Site iconSite icon Janayugom Online

ഒടുവിൽ ഇ ശ്രീധരനും മനസിലായി; ബിജെപി ജനസേവനത്തിന് പറ്റിയതല്ല

കൊട്ടിേഘാഷിച്ചുകൊണ്ട് ബിജെപിയിലേക്ക് ചാടിക്കയറിയ മെട്രോ എൻജിനിയർ ഇ ശ്രീധരനും ഒടുവിൽ മനസിലായി ബിജെപി രാഷ്ട്രീയം അപകടമെന്ന്. പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും പ്രഖ്യാപിക്കുമ്പോൾ അദ്ദേഹം പറയാതെ പറയുന്നത് ഇതാണ്. സജീവ രാഷ്ട്രീയത്തോട് വിട പറയുന്നതായി ഇന്നലെയാണ് ഇ ശ്രീധരൻ വെളിപ്പെടുത്തിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നതുകൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അർത്ഥമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാല്യം മുതൽ സംഘപരിവാർ മനസുമായാണ് ജീവിച്ചതെന്ന് രാഷ്ട്രീയ പ്രവേശന വേളയിലും തുടർന്നും പലതവണ ആവർത്തിച്ചിരുന്നതുകൊണ്ട് പൂർണമായും അത് ഉപേക്ഷിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നില്ല.

2021 മാർച്ചിൽ നിയമസഭാ തെരഞ്ഞടുപ്പിന്റെ തൊട്ടുമുമ്പാണ് മെട്രോമാൻ എന്നറിയപ്പെട്ടിരുന്ന ശ്രീധരൻ ബിജെപിയിൽ ചേർന്നത്. തനിക്ക് വ്യക്തമായ രാഷ്ട്രീയ പ്ലാനുകളും പദ്ധതികളും ഉണ്ട് എന്നും മുഖ്യമന്ത്രി ആകാൻ താൻ തയ്യാറാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശം. ശ്രീധരനെ പോലെയുള്ള ആളുകൾ ബിജെപിയ്ക്കൊപ്പം ചേർന്നത് പാർട്ടിക്ക് വലിയ നേട്ടമായി ദേശീയ നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ തന്നെ എംഎൽഎ ഓഫീസ് തുറന്ന് വാർത്തകളിൽ ഇടം നേടുകയും ചെയ്തു. എന്നാല്‍ യുഡിഎഫിന്റെ ഷാഫി പറമ്പിലിനോട് 3859 വോട്ടിനാണ് ഇ ശ്രീധരൻ പരാജയപ്പെട്ടത്. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്ന് പറഞ്ഞിരുന്നു.
രാഷ്ട്രീയത്തിലേയ്ക്കു മറ്റു മേഖലകളിലെ പ്രഗത്ഭർ കടന്നുവരുന്നതു നല്ല ഉദ്ദേശലക്ഷ്യത്തോടെയെങ്കിൽ നല്ലതു തന്നെ. ഡോ. എ ആർ മേനോനും, ജസ്റ്റിസ് കൃഷ്ണയ്യരും, ജോസഫ് മുണ്ടശ്ശേരിയുമെല്ലാം മറ്റൊരു താല്പര്യവുമില്ലാതെ നിർബന്ധത്തിന്റെ പുറത്ത് അധികാരത്തിലെത്തിയവരാണ്. എന്നാൽ, ഞാൻ വന്നാൽ ബിജെപി രക്ഷപ്പെടും, നിർബന്ധിച്ചാൽ മുഖ്യമന്ത്രിയാകാൻ തയ്യാർ തുടങ്ങി സ്വയം കേമൻ എന്ന മട്ടിലാണ് ശ്രീധരൻ രാഷ്ട്രീയത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് കയ്യടി നേടാന്‍ ശ്രമിച്ചത്. ‘കേരളത്തില്‍ ഏകാധിപത്യഭരണമാണെന്നും മുഖ്യമന്ത്രിക്ക് ജനസമ്പർക്കം കുറവാണെന്നും മുഖ്യമന്ത്രിക്ക് പത്തിൽ മൂന്ന് മാർക്ക് പോലും നൽകാനാവില്ലെന്നും’ ഇ ശ്രീധരൻ വിമർശിച്ചു.

രാഷ്ട്രീയക്കാരനായിട്ടല്ല താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണെന്നും വിരമിക്കൽ പ്രഖ്യാപനത്തോടൊപ്പം ഇ ശ്രീധരൻ പറയുന്നു. വയസ് 90 ആയി. ഈ വയസിലും രാഷ്ട്രീയത്തിലേക്ക് പൂർണമായി കയറി ചെല്ലുന്നത് അപകടകരമാണ്. രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. തോറ്റതിന് പിന്നാലെ വളരെ നിരാശ ഉണ്ടായെങ്കിലും പിന്നീട് അത് മാറി. നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും സാധിക്കുമെന്നും ഇപ്പോൾ അദ്ദേഹം പറയുന്നു. പാലാരിവട്ടം പാലത്തിന്റെ കാലാവധി മാർച്ച് അഞ്ചോടെ അവസാനിക്കും. അതിനുശേഷം എന്റെ സേവനം കേരളത്തിനു നൽകണമെന്നുണ്ട്. അതിനാലാണ് ബിജെപിയിൽ ചേരുന്നത് എന്ന പഴയ പ്രഖ്യാപനം ഇനി പഴങ്കഥ.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി നാടിനു വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മോദിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ശ്രീധരൻ മുമ്പ് പറഞ്ഞിട്ടുണ്ട്. അഴിമതി തൊട്ടുതീണ്ടാത്ത, വളരെ അധ്വാനിയായ, ആത്മസമർപ്പണമുള്ള, രാജ്യ താല്പര്യര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നേതാവാണ് മോഡിയെന്നും പുകഴ്ത്തിയിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് കാരണം കർഷകരുടെ തെറ്റിദ്ധാരണയാണെന്നും പറഞ്ഞ ശ്രീധരനാണ് ഇപ്പോൾ രാഷ്ട്രീയം മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഒരു ഭരണകർത്താവുണ്ടാകുന്നത് ഒരു രാവ് ഇരുട്ടിവെളുക്കുമ്പോഴല്ല എന്ന് ശ്രീധരന് മനസിലായിരുട്ടില്ല. സമരങ്ങൾ, പ്രതിഷേധങ്ങൾ, അറസ്റ്റ്, ജയിൽവാസം തുടങ്ങി മഹത്തായ പശ്ചാത്തലം കാണാനാവും വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കൾക്ക് പിന്നിൽ. നാടിനോടും നാട്ടുകാരോടും അവർക്കുള്ള അർപ്പണമനോഭാവം തന്നെയാകും അതിലെ പ്രധാന ഘടകം. അത് മനസിലാക്കാതെ ഔദ്യോഗിക അംഗീകാരത്തെ ജനസമ്മിതിയായി കണ്ട ഒരാളുടെ പടിയിറക്കമാണിത്.

Eng­lish Sum­ma­ry: arti­cle on E Sreed­ha­ran quits Politics

You may like this video also

Exit mobile version