കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും മികച്ച സംഘാടകനും പാർലമെന്റേറിയനും ആയിരുന്ന പി ടി പുന്നൂസ് ഓർമ്മയായിട്ട് അമ്പതു വർഷമാകുന്നു. 1971 ഒക്ടോബർ ഒന്നിനാണ് പി ടി പുന്നൂസ് അന്തരിക്കുന്നത്.
തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു പി ടി പുന്നൂസ്. അഞ്ചു പതിറ്റാണ്ടോളം തിരുവിതാംകൂർ രാഷ്ട്രീയത്തിൽ അദ്ദേഹം അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു.
തിരുവല്ലയിൽ പ്രശസ്തമായ ഒരു ക്രിസ്ത്യൻ തറവാട്ടിൽ ജനിച്ചു. പിതാവ് മാർത്തോമാ സഭയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ. അതുകൊണ്ട് തികച്ചും ക്രൈസ്തവമായ അന്തരീക്ഷത്തിൽ വളർന്നു. പിതാവിനും കുടുംബത്തിനും സമൂഹത്തിലുള്ള നേതൃസ്ഥാനമുണ്ടല്ലോ, അതിന്റെ പങ്ക് പുന്നൂസിനും പകർന്നുകിട്ടി. നേതൃഗുണം കുട്ടിക്കാലം മുതൽ പ്രകടിപ്പിച്ചു. എപ്പോഴും കാണും കൂടെ ഒരു സംഘം കുട്ടികൾ.
മദിരാശി സർവകലാശാലയിൽ പഠിച്ചു. അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ചതിനുശേഷം നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളജിലെത്തി. പുന്നൂസ് വിദ്യാർത്ഥി ആയിരുന്ന കാലത്ത് നാട്ടുരാജ്യമായ പഴയ തിരുവിതാംകൂറിൽ ദേശീയ പ്രസ്ഥാനം വളർന്നുവരാൻ തുടങ്ങി. ആ പ്രസ്ഥാനം പുന്നൂസിന്റെ രാജ്യാഭിമാനത്തെയും തട്ടിയുണർത്തി. അതിന്റെ നിദർശനമായിരുന്നു നരിമാൻ സംഭവത്തിൽ കണ്ടത്. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രാരംഭഘട്ടത്തിൽ വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയതും ജനരോഷം ആളിക്കത്തിച്ചതുമായ സംഭവമായിരുന്നു എ നാരായണപിള്ള രാജ്യദ്രോഹക്കേസ്. തിരുവിതാംകൂർ ജനത സ്വാതന്ത്ര്യസമ്പാദനത്തിനുള്ള സമരകാഹളം ചെവിക്കൊണ്ടത് ഈ സംഭവത്തിലൂടെയാണ്.
ഇതുകൂടി വായിക്കൂ: ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിക്കുവാൻ സമയമായി
എ നാരായണപിള്ളയുടെ കേസ് വാദിക്കാൻ ബോംബെയിലെ പ്രശസ്ത അഭിഭാഷകനും അവിടത്തെ മുൻ മേയറും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ കെ എഫ് നരിമാനെ തിരുവനന്തപുരത്ത് വിളിച്ചുകൊണ്ടുവന്നു. ജനങ്ങൾ ആകാംക്ഷയോടെ കാത്തുനിൽക്കുകയായിരുന്നു അദ്ദേഹത്തിന്റെ വരവിനെ. അവർ വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഒരു സ്വീകരണവും ഏർപ്പാട് ചെയ്തു. നരിമാന്റെ ആഗമനദിവസം വിമാനത്താവളത്തിലെ സ്വീകരണം അലങ്കോലപ്പെടുത്താൻ ദിവാൻ കടപ്പുറത്തെ ഒരുകൂട്ടം ഗുണ്ടകളെ ഒരുക്കിനിർത്തി. മാത്രമല്ല, വിമാനത്താവളത്തിൽ നരിമാന് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കുന്നതിന് നിരോധനവും പ്രകടനങ്ങളും പ്രസംഗങ്ങളും നടത്തുന്നതിന് വിലക്കും ഏർപ്പെടുത്തി. നരിമാനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് കടക്കുന്നതിന് ആരെയും പൊലീസ് അനുവദിച്ചില്ല. വിമാനത്തിന്റെ ഇരമ്പൽ കേട്ടു തുടങ്ങിയതോടെ പൊലീസ് വാനിൽ ഒരു സംഘം ഗുണ്ടകളെ വിമാനത്താവളത്തിൽ കൊണ്ടു ചെന്നിറക്കി. അവരുടെ കൈയിൽ കരിങ്കൊടികളുണ്ടായിരുന്നു. ‘നരിമാൻ തിരിച്ചുപോ, ഉത്തരവാദഭരണം വേണ്ടേ വേണ്ട’ എന്നീ മുദ്രാവാക്യങ്ങൾ അവർ മുഴക്കാൻ തുടങ്ങിയതും നരിമാനെ സ്വീകരിക്കാൻ അവിടത്തെ വിദ്യാർത്ഥികൾ, പ്രത്യേകിച്ചും ലോ കോളജ് വിദ്യാർത്ഥികൾ അവരുടെ മേൽ ചാടിവീണു. പിന്നെ അവരുടെ മുദ്രാവാക്യമുയർന്നില്ല. കരിങ്കൊടി പൊങ്ങിയില്ല. അധികൃതരെ അമ്പരപ്പിച്ച ഈ സംഭവത്തിൽ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകിയത് പുന്നൂസ്. ഇവിടെ നിന്ന് പുന്നൂസിന്റെ തുറന്ന രാഷ്ട്രീയ ജീവിതം തുടങ്ങുന്നു.
1948ൽ തിരുവിതാംകൂറിൽ തെരഞ്ഞെടുപ്പ്. കോൺഗ്രസ് നേതൃത്വത്തിലെ ത്രിമൂർത്തികൾ മുടിചൂടാമന്നന്മാരായി കഴിയുന്നു. അവരെ എതിർക്കുന്നതുപോലും ആലോചിക്കാൻ കഴിയാത്ത കാര്യം. അപ്പോഴാണ് അവർക്കെതിരെ കമ്മ്യൂണിസ്റ്റുപാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയത്. പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ടി എം വർഗീസ്. അദ്ദേഹത്തിനെതിരായി മത്സരിച്ചത് പുന്നൂസ്. ജയിച്ചില്ലെങ്കിലും പത്തനാപുരം താലൂക്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ ഒരു അടിത്തറ സൃഷ്ടിക്കാൻ ആ തെരഞ്ഞെടുപ്പിന് കഴിഞ്ഞു.
ഇതുകൂടി വായിക്കൂ:തൊഴിലാളികളോടൊപ്പം നിന്ന കമ്മ്യൂണിസ്റ്റ്
ആയിരങ്ങളെ ആകർഷിക്കാൻ പ്രസംഗങ്ങളിലൂടെ പുന്നൂസിന് കഴിയുമായിരുന്നു. രണ്ടും മൂന്നും മണിക്കൂറാണ് പ്രസംഗം. മുഷിപ്പൊന്നും കൂടാതെ ജനങ്ങൾ അത് കേട്ടിരിക്കും. അല്ല അതിൽ ലയിച്ചിരിക്കും.
നല്ലൊരു പാർലമെന്റേറിയനായിരുന്നു പുന്നൂസ്. 1952 ൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചു. മത്സരിക്കുമ്പോൾ ഒളിവിലായിരുന്നു. വോട്ടർമാരെ നേരിൽക്കാണാൻ അവസരമില്ല. എങ്കിലും ജനങ്ങൾക്ക് പുന്നൂസിനെ അറിയാം. അവർ അദ്ദേഹത്തിന് വോട്ട് ചെയ്തു. അദ്ദേഹം എംപിയായി. 1957 ലെ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചു.
പാർട്ടി രണ്ടായപ്പോൾ സിപിഐയിൽ ഉറച്ചു നിന്നു. 1943 ൽ തിരുവിതാംകൂർ പാർട്ടി സെക്രട്ടറിയായ പുന്നൂസ് പിന്നീട് പാർട്ടിയുടെ അവിഭക്ത പാർട്ടിയുടേയും സിപിഐയുടേയും സംസ്ഥാന അഖിലേന്ത്യാ നേതൃനിരയിൽ പ്രവർത്തിച്ചു.
സ: പി ടി പുന്നൂസിനെക്കുറിച്ചുള്ള സ്മരണ നമ്മുടെ വരുംകാല പ്രവർത്തനങ്ങൾക്ക് കരുത്തു പകരട്ടെ.