Site iconSite icon Janayugom Online

ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സൈന്യം

ഛത്തീസ്ഗഢിലും ഝാര്‍ഖണ്ഡിലും സുരക്ഷാ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ജില്ലയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലായിരുന്നു ഏറ്റുമുട്ടല്‍. ഇതുവരെ നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പി സുന്ദർരാജ് പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.

ഝാർഖണ്ഡില്‍ ഈ വര്‍ഷം മാത്രം 21 പേരെ മാവോയിസ്റ്റുകളെന്നാരോപിച്ച് സുരക്ഷാ സേന കൊന്നൊടുക്കിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ 2024–25 വർഷത്തിൽ 400ലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞമാസം അറിയിച്ചിരുന്നു. 2024ൽ ഛത്തീസ്ഗഢില്‍ 217 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. അതേസമയം മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വ്യാജ ഏറ്റുമുട്ടലുകളാണ് നടക്കുന്നതെന്നും ജീവന്‍ നഷ്ടപ്പെടുന്നതില്‍ ഭൂരിഭാഗവും സാധാരണക്കാരായ ഗ്രാമവാസികളാണെന്നും അവകാശ സംഘടനകള്‍ പറയുന്നു. 2026 മാർച്ച് 31നകം രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. 

Exit mobile version