ഗാസയിൽ നടക്കുന്ന അക്രമത്തിൽ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടി അതിരുകടന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നെതന്യാഹുവടക്കമുള്ള ഇസ്രയേല്‍ അധികാരികള്‍ക്കെതിരായ നടപടി അപലപനീയമാണെന്നും ബൈഡന്‍ പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്തൊക്കെ പ്രയോഗിക്കാന്‍ ശ്രമിച്ചാലും ഇസ്രയേലും ഹമാസും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന്റെ സുരക്ഷയ്‌ക്കെതിരായ ഭീഷണികള്‍ക്കെതിരെ എപ്പോഴും കൂടെയുണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു. അറസ്റ്റ് വാറന്റിനെ തള്ളിക്കളയുന്നുവെന്ന് വൈറ്റ് ഹൗസും കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല. അറസ്റ്റിലേക്ക് നയിച്ച പ്രക്രിയകളിലെ പിശകുകളെയും ആശങ്കയോടെ കാണുന്നുവെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ര കോടതിക്ക് അധികാരമില്ലെന്നും അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു. അന്താരാഷ്ട്ര കോടതിയുടെയും ഐക്യരാഷ്ട്ര സഭയുടെയും ആന്റിസെമിറ്റിക് പക്ഷപാതത്തിനെതിരെ ജനുവരിയില്‍ കടുത്ത പ്രതികരണം നടത്തുമെന്ന് നിയുക്ത ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാള്‍ട്‌സ് പ്രതികരിച്ചു.