Site iconSite icon Janayugom Online

അനുച്ഛേദം 370: വാദം പൂര്‍ത്തിയായി; ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. 16 ദിവസത്തെ വാദത്തിന് ശേഷമാണ് കേസ് മാറ്റിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കോ പ്രതികള്‍ക്കോ വേണ്ടി ഹാജരാകുന്ന ഏതെങ്കിലും അഭിഭാഷകര്‍ രേഖാമൂലം എന്തെങ്കിലും സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അത് സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ രേഖകള്‍ രണ്ട് പേജിൽ കവിയരുത് എന്നും കോടതി നിര്‍ദേശിച്ചു.

കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, രാകേഷ് ദ്വിവേദി, വി ഗിരി തുടങ്ങിയവരാണ് ഹാജരായത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, സഫർ ഷാ, ദുഷ്യന്ത് ദവെ തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായി. 

ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിരവധി ചോദ്യങ്ങളാണ് സുപ്രീം കോടതി വാദത്തിനിടെ ഉന്നയിച്ചത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ തിരികെ ലഭിക്കുമെന്നും അവിടെ തെരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തീരുമാനം അറിയിയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. 20ലധികം ഹര്‍ജികളാണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്.

Eng­lish Summary:Article 370: The argu­ment is over; The plead­ings were trans­ferred for judgment
You may also like this video

Exit mobile version