അരൂർ ഒളോർ മാങ്ങയ്ക്ക് ഭൗമസൂചിക പദവി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിക്കും കൃഷിവകുപ്പ് മന്ത്രിക്കും കത്ത് നൽകിയതായി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പുറമേരി പഞ്ചായത്തിലെ അരൂർ പ്രദേശത്താണ് അരൂർ ഒളോർ മാങ്ങ പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. അരൂർ ഒളോർ മാങ്ങയ്ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ജനങ്ങൾ എത്തുന്നുണ്ട്.
നല്ല രുചിയും ഗുണമേന്മയോടെ ലഭിക്കുന്നതും കാരണം വലിയ താല്പര്യമാണ് ഈ മാങ്ങയോട് ജനങ്ങൾക്കുള്ളത്. മെയ്-ജൂൺ മാസങ്ങളിൽ അരൂർ പ്രദേശങ്ങളിൽ ഒളോർ മാങ്ങ വിപണി സജീവമാണ്. മാങ്ങ പറിക്കുന്ന സ്ഥലത്ത് വച്ച് തന്നെ വിറ്റുപോകുന്ന അവസ്ഥയാണുള്ളത്. അരൂർ പ്രദേശവാസികളുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് അരൂർ ഒളോർ. കാലാവസ്ഥ മാറ്റവും കാലം തെറ്റി പെയ്യുന്ന മഴയും അരൂർ ഒളോർ മാങ്ങയുടെ ഉത്പാദനത്തിനെ ബാധിക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ മാവുകളെ പരിപാലിച്ചും ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്കരണ പദ്ധതികളിൽ ഉൾപ്പെടുത്തിയും അരൂർ ഒളോർ മാങ്ങയെ ലോക വിപണിയിൽ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ്. അരൂർ ഒളോർ മാങ്ങയുടെ ഭൗമസൂചിക പദവിക്കായുള്ള ശ്രമങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്നുണ്ട്. അരൂർ ഒളോർ മാങ്ങയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചാൽ വലിയ നേട്ടമായി മാറും.

