Site icon Janayugom Online

ടീസ്ത സെതൽവാദിന്റെ അറസ്റ്റ്: കോടതിവിധിക്കെതിരെ നിയമവിദഗ്ധര്‍

മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരുടെ അറസ്റ്റിന് വഴിവച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് നിയമവിദഗ്ധര്‍. 1963‑ലെ സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് വേഴ്സസ് മുഹമ്മദ് നയീം കേസിലെ വിധിക്ക് വിരുദ്ധമായ കോടതിയുടെ പരാമർശങ്ങളുടെ നിയമസാധുതയാണ് ചർച്ചചെയ്യപ്പെടുന്നത്.‘നീതി തേടുന്ന പ്രക്രിയയിൽ ഹര്‍ജിക്കാരുടെ ലക്ഷ്യങ്ങളെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ, ന്യായമായ നോട്ടീസ് നൽകി അവരുടെ ഭാഗം കേള്‍ക്കുക എന്നതാണ് ഉചിതമായ മാർഗം’ എന്ന് അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ വ്യക്തിയെ കേൾക്കാതെ നിഗമനത്തിലെത്തുന്നത് നിയമത്തിൽ അനുവദനീയമല്ല. സ്വാഭാവിക നീതിയുടെ നിഷേധമാകും അത്’-മാത്തൂർ കൂട്ടിച്ചേർത്തു.

പരാതിക്കാരുടെ അറസ്റ്റിലേക്ക് നയിച്ച സുപ്രീം കോടതി ബെഞ്ചിന്റെ ആരോപണങ്ങൾ അനുചിതമായി എന്ന് ഒരു മുന്‍ സുപ്രീം കോടതി പറഞ്ഞതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു. സെതൽവാദിനും സാകിയ ജാഫ്രിയ്ക്കും അവരുടെ വാദം അവതരിപ്പിക്കാനുള്ള അവസരത്തിന് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2004 ൽ, ബെസ്റ്റ് ബേക്കറി കലാപക്കേസിൽ ഗുജറാത്ത് സര്‍ക്കാറിനെ സുപ്രീം കോടതി കുറ്റപ്പെടുത്തിയിരുന്നു. സെതൽവാദിനും ജാഫ്രിക്കുമെതിരെയും അതേരീതിയിലുള്ള പരാമര്‍ശമാണുണ്ടായത്. എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡിക്കെതിരെ ശിക്ഷാനടപടികളൊന്നും ഉണ്ടായില്ലെന്നും മുന്‍ ജസ്റ്റിസ് സൂചിപ്പിച്ചു.

‘ഒരു വ്യക്തിക്കെതിരായ ഏത് നിയമനടപടിയും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്നത് നിലവിലുള്ള നിയമമാണെ‘ന്ന് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ പറഞ്ഞു. ടീസ്ത സംഭവത്തില്‍ കോടതി സെതൽവാദിനെയോ മറ്റാരെങ്കിലുമോ അറസ്റ്റ് ചെയ്യാനോ നടപടിക്കോ നിര്‍ദേശം നല്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആനന്ദ് യാഗ്നിക് പറഞ്ഞത് ‘കോടതി ആര്‍ക്കെങ്കിലുമെതിരെ നിരീക്ഷണംനടത്തുമ്പോൾ പൊലീസിന് അവരെ അറസ്റ്റ് ചെയ്യാൻ പ്രഥമദൃഷ്ട്യാ തെളിവുകൾ ആവശ്യമില്ല. 

ഈ നിരീക്ഷണങ്ങൾ തന്നെ അവരെ അറസ്റ്റ് ചെയ്യാനുള്ള അടിത്തറയാണ്’ എന്നാണ്. അതുകൊണ്ട് ഈ നിരീക്ഷണങ്ങൾ നടത്തുന്നതിന് മുമ്പ്, കോടതി വിഷയം ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളണം. കോടതിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും നിരീക്ഷണങ്ങൾ ഭരണഘടനാപരമായും ധാർമ്മികമായും നിയമപരമായും അനുചിതമാണെന്നും യാഗ്നിക് പറഞ്ഞു.

Eng­lish Summary:Arrest of Teesta Setal­vad: Legal experts against the court ruling
You may also like this video

Exit mobile version