Site iconSite icon Janayugom Online

അംഗീകാരത്തിന്റെ ഇരട്ടിമധുരവുമായി ആരോമൽ

2021 ലെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി അംഗീകാരത്തിന്റെ ഇരട്ടിമധുരവുമായി നാടിന് അഭിമാനമായിരിക്കുകയാണ് എൻജിനിയറിംഗ് വിദ്യാർത്ഥിയായ ആരോമൽ. ചാരുംമൂട് പറയംകുളം സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ മാവേലിക്കര താമരക്കുളം ചത്തിയറ ആതിരയിൽ ആനന്ദൻ പിള്ളയുടെയും ശശികലയുടെയും മകനായ ആരോമൽ അടൂർ എസ് എൻ ഐ ടി കോളേജ് ഒന്നാം വർഷമെക്കാനിക്കൽ ഓട്ടോമൊബൈൽ വിഭാഗം വിദ്യാർത്ഥിയാണ്.

8 സെന്റ് മീറ്റർ മാത്രം ഉയരമുള്ളതും കൈവള്ളയിൽ ഒതുങ്ങുന്നതുമായ ഗിറ്റാറിന്റെ ഏറ്റവും ചെറിയ രൂപം ഏറ്റവും ചുരുങ്ങിയ സമയമായ ഒരു മണിക്കൂർ കൊണ്ട് നിർമ്മിച്ചാണ് ആരോമൽ 2021 ൽ ഏഷ്യയിലെ തന്നെ താരമായത്. ചെറുപ്പം മുതൽ തന്നെ ആരോമൽ ബസുകളുടെയും വിമാനങ്ങളുടേയും സംഗീതോപകരണങ്ങളുടെയു മൊക്കെ ചെറിയ മോഡലുകൾ നിർമ്മിച്ച് ശ്രദ്ധ നേടിയിരുന്നു.

മാതാപിതാക്കൾക്കൊപ്പം സഹോദരി ആതിര ആനന്ദും ആരോമലിന് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. രണ്ടു മാസം മുമ്പായിരുന്നു ആരോമൽ ഗിറ്റാറിന്റെ വിശദാംശങ്ങൾ അധികൃതർക്ക് നൽകിയത്. ഇരട്ട നേട്ടത്തിനർഹനായ ആരോമലിനെ ഗ്രാമ പഞ്ചായത്ത് അനുമോദിക്കുമെന്ന് പ്രസിഡന്റ് ജി വേണു അറിയിച്ചു.

Exit mobile version