ജീവിതത്തിൽ ഒന്നും പ്രവർത്തിക്കാതെ നിശബ്ദമായിരിക്കുന്നവരെക്കുറിച്ച് പ്രത്യേകിച്ച് എന്തു പറയാൻ? ഒന്നിനോടും പ്രതികരിക്കാതെ നിസംഗരായി നിശ്ചലമായി ഇരിക്കുന്നവർ. അത്തരക്കാരെക്കൊണ്ട് പ്രയോജനമുണ്ടോ? അവരുടെ ജീവിതം ഒരു കലയാണോ? ബൈബിളിൽ പ്രസിദ്ധമായ ഒരു വചനം ഇങ്ങനെയാണ് “തിന്മ വിജയിക്കുന്നത് നന്മ നിശബ്ദമാകുന്നതുകൊണ്ടാണ്.” ഒന്നും മിണ്ടാതിരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും ഒരു കലയാണോ? ഇന്ന് എവിടെയും ഒന്നും പറയാത്തവരാണ് ബഹുഭൂരിഭാഗവും. ഭരണാധികാരികളുടെ ദുഷ്ചെയ്തികൾക്കെതിരെ ജനത പ്രതികരിക്കാത്ത കാലമാണ് ഇത്. രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിൽ ഏകാധിപത്യ സ്വഭാവം വർധിക്കുന്നു. യജമാന ഭക്തി കൂടുന്നു. സ്തുതിപാഠകന്മാർ യജമാനനെ സ്തുതിക്കാൻ ഏതറ്റം വരെയും പോകുന്നു.
“എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും
പണമെന്നുള്ളതു കൈയ്യിൽ വരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും” കുഞ്ചൻ നമ്പ്യാർ പണ്ടേ ഈ കലയെക്കുറിച്ച് പറഞ്ഞു. യജമാനന്റെയും ആശ്രിതരുടെയും ലക്ഷ്യം സ്ഥാനമാനങ്ങൾ പങ്കുവയ്ക്കലാണ്. സമ്പത്ത് അധികരിപ്പിക്കലാണ്. ആശയ പ്രചരണമോ അതിലൂടെയുള്ള സാമൂഹിക പരിണാമമോ അല്ല. സ്ഥാനമാനങ്ങൾ പങ്കുവയ്ക്കുന്നതും വൈദഗ്ധ്യമുള്ള കലാപ്രകടനമാണ്. അതിനെക്കുറിച്ചും കുഞ്ചൻ നമ്പ്യാർ പണ്ടേ പറഞ്ഞു.
” വേലികൾ തന്നെ വിളവു മുടിച്ചാൽ
കാലികളെന്തു നടന്നീടുന്നു”
ആ മഹാപ്രതിഭയുടെ ദീർഘദർശിത്വം അപാരം തന്നെ.
” കോ ന്വസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ? കശ്ച വീര്യവാൻ, ധർമ്മജ്ഞശ്ച, കൃതജ്ഞശ്ച സത്യവാക്യോ ദൃഢവ്രതഃ?”
എന്നു ചോദിക്കേണ്ട താമസമേ ഉള്ളു, സ്തുതിപാഠകർ എടുത്തുചാടി പറയും തങ്ങളുടെ ആരാധനാമൂർത്തിയായ യജമാനനാണ് സർവഗുണങ്ങളും തികഞ്ഞ മനുഷ്യൻ എന്ന്. അങ്ങനെയാണ് അവർ അവരുടെ കലാ പ്രകടനം നടത്തുന്നത്. ജീവിതത്തിലെ വിവിധങ്ങളായ പ്രതിസന്ധികളുമായി, വിഷമാവസ്ഥകളുമായി ഏറ്റുമുട്ടുമ്പോഴാണ് ഒരാളുടെ മഹത്വമെല്ലാം കെട്ടുപോകുന്നത്. ഏതു വിഷമാവസ്ഥയിലും സ്വന്തം നിഷ്ഠയിൽ നിന്ന് പതറാത്തവരാരോ, അവരാണ് യഥാർത്ഥത്തിൽ മഹത്വമുള്ളവർ.
സമ്പന്നനായ ഒരാൾ മൃഷ്ടാന്ന സഹിതനായിരിക്കെ, യാചകനു ഭക്ഷണം നൽകിയേക്കും. അവര്‍ കൊടുത്താലും കൊടുത്തില്ലെങ്കിലും ഏതാണ്ട് ഒരു പോലെയാണ്. എന്നാൽ ഏറെ നാളത്തെ പട്ടിണിക്കുശേഷം യാചിച്ചു കിട്ടിയ ഭക്ഷണം കുടുംബവുമൊത്ത് കഴിക്കാൻ ഒരുങ്ങുമ്പോൾ, വന്നുകയറിയ ക്ഷുധിതർക്കായി അത് വീതിച്ചുകൊടുത്ത രന്തിദേവന്റെ ദാനമുണ്ടല്ലൊ അതാണ് ധീരത. അവിടെയാണ് മഹത്വം പ്രത്യക്ഷപ്പെടുന്നത്. ക്രിസ്തുവും നബിയും ബുദ്ധനും ഉള്ളവൻ ഇല്ലാത്തവന് നൽകണം എന്നു പറഞ്ഞു. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ, അയൽവീട്ടിലെ വിശപ്പു മാറിയിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ട് മതി ഭക്ഷണം കഴിക്കൽ എന്ന് അവർ പറഞ്ഞു. അതാണ് മഹത്വം തുളുമ്പുന്ന കല.
സമത്വവാദമാണ് ശ്രീനാരായണനും മഹാത്മാഗാന്ധിയും പ്രചരിപ്പിച്ചതും ജീവിതത്തിൽ പകർത്തിയതും. ഈ മഹത്വത്തെ അതിന്റെ പരമ കോടിയിൽ തന്നെ കാണിച്ചേ പറ്റു എന്നില്ല. ഏറ്റവും ലഘുവായ രൂപത്തിലായാലും അത് ആശാസ്യമാണ്. അതാണ് ജീവിതത്തിലെ ഏറ്റവും സൗന്ദര്യമുള്ള കല. അല്ലാതെ അയ്യായിരം കോടി രൂപ മുടക്കി മക്കളുടെ വിവാഹം ആർഭാടമായി നടത്തലല്ല. അതിനോടനുബന്ധിച്ച് കറച്ചു ദിവസങ്ങളിൽ ആ പ്രദേശത്തെ ജനങ്ങൾക്ക് ഭക്ഷണം കൊടുക്കലല്ല കല. ഒരു രാഷ്ട്രീയ നേതാവിന്റെ, മത പുരോഹിതന്റെ, വ്യവസായിയുടെ മേൽ ഗുണങ്ങളുടെ ഒരു പട്ടിക ചാർത്തിക്കൊടുത്തതുകൊണ്ട് അയാൾ ഗുണവാനാണെന്ന് വരില്ല. ഗുണങ്ങൾ പ്രവൃത്തിയിലും ചിന്തയിലും വാക്കിലും സ്വമേധയാ നിരന്തരം പ്രത്യക്ഷപ്പെടണം.
വിഭ്രാമകമായ സൗന്ദര്യ പ്രകാശനമല്ല, മറിച്ച് വിമലവും ഉദാത്തവുമായ വികാരങ്ങളുടെ അഭിസംക്രമണത്തിലൂടെ മാനവഹൃദയങ്ങളിൽ സദ് വികാരങ്ങളെ ഉണർത്തിവിടുക എന്നതായിരിക്കണം ഏതൊരു കലാസൃഷ്ടിയുടെയും ധർമ്മം. സർവ ജനങ്ങളിലെയും ഒന്നുപോലെ മിന്നിത്തുടിക്കുന്ന ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നക്ഷത്രങ്ങളെ സൃഷ്ടിക്കുക എന്നതായിരിക്കണം അതിന്റെ ആത്യന്തിക ലക്ഷ്യം. ഇക്കാലത്ത് വിഭാഗീയതയും അനൈക്യവും വളർത്തുന്ന ചെയ്തികളാണ് കലയായി പരിഗണിക്കുന്നത്. മതവിദ്വേഷവും അസഹിഷ്ണുതയും വ്യാപരിപ്പിക്കുക എന്നത് ഏറ്റവും പ്രചാരമുള്ള കലയായി മാറി. ഒരു പ്രസ്ഥാനത്തിൽ നിന്ന് മറ്റൊരു പ്രസ്ഥാനത്തിലേക്ക് ഒരു ലജ്ജയുമില്ലാതെ തൻകാര്യ ലാഭത്തിനുവേണ്ടി ചേക്കേറുക, അങ്ങനെ ചേക്കേറിയവരെ ആഘോഷപൂർവം സ്വീകരിക്കുക, ഇന്നലെവരെ അപ്പുറത്ത് നിന്നവരെ ഇന്ന് പ്രകീർത്തിക്കുക ഇതൊക്കെ നാം കാണുന്ന കലാപ്രകടനങ്ങളാണ്.
കാലുകൾ അതിവേഗത്തിൽ താളത്തിനൊത്തു ചലിപ്പിക്കുവാനും സംഗീതോപകരണങ്ങളിലൂടെ അനായാസം കൈവിരലുകൾ ഓടിക്കാനും ചായങ്ങൾ കൊണ്ട് രൂപരേഖകൾ വരയ്ക്കാനും, പദങ്ങളെ തിരിച്ചും മറിച്ചും താളക്രമത്തിൻ പ്രയോഗിച്ചു പഠിക്കാനും, നാടകത്തിലും സിനിമയിലും കഥാപാത്രങ്ങളെ അവതരിപ്പിക്കാനും,കഥാപാത്രങ്ങളായി ജീവിക്കാനും, സംഗീതം ആലപിക്കാനും ആയിരമായിരം ആളുകൾ അവരുടെ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നു. ബുദ്ധിസാമർത്ഥ്യവും സർഗാത്മകതയും ഉള്ളവരാണ് ഇവർ. അവർ അവരുടെ കലാവൈഭവം ഹൃദയത്തിൽ നിന്ന് പ്രകടിപ്പിക്കുമ്പോൾ സൗന്ദര്യജനകമായ പ്രവൃത്തിയാകുന്നു കല. മാനവികതയ്ക്കും സാഹോദര്യത്തിനും സ്നേഹത്തിനും എതിരായി കലാപ്രകടനം നടത്തുമ്പോൾ അവർ മനുഷ്യത്വം നഷ്ടപ്പെട്ടവരായി മാറുന്നു. അവർ മ്ലേഛമായ ഭാഷ ഉയോഗിക്കുന്നു, അഹങ്കാരിയാകുന്നു.
കർമ്മം, ചിന്ത,സ്വഭാവം വാക്ക് മുതലായവ നമ്മെ സന്തോഷിപ്പിക്കുമെങ്കിൽ ഉത്തമമെന്നും നേരെ മറിച്ചാണെങ്കിൽ അധമമെന്നും നാം പൊതുവെ പറയും. കലയുടെ ലക്ഷ്യം സൗന്ദര്യമാണ്. നൂറുകണക്കിന് കൊല്ലങ്ങളായി ആയിരക്കണക്കിനു പണ്ഡിത ശ്രേഷ്ഠർ നിരന്തരമായി ചർച്ച ചെയ്തിട്ടും സൗന്ദര്യമെന്ന പദത്തിന്റെ അർത്ഥം ഇന്നും പ്രഹേളികയായി അവശേഷിക്കുന്നു. ജീവിതത്തിന്റെ ആന്തരികത സുന്ദരമാകണം. സൗന്ദര്യജന്യമായ ആനന്ദമാണ് കലയെ വിവേചിച്ചറിയുന്നതിനുള്ള അടിസ്ഥാനം. കലാസ്വാദനവും ഉത്തമവും പ്രധാനവുമായ ഒരു കാര്യമാണ്. ജീവിതം തന്നെ ആ തരത്തിൽ ഒരു കലയാണ്. ചിന്തയിലൂടെ, പ്രവൃത്തിയിലൂടെ, വാക്കുകളിലൂടെ ആനന്ദം കണ്ടെത്തലാണ് ജീവിത കല. ഇന്ന് കപടതയും സ്വാർത്ഥതയും അനാരോഗ്യകരമായ മത്സരങ്ങളും സർവത്ര നിറഞ്ഞിരിക്കുന്ന സമൂഹത്തിൽ കലയെ കസർത്തുവിദ്യകളാക്കി മാറ്റി. കലാപ്രകടന വേദികളിൽ പോലും അസൂയയും കിടമത്സരവും നിറഞ്ഞുനിൽക്കുന്നു. കലാപ്രകടനങ്ങൾ വിലയിരുത്തുന്നതിലും സ്വജനപക്ഷപാതം പ്രകടമാകുന്നു.
കലയ്ക്ക് സൂക്ഷ്മമായ ഒരു നിർവചനം നൽകണമെങ്കിൽ ഒന്നാമതായി വേണ്ടത് കല ഒരു ആനന്ദോപാധി മാത്രമാണെന്ന ധാരണ അവസാനിപ്പിക്കുകയും അതിനെ ജീവിത വ്യവസ്ഥകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയുമാണ്. ഈ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള വേഴ്ചയുടെ ഒരുപാധിയാണ് കലയെന്ന് കാണാൻ വിഷമമില്ല. ഓരോ കലാസൃഷ്ടിയും അനുവാചകനെ അതിന്റെ സ്രഷ്ടാവുമായും, സമകാലികമായോ പൂർവികമായോ അനന്തരമായോ അതേ കലാനുഭൂതി നേടുന്ന മറ്റെല്ലാവരുമായും ഒരു പ്രത്യേക ബന്ധത്തിലേക്കു നയിക്കുന്നു. വിചാരങ്ങളും അനുഭവങ്ങളും പകർന്നു കൊടുക്കുന്ന ഭാഷ മനുഷ്യനെ ഏകീകരിക്കുന്ന ഒരുപാധിയാണ്. അതേ പ്രയോജനം തന്നെയാണ് കലകളും നിർവഹിക്കുന്നത്. വിചാര വിനിമയമാണ് വാക്കുകളിലൂടെ നിർവഹിക്കുന്നതെങ്കിൽ അനുഭൂതി സംക്രമണമാണ് കലകളിലൂടെ നിർവഹിക്കുന്നത്.
മറ്റൊരാളുടെ അനുഭൂതി പ്രകടനങ്ങളെ കാണുകയോ കേൾക്കുകയോ ചെയ്യുന്ന അന്യനും അതേ അനുഭൂതി പകർന്നുകൊടുക്കാൻ കഴിയുമെന്നുള്ളതാണ് കലാപ്രവർത്തനങ്ങളുടെ അടിസ്ഥാനം. ഒരാൾ ചിരിക്കുന്നു. അത് കേൾക്കുന്ന മറ്റൊരാൾ വിനോദിക്കുന്നു. അല്ലെങ്കിൽ ഒരാൾ കരയുന്നത് കേൾക്കുന്ന മറ്റൊരാൾ ദുഃഖിക്കുന്നു. ഒരാൾ വികാരാധീനനോ ക്ഷുഭിതനോ ആയിത്തീരുമ്പോൾ പ്രേക്ഷകനും അതേ മനോഭാവത്തിലേക്ക് നയിക്കപ്പെടുന്നു. ഒരാൾ അയാളുടെ ചലനങ്ങളിലൂടെയോ ഉച്ചാരണ വൈവിധ്യങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ധൈര്യവും നിശ്ചയദാർഢ്യവും ദുഃഖവും നിർവികാരതയും മറ്റുള്ളവരിലേക്ക് സംക്രമിപ്പിക്കുന്നു. അതുപോലെ ഒരാളുടെ വേദന നെടുവീർപ്പുകളായി അന്യരിലേക്ക് പകരുന്നു. ഒരാൾ ചില പ്രത്യേക വസ്തുക്കളോടോ പ്രതിഭാസങ്ങളോടോ വ്യക്തികളോടോ ഉള്ള ഭയഭക്തി ബഹുമാനങ്ങൾ പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവരിലും ആ അനുഭൂതി സംക്രമിക്കുന്നു. അങ്ങനെ ഒരാളുടെ അനുഭൂതി പ്രകടനത്തെ അതേപടി ഉൾക്കൊള്ളാനും അനുഭവിക്കാനുമുള്ള ഈ പ്രത്യേകതയാണ് കലയുടെ അടിസ്ഥാനം.
സ്രഷ്ടാവിലുള്ള അതേ വികാരം തന്നെ കാണികളിലോ ശ്രോതാക്കളിലോ സംക്രമിപ്പിക്കപ്പെടുന്നെങ്കിലേ അത് കലയാകൂ. ഒരാൾ തനിക്കുണ്ടായ അനുഭൂതിയെ വീണ്ടും ഉണർത്തുകയും ചലനങ്ങൾ, നിറങ്ങൾ, വാഗ്‌രൂപങ്ങൾ എന്നീ ഉപാധികളിലൂടെ അനുവാചകരിലും അതേ അനുഭൂതി ഉളവാകത്തക്കവിധം സംക്രമിപ്പിക്കുകയും ചെയ്യുന്നതാണ് കലയുടെ പ്രവർത്തനം. കലയുടെ സംക്രമണത്തിന് വിധേയരാകാനുള്ള കഴിവ് മനുഷ്യർക്കില്ലായിരുന്നെങ്കിൽ മിക്കവാറും അവർ പരസ്പര സമ്പർക്കമില്ലാത്തവരും പരസ്പരവിരോധികളും ആയി മാറും. ഫാസിസ്റ്റുകളും മതമൗലികവാദ സംഘടനകളും വ്യത്യസ്ത കലകൾക്ക് എതിരാകുന്നത്, മനുഷ്യനിൽ സർഗാത്മകത, ആന്തരിക സൗന്ദര്യം വളരാതിരിക്കാനാണ്. കലകളിലൂടെ പ്രവഹിക്കുന്ന ഉദാത്തമായ ചിന്തകൾക്കെതിരാണവർ. ഫാസിസ്റ്റ് ഭരണകൂടം അന്ധകാരം പരത്തുമ്പോൾ അതിനെ ഭേദിച്ച് വെളിച്ചം പടർത്താൻ കല നമ്മെ സഹായിക്കും. ജീവിതം തന്നെ കലയാക്കുക.