Site iconSite icon Janayugom Online

മറഞ്ഞു; പാട്ടിന്റെ തിരുവാതിര നക്ഷത്രം

അനശ്വരഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ അലിഞ്ഞുചേർന്ന സ്വരമായിരുന്നു ഭാവഗായകൻ പി ജയചന്ദ്രന്റേത്. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ആയിരത്തിലേറെ പാട്ടുകൾ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. ആ പ്രണയ പുഷ്പങ്ങളെ അവർ ആവോളം നുകർന്നു. അതിന്റെ മാസ്മരികതയിൽ തലമുറകൾ ആനന്ദലഹരിയിലമർന്നു. കാലഘട്ടത്തെ അടയാളപ്പെടുത്തിയ ആ ഗാനങ്ങൾക്ക് എന്നും നിത്യയൗവനമാണ്. തിരുവാഭരണം ചാർത്തിവിടർന്ന തിരുവാതിര നക്ഷത്രം പോലെ സുന്ദരവും അനുപമവുമായിരുന്നു ജയചന്ദ്രന്റെ ഭാവഗാനങ്ങൾ. രണ്ട് തലമുറ പിന്നിട്ട് മൂന്നാം തലമുറയും മൂളി നടക്കുകയാണ് ആ നിരയിലെ മനോഹര ഗാനങ്ങളേറെയും. സ്വരരാഗ പ്രവാഹത്തിൽ ലയിച്ചിരിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങൾ തുടികൊട്ടി ആ ഗാനാമൃതത്തിൽ അലിഞ്ഞു ചേരും. തലമുറകളുടെ മാറ്റത്തിൽ ഗാനങ്ങളുടെ രചനാശൈലിയും സംഗീതവുമൊക്കെ മാറിയേക്കാം. എന്നാൽ ഹൃദയത്തെ തൊട്ടുണർത്തുന്ന ജയചന്ദ്രന്റെ ആലാപന ശൈലിയിൽ മാത്രം മാറ്റമില്ല. അതാണ് മലയാളികളുടെ ഭാവ ഗായകനെ വേറിട്ട് നിർത്തുന്നതും. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി… ’ എന്ന ഒറ്റ ഗാനം കൊണ്ട് ഭാവഗായകന്റെ ശബ്‍ദമധുരിമ മലയാളികൾക്ക് നവ്യാനുഭവമായി. അനായാസ ആലാപന ശൈലി ജയചന്ദ്രന്റെ ശബ്ദത്തെ വേറിട്ട് നിർത്തി. വാക്കുകൾക്കിടയിലെ അർത്ഥങ്ങൾ ആ സുന്ദര ശബ്ദത്തിൽ കേള്‍വിക്കാരുടെ ഹൃദയത്തെ തലോടിയുണർത്തി. ഒന്നിനി ശ്രുതി താഴ്ത്തി, കാട്ടുകുറിഞ്ഞി പൂവും ചൂടി, കേവലം മർത്യ ഭാഷ, മല്ലിക പൂവിൻ മധുര ഗന്ധം, അനുരാഗ ഗാനം പോലെ, മല്ലിക ബാണൻ തന്റെ വില്ലെടുത്തു… പ്രണയവും വേദനയും വിരഹവുമെല്ലാം ജയചന്ദ്രന്റെ ശബ്ദത്തിൽ അനുസ്യുതം പ്രവഹിച്ചപ്പോൾ ആ സംഗീതധാരയിൽ ആനന്ദ നൃത്തമാടി. തൊട്ടതെല്ലാം പൊന്നാക്കിയ ആ ശബ്ദ സൗകുമാര്യം തലമുറകൾ ഹൃദയത്തിലേറ്റി. പ്രായം കൂടുംതോറും കൂടുതൽ ചെറുപ്പമാകുന്ന ഭാവഗായകൻ പകരം വയ്ക്കാനില്ലാത്ത പ്രതിഭയായിരുന്നു. തലമുറ ഭേദമന്യേ ഭാഷകൾക്കപ്പുറം ഒട്ടേറെ ഹിറ്റുകൾ വാരി കൂടിയ അപൂർവം ഗായകരിലൊരാളായി അദ്ദേഹം വളർന്നു. 

സംഗീതത്തിന്റെ ഒരു സുവർണകാലം തീർത്ത ഗാനശിൽപ്പികൾക്കു വേണ്ടി ജയചന്ദ്രൻ കൂടുതലും പാടിയതു പ്രണയഗാനങ്ങളാണെങ്കിലും ആ നിത്യഹരിതസ്വരത്തിലും ആലാപനചാരുതയിലും താരാട്ടുപാട്ടുകളും തിളങ്ങി.
ജയചന്ദ്രൻ മലയാളത്തിൽ ആദ്യമായി പാടിയ താരാട്ടുപാട്ട് 1974‑ലെ ‘ഒരു പിടി അരി’ എന്ന ചിത്രത്തിലേതാണ്. പി ഭാസ്കരന്റെ സരളമധുരമായ വരികൾക്ക് എ ടി ഉമ്മറിന്റെ ഹൃദ്യമായ സംഗീതം.
“ഇന്നു രാത്രി പൂർണിമാരാത്രി സുന്ദരിയാം ഭൂമികന്യാ
സ്വപ്നം കണ്ട രാത്രി സ്വർഗീയസുന്ദരരാത്രി ”
ഭൂമിയുടെ പ്രതലത്തിലേക്ക് പെയ്തിറങ്ങുന്ന നിലാവ് പോലെ നനുത്ത ശബ്ദം ഒഴുകി പരക്കുമ്പോൾ ഒരു താരാട്ടിന്റെ അനുഭൂതി ശ്രോതാവിന് അനുഭവപ്പെടുന്നു. ഭാസ്കരൻ മാസ്റ്ററുടെ കാൽപനികരചനയിലെ നിലാവിനോ ജയചന്ദ്രന്റെ തളിരു പോലുള്ള ശബ്ദത്തിനോ കൂടുതൽ ഭംഗി യെന്ന് നാമറിയാതെ ചോദിച്ചുപോകും. എ ടി ഉമ്മറിന്റെ സംഗീതസംവിധാനത്തിൽ രണ്ട് താരാട്ടുപാട്ടുകൾ കൂടി ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. ആദ്യത്തേത് പി മാധുരിയോടൊപ്പം പാടിയ ഹാസ്യരസപ്രധാനം കൂടിയായ “കണ്മണിയേ ഉറങ്ങൂ” എന്ന ഗാനമാണ്, ‘അഭിമാനം’ എന്ന ചിത്രത്തിലേത്. അധികമാരും കേൾക്കാത്ത 1977ലെ ‘അപരാജിത’ എന്ന ചിത്രത്തിലെ അതീവനിർവൃതിദായകമായ താരാട്ട് ഇങ്ങനെ:
‘അധരം കൊണ്ടു നീ അമൃതം പകർന്നൂ മധുരം നിൻ ചിരി മലരോടിടഞ്ഞു
ആദ്യചുംബന ലഹരിയിൻ മുൻപിൽ ആയിരം ജന്മങ്ങളോടി മറഞ്ഞു’
ഇതേ കാലഘട്ടത്തിൽ പുറത്തിറങ്ങിയ മറ്റൊരു ഗാനമാണ് അതിപ്രശസ്തമായ “രാജീവനയനേ” എന്നു തുടങ്ങുന്ന നിർമ്മലപ്രണയവും വാത്സല്യവും തുളുമ്പുന്ന കാപ്പിരാഗത്തിലുള്ള ഭാവഗീതം. ‘ചന്ദ്രകാന്തം’ എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി-എം എസ് വിശ്വനാഥൻ കൂട്ടുകെട്ടിന്റേതാണ് ഈ ഗാനം.
എം കെ അർജുനൻ മദ്ധ്യമാവതി രാഗത്തിൽ ഒരുക്കിയ ‘കന്യക’ എന്ന ചിത്രത്തിലെ യുഗ്മഗാനമാണ് “ശാരികത്തേൻ മൊഴികൾ കൊച്ചുതാമരപ്പൂ മിഴികൾ”. ജയചന്ദ്രനും അമ്പിളിയും ചേർന്നു പാടുന്ന ഈ സുന്ദരഗാനം അന്നത്തെ ജനപ്രിയമായ താരാട്ടുപാട്ടായിരുന്നു. അനുഗ്രഹീതനടൻ മധുവും ജയഭാരതിയും ഈ ഗാനരംഗത്ത് അഭിനയിക്കുന്നു. പാപ്പനംകോട് ലക്ഷ്മണനാണു വരികൾ എഴുതിയിരിക്കുന്നത്.
ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസം ഇളയരാജ ‘ദൂരം അരികെ’ എന്ന ചിത്രത്തിനു വേണ്ടി സംഗീതം നിർവഹിച്ച “മാൻ കിടാവേ നിൻ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ” എന്ന ഗാനവും ജയചന്ദ്രൻ ആലപിച്ചു ജനശ്രദ്ധ പിടിച്ചുപറ്റിയ താരാട്ടാണ്. ദേവരാഗങ്ങളുടെ രാജശിൽപിയായ ദേവരാജൻ മാസ്റ്റർ ജയചന്ദ്രനെക്കൊണ്ടു പാടിച്ച “ഒന്നിനി ശ്രുതി താഴ്ത്തി” എന്നു തുടങ്ങുന്ന ലളിതഗാനം ഓരോ മലയാളിയുടെയും ഉറക്കുപാട്ടാണ്. ഒ എൻ വി കുറുപ്പ് രചിച്ച ഈ ഗാനം ഇന്നും ജയചന്ദ്രന്റെ എല്ലാ ഗാനമേളകളിലും ശ്രോതാക്കൾ ആവശ്യപ്പെട്ട് നിറഞ്ഞ കയ്യടികളോടെ ഹൃദയത്തിലേയിരുന്നു. ദേവരാജൻ വൃന്ദാവനസാരംഗ രാഗത്തെ ലളിതവും ഭാവസുന്ദരവുമായി ആവിഷ്കരിച്ച മറ്റൊരു മനോഹരഗാനം 1984‑ലെ ‘കൽക്കി‘ എന്ന ചിത്രത്തിലേതാണ്:
“മനസും മഞ്ചലും ഊഞ്ഞാലാടും മൂകമനോഹരയാമം
മോഹങ്ങൾ നെഞ്ചിൽ താരാട്ടു പാടും പ്രേമമനോഹരയാമം
ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം”
ശ്രുതിസുഭഗമായ ജയചന്ദ്രന്റെ നിത്യഹരിതനാദത്തിൽ ശ്രോതാക്കളുടെ മനസിലേക്ക് ഒഴുകുന്ന ഗാനമാണിത്. 1988ൽ പുറത്തിറങ്ങിയ ‘എവിഡൻസ്’ എന്ന ചലച്ചിത്രത്തിനു വേണ്ടി ജയചന്ദ്രന്റെ മധുരശബ്ദത്തിൽ ആലപിച്ച ഗാനം ആരംഭിക്കുന്ന വരികൾ “ഇളംതെന്നലിൻ തളിർ തൊട്ടിലാട്ടി മയങ്ങു നീ ഉറങ്ങു നീ” എന്നാണ്.
ഒരു ഇടവേളയ്ക്കു ശേഷം മലയാള ചലച്ചിത്രസംഗീതരംഗത്തേക്ക് തിരിച്ചെത്തിയ ജയചന്ദ്രൻ പിന്നീട് ആദ്യമായി പാടിയത് 1995ലെ ‘സർഗവസന്തം’ എന്ന ചിത്രത്തിലെ ഈ താരാട്ടുപാട്ടാണ്:
“കണ്ണീർ കുമ്പിളിൽ നീരാടാൻ തിങ്കൾക്കിടാവേ വായോ ഇന്നെന്റെ കുഞ്ഞിന് പഞ്ചാരയുമ്മയും താലാട്ടുമായ് വാ പൂങ്കാറ്റേ. . ഓലോലം മണിക്കാറ്റേ. . ’
വാത്സല്യവും ശോകഭാവവും നിറഞ്ഞുനിൽക്കുന്ന ലളിതസുന്ദരഗീതം. ‘ആദ്യത്തെ കണ്മണി’ എന്ന ചിത്രത്തിൽ ജയചന്ദ്രനും ബിജു നാരായണനും ചേർന്നുപാടുന്ന “ചക്കരമുത്തേ പത്തരമാറ്റേ” എന്നുതുടങ്ങുന്ന ഗാനം ദ്രുതതാളത്തോടെയുള്ള ഒരു താരാട്ടാണ്. 

കൈതപ്രം-വിദ്യാസാഗർ ടീമിന്റെ ഭാവാർദ്രമായ താരാട്ടുപാട്ടാണ് “കൈ വന്ന തങ്കമല്ലേ ഓമനത്തിങ്കൾക്കുരുന്നല്ലേ… കണ്ണീർക്കിനാവു പോലെ അച്ഛന്റെ കണ്ണീർക്കുരുന്നുറങ്ങ്”. മലയാളചലച്ചിത്രഗാനങ്ങളിലെ മികച്ച ആൺതാരാട്ടുകളിലൊന്നാണ് ഈ ഗാനം, സിനിമയുടെ പേര് ‘സിദ്ധാർത്ഥ’. വരികളിലെ ഓരോ അക്ഷരത്തിലേക്കും ആത്മാവുകൊണ്ട് ഭാവാംശം പകർന്നു നൽകുന്നു ഈ ഗായകൻ.
“വാവാവോ വാവേ വന്നുമ്മകൾ സമ്മാനം” എന്നു തുടങ്ങുന്ന യുഗ്മഗാനത്തിൽ (ചിത്രം – എൻറെ വീട് അപ്പൂന്റേം, വർഷം 2003) ജയചന്ദ്രന്റെ ആലാപനത്തിലെ അനായാസത സ്പഷ്ടമാക്കുന്ന മികച്ച പ്രകടനമാണുള്ളത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനരചനയും എം ജയചന്ദ്രന്റെ സംഗീതവും ചേർന്ന ‘അകലെ’ എന്ന ശ്യാമപ്രസാദ് ചിത്രത്തിലെ ശ്രദ്ധിക്കപ്പെടാതെ പോയ ജയചന്ദ്രഗീതമാണ് “ആരാരുമറിയാതെ അവളുടെ നെറുകയിൽ”. വിദ്യാസാഗന്റെ ലളിതസുന്ദരമായ ഈണത്തിൽ ജയചന്ദ്രനാദം വികാരസാന്ദ്രതയുടെയും വാത്സല്യത്തിന്റെയും അലകളുയർത്തുന്നു ‘ചാന്തുപൊട്ടി’ലെ “ആഴക്കടലിന്റെ അങ്ങേക്കരയിലായ്” എന്ന ഗാനത്തിലൂടെ. ആനന്ദഭൈരവി രാഗത്തിന്റെ വ്യത്യസ്തമായ ഒരു ആവിഷ്കാരശൈലിയാണ് ‘അഞ്ചിലൊരാൾ അർജുനൻ’ എന്ന ചിത്രത്തിനു വേണ്ടി ജയചന്ദ്രൻ മനോഹരമായി ആലപിച്ച
“പൊന്നുണ്ണി ഞാൻ നിന്റെ നെഞ്ചോരം ചേരാൻ
അമ്മേ കിങ്ങിണി കൊഞ്ചുന്നേ” എന്നു തുടങ്ങുന്ന ഗാനത്തിൽ സംഗീതസംവിധായകൻ മോഹൻ സിത്താര അവലംബിച്ചിരിക്കുന്നത്.
70 വയസിനു ശേഷവും ശബ്ദത്തിലെ യുവത്വവും ആലാപനവൈശിഷ്ട്യവും നിലനിർത്തിക്കൊണ്ട് 2015‑ൽ ജയചന്ദ്രൻ ആലപിച്ച പ്രണയഭാവം ഒഴുകിവരുന്ന രണ്ടു താരാട്ടുപാട്ടുകൾ പരാമർശിക്കുന്നു: “അരികിൽ നിന്നരികിൽ” (ചിത്രം- റോക്ക്സ്റ്റാർ), “മറന്നോ സ്വരങ്ങൾ” (ചിത്രം — ഞാൻ സംവിധാനം ചെയ്യും).
ഓരോ ശ്രോതാവിനെയും ആനന്ദനിർവൃതിയുടെ അനന്തതയിലേക്ക് നയിക്കുന്ന മാന്ത്രികസ്പർശമുണ്ട് ഈ ലളിതഗാനത്തിന്റെ ആലാപനത്തിൽ; ആദ്യവരികൾ ഇങ്ങനെ:
“തൂവെണ്ണ പോലെൻ അരികിൽച്ചേരീ
തൂകിക്കിടക്കും പൂ മുത്തേ
താരകക്കുഞ്ഞുങ്ങൾ വിണ്ണിൽ നിന്റെ തോഴരായ് കേളിക്കു വന്നൂ. . ”
‘ഇനിയും’ എന്ന ആൽബത്തിനു വേണ്ടി ബിജിബാൽ ഈണം പകർന്ന് ജയചന്ദ്രൻ അതിമനോഹരമായി പാടി.
താരാട്ടിലും ഹൃദയാർദ്രഭാവങ്ങൾ പ്രകാശിപ്പിച്ച് ജയചന്ദ്രന്റെ തൂവെണ്ണ പോലുള്ള വിസ്മയനാദം മലയാളിയുടെ കാതിൽ തേന്മഴയായി പെയ്തു.… 

Exit mobile version