കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യയും ചൈനയും. കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സാങ്ങ്, ഡെംചോക് മേഖലകളില്‍ നിന്നാണ് ഇരു രാജ്യങ്ങളുടെയും സൈന്യം പരസ്പര ധാരണ പ്രകാരം പിന്‍മാറിയതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
2020ല്‍ ഗല്‍വാനില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ഈ മേഖലയിലെ സൈനിക സാന്നിധ്യവും ആയുധ വിന്യാസവും ശക്തമാക്കിയത്. നിയന്ത്രണ രേഖയില്‍ നിന്ന് പിന്‍വാങ്ങുന്നതില്‍ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ചൈന ഇക്കാര്യം സ്ഥിരീകരിച്ചു. 2020 ആക്രമണത്തിനു മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ തീരുമാനം. മേഖലയില്‍ പട്രോളിങ്ങും പഴയപടി സ്ഥാപിക്കും. സേനാ പിന്മാറ്റം പൂര്‍ത്തിയായതായി ചൈനീസ് അംബാസിഡറും സ്ഥിരീകരിച്ചു.