സ്വർഗീയ കവാടത്തിൽ
ഓരത്തിരുന്നു
വയലാറിനെ കേൾക്കെ,
ദൈവത്തോടായി
ഇന്ത്യയിൽ നിന്നുള്ള
അന്തേവാസികൾ
ഇങ്ങനെ പറഞ്ഞു.
വാക്കുകളിലാകെ
ആശയക്കുഴപ്പം..
അർത്ഥമറിയണം.
ഒരു നിഘണ്ടു വേണം..
അതെ, ഒരു നിഘണ്ടു വേണം.
‘മ’ ഭാഗം നോക്കണം
എനിക്ക്
മതേതരത്വത്തിന്റെ
അർത്ഥമറിയണം.
കോട്ടിലെ പനിനീരിന്റെ
ഇതളുകൊണ്ട്
രാജ്സ്ഥാനിന്നുള്ള
ബാലന്റെ
വീർത്തു പൊട്ടിയ
കണ്ണുതലോടികൊണ്ട്
നെഹ്‌റു പറഞ്ഞു..
കയ്യിൽ തോർത്തിന്റെ
വിലങ്ങുകളില്ലാതെ അട്ടപ്പാടിയിലെ
മധു മൊഴിഞ്ഞു..
മ താള് മാറ്റല്ലെ.,
എനിക്ക്
‘മനുഷ്യന്റെ’
അർത്ഥം നോക്കണം.
വായിച്ചുതീരാത്ത
പുസ്തകവുമായി
രോഹിത് വെമുല ചോദിച്ചു..
മനുഷ്യന്റെ പര്യായത്തിൽ
ദളിതനെ തിരയാമോ..
സ്നേഹവും ജാതിയും
വിപരീത പദങ്ങളല്ലേ?
കെവിനും മനോജും ബാബിലിയും
ഒരുപോലെ ചോദിച്ചു..
സ്വാതന്ത്ര്യത്തിന്റെ അർത്ഥം
പലയാവർത്തി ഉരുവിട്ട്,
ഗോവിന്ദ് പാൻസാരെയും
ഗൗരി ലങ്കേഷും വീണ്ടും
പുസ്തകങ്ങളിലേക്ക് മടങ്ങി.
അതെ,ഒരു നിമിഷം,
അർത്ഥങ്ങൾക്കിടയിൽ
‘രക്തസാക്ഷി‘യെ തിരയാമോ.
വട്ടക്കണ്ണട നേരെ വെച്ച്
ഗാന്ധിജി ചോദിച്ചു..
അപ്പോഴും,
തിരക്കുകളിൽ പെടാതെ
ദൂരെ മാറിനിന്നു, അയ്യങ്കാളിയും
അംബേദ്കറും കുശലം പറയുകയായിരുന്നു