Site iconSite icon Janayugom Online

കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഒരുമാസം നീട്ടി

കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ സര്‍വീസ് കാലാവധി ഒരുമാസം നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഈമാസം 31 ന് വിരമിക്കേണ്ട പാണ്ഡെയുടെ കാലാവധി നീട്ടിനല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിരോധ മന്ത്രാലയ സമിതി തീരുമാനമെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ ജൂണ്‍ നാലിന് ശേഷം അടുത്ത സര്‍ക്കാരാകും തീരുമാനിക്കുക.
രാജ്യത്ത് ഇത് രണ്ടാം തവണയാണ് കരസേന മേധാവിയുടെ സേവനം നീട്ടി നല്‍കുന്നത്. 1975 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ ഭരണകാലത്ത് ജിജി ബൂവര്‍ക്കാണ് നേരത്തെ സേവനം നീട്ടി നല്‍കിയത്. സാധാരണയായി സേനാമേധാവികള്‍ സ്ഥാനമൊഴിയുന്നതിന് ആഴ്ചകള്‍ക്ക് മുമ്പുതന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കാറുണ്ട്. 

സീനിയോറിട്ടി പ്രകാരം കരസേന ഉപമേധാവിയായ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിക്കാണ് അടുത്ത കരസേന മേധാവി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. സതേണ്‍ ആര്‍മി കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ അജയ് കുമാര്‍ സിങ്ങ്, സെന്‍ട്രല്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എന്‍ എസ് രാജാ സുബഹ്മണി എന്നിവര്‍ഉപമേധാവി സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നു. ഉപേന്ദ്ര ദ്വിവേദി, അജയ് കുമാര്‍ സിങ് എന്നിവര്‍ ഒരേ ബാച്ചില്‍പ്പെട്ടവരാണ്. കമ്മിഷനിങ് തീയതി പ്രകാരമാണ് ദ്വിവേദി സീനിയോറിട്ടിയില്‍ ഒന്നാം സ്ഥാനക്കാരനായത്. അതേസമയം നിയമപ്രകാരം കരസേനയുടെ ഏഴ് കമാൻഡുകളിലെ ഏത് കമാൻഡർക്കും സേനാമേധാവിയായി ചുമതലയേൽക്കാനാകും. 

1954 ലെ കരസേന നിയമം 16എ(4) അനുസരിച്ചാണ് മനോജ് പാണ്ഡെയുടെ കാലാവധി നീട്ടിയിരിക്കുന്നത്. 1982 ലാണ് മനോജ് പാണ്ഡെ കരസേന എന്‍ജീനിയറിങ് വിഭാഗത്തില്‍ ഓഫിസറായി ചേര്‍ന്നത്. 2022 ഏപ്രിലിലാണ് 29-ാം സൈനിക മേധാവിയായി ചുമതലയേറ്റത്.

Eng­lish Summary:Army Chief Gen­er­al Manoj Pandey’s tenure extend­ed by one month
You may also like this video

Exit mobile version