ഓല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭാവിഷ് അഗർവാളിനെതിരെ ഗോവയിലെ സൗത്ത് ഗോവ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രിതേഷ് ചന്ദ്രകാന്ത് ഘാഡി എന്ന ഉപഭോക്താവ് നൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ കോടതി പലതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി. ഫെബ്രുവരി 23ന് ഭാവിഷ് അഗർവാളിനെ കോടതിയിൽ ഹാജരാക്കാൻ ബംഗളൂരു പൊലീസിന് കമ്മീഷൻ നിർദ്ദേശം നൽകി.
2023 ഓഗസ്റ്റിൽ 1.47 ലക്ഷം രൂപയ്ക്ക് പരാതിക്കാരൻ വാങ്ങിയ ഓല എസ്1 പ്രോ സ്കൂട്ടറിന് മോട്ടോർ തകരാറും ടച്ച്‌സ്‌ക്രീൻ പ്രശ്നങ്ങളും കണ്ടുതുടങ്ങിയിരുന്നു. അറ്റകുറ്റപ്പണിക്കായി സർവീസ് സെന്ററിൽ നൽകിയ സ്കൂട്ടർ എവിടെയാണെന്നതിനെക്കുറിച്ച് കമ്പനി കൃത്യമായ മറുപടി നൽകുന്നില്ലെന്നും പരാതിയിൽ പറയുന്നു. വാഹനം വാങ്ങിയ തുകയായ 1.47 ലക്ഷം രൂപ തിരികെ നൽകണമെന്നും മാനസിക വിഷമത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആയതിനാൽ 1.47 ലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കിയാൽ അഗർവാളിന് സ്റ്റേഷൻ ജാമ്യം ലഭിക്കും.

