Site iconSite icon Janayugom Online

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ്; ആശങ്കയറിയിച്ച് അന്താരാഷ്ട്ര ഏജന്‍സികള്‍

teestateesta

ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ഏജന്‍സികള്‍. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെയുള്ള ശബ്ദമാണ് ടീസ്തയുടേതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തന പോരാളികളുടെ പ്രത്യേക പ്രതിനിധി മേരി ലാവ്‌ലോര്‍ ട്വിറ്ററില്‍ കുറിച്ചു.
മനുഷ്യാവകാശം നേടിയെടുക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് കുറ്റമല്ല, ടീസ്ത സെതല്‍വാദിനെ ഉടന്‍ വിട്ടയക്കണമെന്നും വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സെതല്‍വാദിന്റെയും ശ്രീകുമാറിന്റെയും അറസ്റ്റില്‍ ശക്തമായി അപലപിക്കുന്നതായി ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ പ്രതികരിച്ചു. സ‌ഞ്ജീവ് ഭട്ടിനെതിരെ ഗുജറാത്ത് പൊലീസ് കേസ് ഫയല്‍ ചെയ്തതിനെയും സംഘടന വിമര്‍ശിച്ചു. 1990 ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഭട്ട് ജീവപര്യന്തം ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്. ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയവരാണ് ഇവര്‍ മൂന്നുപേരും. പൊലീസ് ഇവരെ നിരന്തരം വേട്ടയാടുകയാണെന്നും കൗണ്‍സിലിന്റെ ഉപദേശകവിഭാഗം ഡയറക്ടര്‍ അജിത് സഹി പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണമാണിതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രതികരിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നേരെ ഇന്ത്യന്‍ സിവില്‍ സൊസൈറ്റി നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ടീസ്തയെ വിട്ടയക്കണമെന്നും ആംനസ്റ്റി ട്വീറ്റ് ചെയ്തു.
2002ലെ ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള 64 പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെതിരെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ജൂണ്‍ 24ലെ സുപ്രീം കോടതി വിധിക്കെതിരെ പ്രമുഖ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

Eng­lish Sum­ma­ry: Arrest of Teesta Setal­vad; Inter­na­tion­al agen­cies concerned

You may like this video also

YouTube video player
Exit mobile version