Site iconSite icon Janayugom Online

വേദന കടിച്ചമർത്തി യാക്കൂബായി

നാടകത്തിന്റെ അവസാനവട്ട റിഹേഴ്സൽ നടക്കുമ്പോഴാണ് നിളയുടെ കാലിന് പരിക്ക് പറ്റിയത്. സ്റ്റേജിൽ അതിവേഗ ചലനങ്ങൾ ആവശ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ വേദന തടസമാകുമോ എന്ന് ഭയന്നു. എന്നാൽ അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ഒപ്പം നിന്നു. അവർ നൽകിയ ആത്മവിശ്വാസത്തിന്റെ കരുത്തിലായിരുന്നു നിള വേദിയിലെത്തിയത്. ബാൻഡേജിട്ട കാലുമായി വേദിയിലെത്തിയ നിള വേദന മറന്ന് ആടിത്തകർത്തു. അടിമുടി യാക്കൂബായി പരകായ പ്രവേശം നടത്തിയ നിള നൗഷാദിന്റെ പ്രകടനത്തെ കയ്യടികളോടെയാണ് സദസ് വരവേറ്റത്. ‘അളിയനാ കുളികാന്നൊക്കെ പറഞ്ഞ് ആരെങ്കിലും എന്റെ മണ്ണിലെങ്ങാൻ കാല് കുത്തിയാൽ ആ കാല് ഞാൻ വെട്ട്വെടാ.. അളിയൻ… ത്ഫൂ.… ’ നിളയുടെ കരുത്തുറ്റ ശബ്ദവും പ്രകടനവും നാടകാസ്വാദകരെ ആവേശത്തിലാഴ്ത്തി. ‘ഇല്ല.. യാക്കൂബ് നരകത്തിൽ പോകില്ല.. സ്വർഗത്തിൽ തന്നെ പോകും.. ’

പാപങ്ങളുടെ ശിക്ഷയായി മരുഭൂമിയിൽ സൂചിക്കുഴയിൽ അകപ്പെടുന്നത് സ്വപ്നം കാണുമ്പോഴും തകരാതെ വെല്ലുവിളിക്കുന്ന യാക്കൂബിനെ അരങ്ങിൽ അവിസ്മരണീയമാക്കുകയായിരുന്നു നടക്കാവ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ നിള നൗഷാദ്. വേദന കടിച്ചമർത്തി സ്റ്റേജിൽ യാക്കൂബായി അരങ്ങ് തകർത്ത നിള തന്നെയാണ് ഹയർ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തിലെ മികച്ച നടിയും. സ്റ്റേജിൽ കയറിക്കഴിഞ്ഞാൽ മറ്റൊന്നും ഓർമ്മയുണ്ടാവില്ലെന്ന് നിള പറയുന്നു. കലോത്സവം കഴിഞ്ഞാലൊന്നും അഭിനയം നിർത്തില്ലെന്നും നാടകങ്ങളുടെ ലോകത്ത് സജീവമാകാനാണ് ആഗ്രഹമെന്നും നിള വ്യക്തമാക്കുന്നു. ടി വി കൊച്ചുബാവയുടെ കഥയുടെ സ്വതന്ത്ര നാടകാവിഷ്ക്കാരമായിരുന്നു നടക്കാവ് സ്കൂൾ അവതരിപ്പിച്ച സൂചിക്കുഴയിൽ ഒരു യാക്കൂബ്. പ്രശസ്ത നാടക പ്രവർത്തകരായ ജയയുടെയും നൗഷാദ് ഇബ്രാഹിമിന്റെയും മകളാണ് നിള നൗഷാദ്.

Eng­lish Sum­ma­ry: Art fes­ti­val con­tes­tant Nila
You may also like this video

Exit mobile version