ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രചരണായുധങ്ങളില്‍ ഒന്നാണ് ഇന്ത്യയുടെ പ്രതിരോധരംഗവും അതിലൂടെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുന്ന ദേശീയ വികാരവും. അതിര്‍ത്തികളിലെ സുരക്ഷ, ഭീകരവാദം എന്നിവയെല്ലാം അവരുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചരണമാണ്. ദേശീയവികാരം മുറ്റി നില്‍ക്കുന്ന രാജ്യത്തെ വലിയൊരു വിഭാഗത്തെ ഇത്തരം പ്രചരണങ്ങളിലൂടെ ഉത്തേജിപ്പിക്കാമെന്നും അത് വോട്ടാക്കി ഉപയോഗിക്കാമെന്നും നല്ല ബോധ്യമുള്ളതുകൊണ്ടാണ് ഈ പ്രചരണരീതി അവര്‍ എല്ലായ്പോഴും അവലംബിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും ജനങ്ങള്‍ക്ക് മുഴുവനായും വന്‍ ആഘാതമേല്പിച്ച നോട്ടുനിരോധനത്തെയും ഭീകരവാദം തടയാനെന്ന പേരില്‍ ദേശീയ വികാരം ഉത്തേജിപ്പിക്കാനാണ് ഉപയോഗിച്ചത് എന്ന് നാമോര്‍ക്കണം. ഭീകരവാദത്തെ തടയുന്നതിന് എന്ന പേരിലായതുകൊണ്ടാണ് ആ വിഷയത്തില്‍ വലിയ ജനവിഭാഗം ക്ഷമിച്ചതുപോലും. പിന്നീട് അതിര്‍ത്തി സമാധാന പൂര്‍ണമാക്കിയെന്നും കശ്മീരിലെ ഭീകരത പൂര്‍ണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നുമൊക്കെ വലിയ വായില്‍ കേന്ദ്ര ഭരണാധികാരികളും ബിജെപി നേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടയ്ക്കിടെ അതിര്‍ത്തികളില്‍ അതിക്രമങ്ങള്‍ ആവര്‍ത്തിച്ചു. മുമ്പ് പാക് അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയായിരുന്നു വലിയ വെല്ലുവിളിയെങ്കില്‍ ചൈനയുടെയും നേപ്പാളിന്റെയും മ്യാന്‍മറിന്റെയും സൈനികര്‍ അതിര്‍ത്തി കടന്നുകയറി ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കയ്യടക്കുന്നുവെന്ന വാര്‍ത്തകള്‍ വ്യാപകമായി. ചൈന നമ്മുടെ രാജ്യത്തിന്റെ ചില ഗ്രാമങ്ങള്‍ തന്നെ കയ്യടക്കി. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ഇന്ത്യന്‍ സൈന്യത്തിന് ഏറ്റുമുട്ടേണ്ടിയും ആള്‍നാശമുണ്ടാകുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. അപ്പോഴും നെഞ്ചളവ് കാട്ടി നമ്മുടെ ഭരണാധികാരികള്‍ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഇതുകൂടി വായിക്കൂ: ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം
അതിര്‍ത്തികള്‍ക്കൊപ്പം അകവും ശുദ്ധീകരിക്കണമെന്നുപറഞ്ഞ് കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം, പാര്‍ലമെന്റില്‍ തങ്ങള്‍ക്കുള്ള മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് റദ്ദാക്കുകയും ചെയ്തു. അതിനുശേഷം അടച്ചുപൂട്ടിയ കശ്മീരിനെക്കുറിച്ച് ജനങ്ങള്‍ അജ്ഞാതരായിരുന്നു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ വിവരവിനിമയ സംവിധാനങ്ങള്‍ തടഞ്ഞ്, സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളും വാര്‍ത്തകളും മാത്രം അറിയുകയെന്നതായി സാഹചര്യം. യഥാര്‍ത്ഥ വാര്‍ത്തകള്‍ പുറത്തെത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. അപ്പോഴൊക്കെയും അവര്‍ നല്‍കിക്കൊണ്ടിരുന്നത് കശ്മീര്‍ മാറിയെന്നും ഭീകരത കുറഞ്ഞുവെന്നും സമാധാനപൂര്‍ണമാണ് താഴ്‌വരയിലെ കാര്യങ്ങള്‍ എന്നുമായിരുന്നു. എന്നാല്‍ ഈ കണക്കുകളെയും വിവരങ്ങളെയും സംശയിക്കാവുന്ന രണ്ട് വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു. ഒന്ന് ഇന്ത്യയുടെ സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ നടത്തിയ വാര്‍ഷിക വാര്‍ത്താ സമ്മേളനമാണ്. രണ്ടാമത്തേത് മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ ആത്മകഥയും. അതുപക്ഷേ ഭരണകൂടം തടഞ്ഞുവച്ചിരിക്കുകയാണ്. എങ്കിലും ബിജെപി സര്‍ക്കാരിന്റെ പല അവകാശവാദങ്ങളെയും അറിഞ്ഞോ അറിയാതെയോ അവ രണ്ടും പൊളിക്കുന്നുണ്ട്.
ഇതുകൂടി വായിക്കൂ: പ്രവാസികളെ ചങ്ങലയ്ക്കിട്ട് കേന്ദ്രം
രജൗരി-പൂഞ്ച് മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചിരിക്കുന്നുവെന്നാണ് ജനറൽ മനോജ് പാണ്ഡെ പറയുന്നത്. നിയന്ത്രണരേഖയിലും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരുന്നുണ്ട്, എന്നാല്‍ സൈന്യത്തിന് ഇത്തരം നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാനാകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ 2020ലാണ് സംഘർഷം ആരംഭിച്ചത്. അത് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്രതലങ്ങളിൽ ചർച്ചകൾ തുടരുകയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. വടക്കൻ അതിർത്തിയിലെ സ്ഥിതി ഭദ്രമാണെങ്കിലും സങ്കീര്‍ണമാണെന്നും അതീവ ജാഗ്രത അനിവാര്യമാണെന്നും വിശദീകരിക്കുന്ന ജനറല്‍ പാണ്ഡെ ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധം സാധാരണഗതിയിലല്ലെന്നും ഇന്ത്യ‑മ്യാൻമർ അതിർത്തിയിലെ സ്ഥിതി ആശങ്കാജനകമാണെന്നും സമ്മതിക്കുന്നു. മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ ആത്മകഥയിലെ പുറത്തുവന്നിരിക്കുന്ന ഭാഗങ്ങളും കേന്ദ്രത്തിന്റെ അവകാശ വാദങ്ങളെ സംശയാസ്പദമാക്കുന്നുണ്ട്. സൈന്യത്തിലേക്ക് താല്‍ക്കാലികമായി പൗരന്മാരെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതി വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് നടപ്പിലാക്കിയതെന്ന് നരവനെ വെളിപ്പെടുത്തുന്നു. 2020 ഓഗസ്റ്റിൽ കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന നടത്തിയ നീക്കം ഔദ്യോഗികജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് വെളിപ്പെടുത്തിയ നരവനെ വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വ്യക്തമായ നിര്‍ദേശം നല്‍കാതെ ഉചിതമെന്ന് തോന്നുന്നത് ചെയ്യുക എന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചതെന്ന് ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രത്തിന് അനിഷ്ടമാകുന്ന വെളിപ്പെടുത്തലുണ്ട് എന്നതുകൊണ്ട്, ആത്മകഥയുടെ പ്രസിദ്ധീകരണം വൈകുകയാണ്. ദേശീയവികാരം ഉത്തേജിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.