ഏറ്റെടുക്കുന്ന അഡാനിയും അംബാനിയുമാവും ഇനിമേല്‍ ട്യൂണയുടെ വില നിര്‍ണയിക്കുന്നതും. ദ്വീപു നിവാസികളുടെ മേലുള്ള കേന്ദ്രത്തിന്റെയും കോര്‍പറേറ്റ് കൊമ്പന്‍ സ്രാവുകളുടെയും അധിനിവേശം ഒരു ജനതയുടെ വംശഹത്യക്കാണ് വരാനിരിക്കുന്ന നാളുകള്‍ സാക്ഷ്യം വഹിക്കുക.
English Summary: Army base in Lakshadweep Ambani and Adani buy islands
You may also like this video