ആലപ്പുഴയിലെയും പാലക്കാട്ടെയും വർഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നത് അണികൾക്ക് ഊർജം പകരാനെന്ന് സൂചന. പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ നിന്ന് ബിജെപി വിട്ടുനിന്നത് പുതിയ പടയൊരുക്കത്തിനാണെന്നാണ് സൂചന.
അമിത് ഷാ എത്തിയശേഷം കേരളത്തിൽ നടത്തേണ്ട പ്രക്ഷോഭത്തിന്റെയും പദ്ധതികളുടെയും നയം തയാറാക്കുമെന്ന് അതേദിവസം തന്നെ സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞത് ശ്രദ്ധേയമാണ്.
ഏപ്രിൽ 29 നാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടികജാതി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പാലക്കാട്ടെ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്.
മത‑വർഗീയ ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി എത്തുന്നതെന്ന് കെ സുരേന്ദ്രൻ പാർട്ടിയുടെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞദിവസം കുറിച്ചിരുന്നു. കേരളത്തിൽ വർധിച്ചുവരുന്ന മതഭീകരവാദം അമിത് ഷായെ ബോധ്യപ്പെടുത്തുമെന്നും ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതിനെക്കുറിച്ച് അമിത് ഷാ കേരളത്തിൽ എത്തിയശേഷം തീരുമാനമുണ്ടാകുമെന്ന് സുരേഷ് ഗോപി എംപിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യവും ഷായുടെ സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പിനു ശേഷം ഒരു ദേശീയ നേതാവ് പോലും കേരളത്തിലെത്തിയിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേയും നിയമസഭാ തെരഞ്ഞെടുപ്പിലേയും കനത്ത തോൽവിയോടെ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഏകദേശം കയ്യൊഴിഞ്ഞ മട്ടാണ്.
ഈയൊരു സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കുക എന്ന ലക്ഷ്യവും അമിത് ഷായുടെ സന്ദർശനത്തിനുണ്ട്. കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ തകർച്ചയാണ് ബിജെപിക്കുണ്ടായത്. നിലവിലെ സാഹചര്യത്തിൽ മാറ്റം വരണമെങ്കിൽ കെ സുരേന്ദ്രൻ നേതൃസ്ഥാനം ഒഴിഞ്ഞേ മതിയാകുകയുള്ളവെന്ന് എതിർ ഗ്രൂപ്പുകാർ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കെ സുരേന്ദ്രൻ സ്ഥാനമൊഴിയുവാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും തല്‍ക്കാലം തുടരാൻ ദേശീയ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
പാർട്ടിയിലെ ഭൂരിഭാഗം പേരും കെ സുരേന്ദ്രനെ അംഗീകരിക്കുന്നില്ലെങ്കിൽ ഭൂരിപക്ഷ അംഗീകാരത്തിനായി സുരേഷ് ഗോപിയെ പോലുള്ള വ്യക്തികളെ നേതൃസ്ഥാനത്തേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് അമിത് ഷായുടെ ലക്ഷ്യമെന്നാണ് സൂചനകൾ. ഇതിനായി സംസ്ഥാനത്ത് ബിജെപിയോടടുത്തുനിൽക്കുന്ന വ്യക്തികളുടെ അഭിപ്രായം അറിയുക എന്നുള്ളതാണ് വിവിധ നേതാക്കളുമായുള്ള ചർച്ചയുടെ പ്രധാന ലക്ഷ്യമെന്നും കരുതപ്പെടുന്നു.
കേരളത്തിൽ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതി രാജ്യത്തിനു മുഴുവൻ ഭീഷണിയാണ്. ആലപ്പുഴയിലെയും പാലക്കാട്ടെയും കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ലഘൂകരിക്കാനാകില്ല. രാജ്യം നേരിടുന്ന വലിയ വിപത്താണിത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
‘ജനങ്ങളുടെ ജീവനും സ്വത്തും, സംസ്കാരവും സംരക്ഷിക്കുന്നതിനായി സേനകളെ കൃത്യമായി ഉപയോഗിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. കോ-ഓപ്പറേറ്റീവ് ഫെഡറലിസമല്ലേ. അതു വേണ്ടാന്നു പറഞ്ഞ് ഫെഡറലിസവും കൊണ്ട് അങ്ങോട്ടു ചെല്ലാനൊക്കില്ലല്ലോ. അതൊക്കെ അവരു നോക്കിക്കോളും’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവം.
English summary;arrive Amit Shah to spread communalism
You may also like this video;