Site icon Janayugom Online

പാകിസ്ഥാനില്‍ സെെനിക അട്ടിമറി നീക്കം: ഇമ്രാൻഖാന്റെ രാജി ആവശ്യപ്പെട്ട് സൈനിക മേധാവി

പാകിസ്ഥാനില്‍ സെെ­നിക അട്ടിമറി നീക്കത്തിന് സൂചന. അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ പ്ര­ധാ­ന­മന്ത്രി ഇമ്രാൻഖാനോട് രാജിവയ്ക്കാൻ സൈനികമേധാവി ഖമർ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്റെ (ഒഐസി) ഈ മാസം നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നൽകണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച ആരംഭിക്കുന്ന യോഗം ബുധനാഴ്ചയാണ് അവസാനിക്കുക. ബജ്‍വയും മൂന്നു മുതിർന്ന സൈനിക ജനറൽമാരുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ചാരസംഘടനകളുടെ മേധാവിയായ നദീം അന്‍ജൂവുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു സെെനിക മേധാവിയുടെ യോഗം. ഇമ്രാന്‍ഖാനെ തുടരാന്‍ അനുവദിക്കേണ്ടെന്ന തീരുമാനമാണ് യോഗത്തിലുണ്ടായതെന്നാണ് വിവരം.

നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാൻ സർക്കാരാണെന്നാരോപിച്ച് മാർച്ച് എട്ടിനാണ് പാകിസ്ഥാൻ മുസ്‌ലിം ലീഗ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്‌ ഇ ഇൻസാഫ്‌ പാർട്ടിയുടെ 24 വിമത എംപിമാർ പ്രമേയത്തിനനുകൂലമായി വോട്ടുചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇമ്രാൻ സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാകുകയായിരുന്നു. വിമത എംപിമാരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 28 നാകും പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുക.

സമ്മേളന കാര്യപരിപാടികളിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഉൾപ്പെടുത്തിയില്ലെങ്കിൽ ദേശീയ അസംബ്ലിക്കു മുന്നിൽ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഐസി യോഗം ഇതേ ഹാളിലാണ് നടക്കുക. അതിനിടെ, സൈനികമേധാവി സ്ഥാനത്തുനിന്ന്‌ ഖമർ ജാവേദ് ബജ്‌വയെ നീക്കാൻ ഇമ്രാൻ ശ്രമിക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

342 സീറ്റുകളുള്ള പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്. ഇമ്രാൻഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്‌ ഇ ഇൻസാഫ്‌ പാർട്ടിക്കുമാത്രം 155 സീറ്റാണുള്ളത്‌.

സ്വന്തം പാർട്ടിയിലെ 24 എംപിമാർ സർക്കാരിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ അവിശ്വാസം വോട്ടിനിട്ടാൽ ഇമ്രാന്റെ കസേര തെറിക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry:  Army coup in Pak­istan: Army chief demands Imran Khan’s resignation

You may like this video also

Exit mobile version