വിവിധ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തില്‍ ആഴ്‌സനിക്ക്, ഫ്ലൂറൈഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി പാര്‍ലമെന്ററി സമിതി. രാജ്യസഭാ എംപി വിവേക് ഠാക്കൂര്‍ അധ്യക്ഷനായ വിദ്യാഭ്യാസം, വനിതാ, ശിശു, യുവജന, കായിക പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഈ മാസം 13നാണ് ഇരുസഭകളിലും റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
10 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ ആഴ്‌സനിക്, ഫ്ലൂറൈഡ്, മറ്റ് ഘന ലോഹങ്ങൾ എന്നിവ കണ്ടെത്തിയതായി പ്രതിപാദിക്കുന്നു. ഇത് അര്‍ബുദം, ത്വക്ക് രോഗം, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശാസ്ത്ര‑സാങ്കേതിക വിദ്യ, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ഐഐടികള്‍ എന്നി സംയുക്തമായി പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്നും ഇത്തരത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ മലിനജല ‑ഉപ്പുവെള്ള ശുദ്ധീകരണത്തില്‍ സുസ്ഥിര, നൂതന ആശയങ്ങള്‍ കൊണ്ടുവരാന്‍ വഴിവയ്ക്കുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
വിവിധ വകുപ്പുകള്‍, ഐഐടികള്‍, ദേശീയ റിസര്‍ച്ച് ഫൗണ്ടേഷൻ, ഐസിഎംആര്‍, യുജിസി, എഐസിറ്റിഇ, കേന്ദ്ര സര്‍വകലാശാല, സംസ്ഥാന സര്‍വകലാശാലകള്‍, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നിതി ആയോഗ് തുടങ്ങിയവയുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
English Summary: Arsenic content in drinking water
You may also like this video