ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ശബ്ദാവേശം അലയടിക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം. ടീമുകളെല്ലാം വലിയ തയ്യാറെടുപ്പിലാണ്. ചാമ്പ്യൻസ് ലീഗിന്റെ വിജയാഹ്ലാദം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലാണ് വീണ്ടും ഒരു വെടിക്കെട്ട് മാമാങ്കം നാട്ടിൽ നടക്കുന്നത്. മത്സരിക്കുന്ന ടീമുകളുടെ എല്ലാം ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിദേശ ക്യാപ്റ്റൻമാരുടെ പ്രൗഢിയില്ലാതെ തന്നെ കളിക്കാനും ജയിക്കുവാനും നമുക്കു കഴിയുമെന്ന ആത്മവിശ്വാസം സന്തോഷം പകരുന്നു. ഏറ്റവും സീനിയറായ ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ്, രാജസ്ഥാൻ റോയൽസിനെ വീണ്ടും നയിക്കുന്നത്. വിരലിന് പരിക്ക് കാരണം വിക്കറ്റ് കീപ്പറാവാൻ അനുമതിയായില്ല. സ്ഥിരമായി വിദേശ കളിക്കാരിൽ വിശ്വാസമർപ്പിച്ച് അവർക്ക് മാത്രമേ കളിയിൽ സ്ഥിരതയും പദ്ധതിയുമുള്ളുവെന്ന ധാരണ തിരുത്തിക്കുറിക്കുന്ന സീസണാകും ഇത്. മത്സരിക്കുന്ന 10 ടീമുകളിൽ സൺറൈഡേഴ്സ് ഹൈദരാബാദിനെ മാത്രമാണ് വിദേശ ക്യാപ്റ്റൻ നയിക്കുന്നത്. ഓസ്ട്രേലിയയ്ക്കാരനായ പാറ്റ് കമ്മിൻസിനാണ് അങ്ങനെ ഒരു നിയോഗം ലഭിച്ചത്. സഞ്ജു സാംസൺ അഞ്ചാമതും രാജസ്ഥാൻ റോയൽസിനെ നയിക്കും. പഞ്ചാബ് കിങ്സ് ശ്രേയസ്-അയ്യര്‍, മുംബൈ ഇന്ത്യൻസ്-ഹർദിക് പാണ്ഡ്യ, ഗുജറാത്ത് ടൈറ്റൻസ്-ശുഭ്മൻ ഗില്‍, ചെന്നൈ സൂപ്പർ കിങ്സ്-റുതുരാജ് ഗെയ്‌ക്‌വാദ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു-രജത് പാട്ടിദാർ, കൊൽക്കത്ത റൈറ്റ് റൈഡേഴ്സ്-അജിൻക്യ രഹാനെ, ഡൽഹി ക്യാപിറ്റൽസ്-അക്സർ പട്ടേൽ എന്നിവരാണ് വിജയത്തിനുവേണ്ടി ടീമിനെ നയിക്കുന്ന നായകർ.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടമണിയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബിനെയാണ് നയിക്കുക. 10 ക്യാപ്റ്റന്മാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് റിഷഭ് പന്താണ്, 27കോടിരൂപ. രണ്ടാമത് ശ്രേയസ് അയ്യർ-26കോടി 75ലക്ഷം, മൂന്നാം സ്ഥാനം സഞ്ജു സാംസണും പാറ്റ് കമ്മിൻസും, 18കോടി വീതം. അരങ്ങിൽ തിളങ്ങുന്ന താരങ്ങൾക്ക് വിവിധയിനങ്ങളിലായി പണം വാരിയെടുക്കാം. ക്രിക്കറ്റ് കളിയുടെ യഥാർത്ഥ സ്പിരിറ്റും ബാറ്റിങ്ങിന്റെ ശീൽക്കാരവും കാഴ്ചക്കാരുടെ മനം കവരും. ഒപ്പം ഇടയ്ക്കിടെ പൂരത്തെ ഓർമ്മിപ്പിക്കുന്ന വെടിക്കെട്ടും. ക്രിക്കറ്റ് ലോകമാകെ ടെലിവിഷൻ ചാനലുകളിൽ കണ്ണും നട്ടിരിക്കുന്ന അവാച്യ സൗന്ദര്യത്തിന്റെ ദിനങ്ങളാണ് ആരാധകരുടെ മുന്നിലെത്തുന്നത്. രഞ്ജി ട്രോഫി ജേതാക്കളായ കേരളത്തിന് ഐഎസ്എൽ ആവേശകരമായ അനുഭൂതിയായിരിക്കും. കേരളത്തിന്റെ വിജയത്തിന് അർപ്പിത മനസായി കളിച്ച ചില താരങ്ങൾ ഐഎപിഎല്ലിൽ വ്യത്യസ്ത ടീമുകളിൽ കഴിവ് പ്രകടിപ്പിക്കും.
ലോകകപ്പിനു മുമ്പുള്ള നേര്‍ക്കുനേര്‍ പോര്
ലോക ഫുട്ബാളിൽ വിശ്വോത്തര മാമാങ്കത്തിന് അരങ്ങുണരുന്ന ഫിഫാകപ്പ് മത്സരങ്ങളിലേക്കുള്ള ദൈർഘ്യം ചുരുങ്ങി വരികയാണ്. 48 ടീമുകളുടെ ശക്തി പരീക്ഷയിൽ കടന്ന് പറ്റണമെങ്കിൽ സ്വന്തം മേഖലയിൽ വിജയം വരിക്കണം. ലോകം അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരരംഗം ലാറ്റിനമേരിക്കയാണ്. അവിടെയാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിജയം വരിച്ച ബ്രസീലും അർജന്റീനയും ഉറുഗ്വെയും ഉൾപ്പെടെയുള്ള വമ്പന്മാർ കൊമ്പുകോർക്കുന്നത്. 10 ടീമുകൾ പരസ്പരം മത്സരിക്കുന്ന ലാറ്റിനമേരിക്കൻ ക്വാളിഫയിങ് ഗ്രൂപ്പിൽ ചാമ്പ്യന്മാരുടെ കനത്ത പോരാട്ടമാകും. ആറ് ടീമുകൾ ക്വാളിഫൈ ചെയ്യും. 12 കളികൾ നടന്നപ്പോൾ അർജന്റീന തന്നെയാണ് ഒന്നാം നിലയിൽ. ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. ഫുട്‌ബോൾ ആരാധകർക്ക് കളിയുടെ സൗന്ദര്യം മനസറിഞ്ഞ് ആസ്വദിക്കണമെങ്കിൽ മെസിയും, നെയ്മറും മുഖാമുഖം കാണണം. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പരിക്കിന്റെ കടന്നാക്രമണത്തിൽ നിന്നും മോചിതനായി നെയ്മർ മഞ്ഞപ്പടയുടെ ഭാഗമാകാനെത്തിയതാണ്. പിഎസ്ജിയുടെ കൂടാരത്തിൽ മോഹവിലകൊടുത്ത് വാങ്ങിയ നെയ്മർക്ക് അവരോട് നീതി പുലർത്താൻ കഴിയാത്ത ദുഃഖമുണ്ട്. ഇപ്പോൾ കളിതുടങ്ങിയ ക്ലബ്ബിൽ തന്നെ ആറുമാസത്തെ ഹ്രസ്വകരാറിലാണ് നില്പ്.
എല്ലാടീമുകളും പത്തുകളി കളിച്ചതിന്റെ പോയിന്റ് നിലവാരമാണ് സൂചിപ്പിച്ചത്. പുതിയ നിലയിൽ ആറുടീമുകളും ഒരു ടീമിന് പ്ലേ ഓഫിലൂടെയും ക്വാളിഫൈചെയ്യാം. ബ്രസീൽ 20ന് കൊളംബിയയോടും 26ന് അർജന്റീനയോടും മത്സരിക്കും. ജൂൺ അഞ്ച്, എട്ടിന് ഇക്വഡോറും പരാഗ്വേയുമായും സെപ്റ്റംബർ നാല്, ഏഴിന് ചിലി ബൊളീവിയ ടീമുകളുമായി കളിക്കും. സ്വന്തം നാട്ടുകാരോട് അവരുടെ തട്ടകത്തിലും ലാറ്റിനമേരിക്കയിലെ വിവിധ കളിയിടങ്ങളിലും ഏറ്റുമുട്ടുമ്പോൾ ഉണ്ടാകുന്ന പ്രതീതിയിൽ സംശയിക്കാനില്ല. പക്ഷെ, ഇപ്പോൾ വന്നിരിക്കുന്ന വാർത്തകൾ മഞ്ഞപ്പടയുടെ യാത്ര സുഗമമായിരിക്കില്ല എന്നാണ് തോന്നുന്നത്. നെയ്മറും എഡേഴ്സനും ഡനിലായും പരിക്ക് കാരണം അടുത്ത രണ്ട് കളികളിൽ പുറത്തിരിക്കേണ്ടി വരുമെന്നാണ് വാർത്ത. ഒരു ജനതയുടെ ചാമ്പ്യൻഷിപ്പ് മോഹമാണ് ആടിയുലയുന്നത്. നെയ്മർ എന്ന പേര്തന്നെ ലോക ഫുട്ബോളിൽ കിരീട പ്രതീക്ഷയായിരുന്നു. ബ്രസീൽ ലോക കപ്പിൽ കരഞ്ഞ് മടങ്ങിയവരുടെ മോഹപ്പൂവിടരുമെന്ന പ്രതീക്ഷയ്ക്ക് ചിറക് വച്ചതായിരുന്നു. എന്നാൽ ഇപ്പോള്‍ സ്വപ്നങ്ങൾ കരിയുമോയെന്ന ആശങ്കക്ക് ബലമേറുകയാണ്. ലോകം ഫൈനൽ മത്സരം പോലെയാണ് അർജന്റീന ബ്രസീൽ മത്സരത്തെ കാണുന്നത്. 26ന് വിജയം ആരെ തുണയ്ക്കും. സാംബനൃത്തച്ചുവടുമായി മഞ്ഞപ്പട അട്ടിമറിയിലൂടെ ചരിത്രം സൃഷ്ടിക്കുമോ, ലോകചാമ്പ്യന്മാർ കിരീടം പോകാതിരിക്കാൻ മായാജാലം തീർക്കുമോയെന്ന് കാണാം.
2030ലെ ലോകകപ്പിൽ 64 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുകയെന്ന് ഫിഫ തീരുമാനമെടുത്തു. 2026ൽ 48 ടീമുകളുടെ കളിവൈദഗ്ധ്യമാണ് കാണാൻ പോകുന്നത്.
32ൽ നിന്നും 16 ടീമുകളുടെ ബാഹുല്യമാണ് വരുവാൻ പോകുന്നത്. 80 ശതമാനം വർധന. യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ചേർന്നാണ് ആതിഥേയത്വം നിർവഹിക്കുക. 2030 ആവുമ്പോൾ ടീമുകളുടെ എണ്ണം ഇരട്ടിയാവും. അതോടൊപ്പം മത്സരവൈപുല്യം അനുസരിച്ച് ആറ് രാജ്യങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പോർച്ചുഗൽ, മൊറോക്കോ, സ്പെയിൻ, അർജന്റീന, പരഗ്വായ്, ഉറുഗ്വെ എന്നീ ആറുരാജ്യങ്ങൾ വേദിയാകും.
ഫുട്‌ബോൾ ലോകം വികാസത്തിന്റെയും നവശാസ്ത്രീയതയുടെയും പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ലോകതലങ്ങളിൽ നിറഞ്ഞാടിയ ഇതിഹാസതാരങ്ങളുടെ ഫുട്‌ബോൾ പാടവങ്ങളെ വെല്ലുന്ന പുതുപുത്തൻ കളിയഴകുമായി യുവത്വത്തിന്റെ മുന്നേറ്റം എല്ലാരാജ്യങ്ങളിലും കാണാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അട്ടിമറിയുടെ തുടർക്കഥ മെനഞ്ഞു കൊണ്ടിരിക്കുകയാണ്. യൂറോപ്പ ലീഗ്,ചാമ്പ്യൻസ് ലീഗ്, കോൺഫറൻസ് ലീഗ് മത്സരങ്ങൾ തകർത്താടുകയാണ്. യൂറോപ്പ ലീഗിൽ അടുത്ത വെള്ളിയും ഞായറും നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. പോളണ്ട്, സ്പെയിൻ മത്സരങ്ങൾ കടുത്തതാകും. അടുത്ത ക്വാർട്ടർ ക്രൊയേഷ്യയും ഫ്രാൻസും മുഖാമുഖം കാണുന്നു. ഡെന്മാർക്കും പോർച്ചുഗലും, ഇറ്റലിയും ജർമ്മനിയുമാണ് അടുത്ത രണ്ടു ക്വാർട്ടറുകൾ. രണ്ടു പാദങ്ങളിലായി പരസ്പരം മത്സരിച്ച് നാലുടീമുകൾ സെമി ബർത്തിലെത്തും. കളിയുടെ വെടിക്കെട്ടുകാരായ യൂറോപ്യൻ രാജ്യങ്ങൾ അടുത്ത കളികളിൽ ജയിച്ചുകഴിഞ്ഞാൽ തുടർന്ന് സെമിയിലും ഡബിള്‍ ലെഗ്ഗിൽ മത്സരിച്ചു വിജയിയെ തീരുമാനിക്കും.
ഇന്ത്യന്‍ ഫുട്ബോളും തയ്യാറെടുക്കുന്നു
ലോകമാകെ മത്സരങ്ങളുടെ ആരവങ്ങൾ ഉയരുമ്പോൾ ഇന്ത്യൻ ഫുട്‌ബോളിലും അന്താരാഷ്ട്ര മത്സരങ്ങൾക്ക് തയ്യാറാവുകയാണ്. ഒരു സൗഹൃദമത്സരവും രണ്ടാമത്തേത് എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരവുമാണ്. ബംഗ്ലാദേശാണ് എഎഫ്‌സിയിൽ എതിരാളികൾ. ടീമിന്റെ സെലക്ഷനിലും പ്രാക്ടീസിലും ഒരു കാര്യം ബോധ്യമായി. കളിക്കാർക്കിടയിൽ സ്കോറിങ് സ്പെഷ്യലിസ്റ്റ് ഇല്ലത്രെ. ഇന്ത്യ എന്ന ഏതാണ്ട് ഒന്നരനൂറ്റാണ്ടോളം പഴക്കവും പരിചയ സമ്പന്നതയുമുള്ള രാജ്യത്ത് ഒരു സ്കോറിങ് താരമില്ലെന്ന ദുസ്തിതി വന്നു. ഒടുവിൽ ഛേത്രിയെ ടീമിൽ ചേർത്താണ് യാത്ര. 28നാണ് മത്സരം. കളിയിൽ നമ്മുടെ പെർഫോമെൻസ് കണ്ടു തീരുമാനിക്കാം. 1911ൽ കളിയാശാന്മാരുടെ നിരോധനത്തിൽ നിന്നും അവരുടെ കളികണ്ടും പഠിച്ചും കോച്ച് ഇല്ലാതെ കളിച്ചു കളിയാശാന്മാരായ ബ്രിട്ടീഷ് യേർക്കാ ക്ലബ്ബിനെതിരെ ഗോൾനേടി ചാമ്പ്യന്മാരായ ഇന്ത്ക്ക് വന്ന ദുഃസ്ഥിതി പരിതാപകരമാണ്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ജ്യോത്സ്യന്റെ മുമ്പിൽ ചെന്ന് കളി ജയിക്കാമെന്ന് ചിന്തിച്ച അസോസിയേഷൻ ഭാരവാഹികൾക്ക് ഫുട്‌ബോൾ വളർച്ചയിൽ ഒരു ചിന്തയും ഇല്ലെന്നാണോ ധരിക്കേണ്ടത്.