അടുത്തിടെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയായി നിയമിതനായ ഷഹബാസ് വടേരിക്ക് സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് വാറണ്ട്. കണ്ണൂരിൽ 1.07 കോടിയുടെ മരം വാങ്ങി പണം നൽകാതെ വഞ്ചിച്ച കേസിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
കോഴിക്കോട് ചാലപ്പുറത്ത് ഷഹബാസിന്റെ ഉടമസ്ഥതയിലുള്ള വുഡ്സോൺ എന്ന സ്ഥാപനത്തിലേക്ക് 2021 ഒക്ടോബറിൽ ആറ് കണ്ടെയ്നർ മരം വാങ്ങി പണം നൽകാതെ വഞ്ചിച്ചതായാണ് പരാതി. കണ്ണൂരിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കെ എൽ അബ്ദുൾ സത്താർ ഹാജി ആന്റ് കമ്പനിയാണ് പരാതിക്കാർ. രണ്ടുദിവസത്തിനകം പണം നൽകാമെന്ന കരാറിൽ വിദേശ ഇരുൾ മരമാണ് വാങ്ങിയത്. എന്നാൽ നിരന്തരം ബന്ധപ്പെട്ടിട്ടും പണം നൽകാത്തതിനെ തുടർന്ന് കമ്പനി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ പകുതി തുകയ്ക്ക് ചെക്ക് നൽകിയെങ്കിലും പണമില്ലാത്തതിനാൽ മടങ്ങി.
യൂത്ത് കോൺഗ്രസ് യൂത്ത് പോളിസി ആന്റ് റിസർച്ച് വിഭാഗത്തിൽ റിസർച്ച് അസോസിയേറ്റായാണ് ഷഹബാസിനെ നിയമിച്ചത്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ അഴിമതി ആരോപിച്ച് ഷഹബാസ് നേതൃത്വത്തിനെതിരെ കോടതിയെ സമീപിക്കുകയും നേതാക്കൾക്കെതിരെ വാർത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയായി ഷഹബാസ് വടേരി നിയമിതനായത്.
English Summary:Arrest warrant issued against Youth Congress leader in fraud case
You may also like this video