Site icon Janayugom Online

കുറിഞ്ചിത്തിണ ചുറ്റിവരുന്നൊരു പൂങ്കാറ്റ്

Kavalam Narayanappanikar

കേൾക്കുന്നവരെ മുഴുവൻ അനുരാഗസഞ്ചാരത്തിലേക്ക് നയിക്കുന്നവയാണ് കാവാലത്തിന്റെ ഗാനങ്ങൾ. ഇത് പലപ്പോഴും നിറവേറ്റപ്പെടുന്നത് ഏതെങ്കിലും തിണയുടെ സാന്നിധ്യത്തിലായിരിക്കും. പിന്നെ താളകല്പനയുടെ താരള്യത്തിൽ. അരുളിന്റെ കൂടെ പൊരുളുള്ളതുപോലെ കാവാലത്തിന്റെ പാട്ടുകളിൽ പ്രണയവും താളവും ഒന്നിച്ചിണങ്ങിനിൽക്കുന്നു. ഓരോ കാവാലം പാട്ടിലും താളബന്ധമായൊരു പൊരുളുണ്ട്. അത് കുട്ടനാടിന്റെ പൊരുളുകൾ തന്നെയായിരുന്നു. സംഘകാല ഐന്തിണകളുടെ സജീവ സാന്നിധ്യം കാവാലം ഗാനങ്ങളുടെ എക്കാലത്തെയും സവിശേഷതകളായിരുന്നു. പ്രണയ ഋതുപ്പകർച്ചയുടെ ആഹ്ലാദാനന്ദങ്ങൾ മുഴുവൻ ഈ തിണകളിലൂടെയാണ് കവികാലത്തിന് പകർന്നു നൽകുന്നത്. വൈഷയികതയുടെ ഋതുക്കൾ പാട്ടിൽ ഒന്നൊന്നായി പ്രത്യക്ഷപ്പെടുന്നു. അനുരാഗത്തിന്റെ അന്തരംഗത്തെ വാഴ്ത്തുന്ന വൈഷയികതയായിരുന്നു അത്. കാവാലത്തിന്റെ പാട്ടിൽ ആസ്പദമാകുന്ന തിണയിൽ പുതു പ്രണയത്തിന്റെ സംഗീതമുയിർക്കുന്നുണ്ട്. പ്രണയികളുടെ ഇണക്കവും ഇഴുക്കവും മുഴുവൻ ഈ തിണകളുടെ പ്രതിഷ്ഠാപനത്തിലൂടെയാണ് പാട്ടിൽ സമാഗതമാകുന്നത്. കാവാലമെഴുതി സംഗീതം നിർവഹിച്ച് അദ്ദേഹത്തിന്റെ മകൻ കാവാലം ശ്രീകുമാർ പാടിയ “അൻപിൻ തുമ്പും വാലും” (നേർക്കുനേരെ എന്ന പി എൻ മേനോൻ സിനിമ) എന്ന പാട്ട് അത്തരത്തിലുള്ളതാണ്. പ്രണയത്തിന് അപൂർവമായ പ്രപഞ്ചഭാഷ നല്കുകയായിരുന്നു കാവാലം.

“അൻപിൽ തുമ്പും വാലും
അരുളും പൊരുളും തിരിയും
കുറിഞ്ചിത്തിണ ചുറ്റിവരും
പൂങ്കാറ്റല്ലേ നീ പൂങ്കാറ്റല്ലേ
കുഞ്ഞിലത്താളം മുട്ടി വിളിക്കും
ഇളം കാറ്റല്ലേ”

കുറിഞ്ചിത്തിണ (മലയോരം) ചുറ്റിവരുന്നൊരു പൂങ്കാറ്റുണ്ട് ഈ പാട്ടിൽ. അവിടെ കുളിരിന്റെ കുടമുല്ലപ്പൂക്കൾ വിരിയുന്നു. കുളിരിൽ ആശ്ലേഷത്തിന്റെ ആനന്ദം അനുഭവിക്കുകയാണ് പ്രണയികൾ. പൂങ്കാറ്റിന്റെ പുണരലിൽ പ്രണയത്തിന്റെ പ്രസാദം തരുന്നുണ്ട്. പ്രണയത്തെ, പ്രപഞ്ചസത്യത്തെ അതിന്റെ അരുളിനെയും പൊരുളിനെയും അലൗകികമായി അന്വേഷിക്കുന്ന ഒരു മനസുണ്ടിവിടെ കവിയിൽ. ആന്തരികമായ താളക്രമം, മറ്റാരും കാണാത്ത വാക്കുകളിലെ പ്രേമസമൃദ്ധി എന്നിവയും ഈ ഗാനത്തിൽ പ്രകടമാവുന്നുണ്ട്. അൻപിന്റെ തുമ്പം വാലും കണ്ടാൽ പ്രണയത്തിന്റെ തുടക്കവും ഒടുക്കവുമാണ്. തുമ്പും വാലുമെന്ന ഗ്രാമ്യമായ പദവപ്രയോഗത്തിലൂടെയാണ് കവി ഈ പാട്ട് തുടങ്ങുന്നത് തന്നെ. കാവാലത്തിന്റെ ഈ ഗാനത്തിലും പ്രേമാദരവിന്റെ മറ്റൊരു ലോകം നമുക്ക് കാണാൻ കഴിയും. പ്രണയവിശുദ്ധിയുടെയും ലൗകികതയുടെയും ശോഭ ഈ ഗാനത്തിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു.

“ഊരുപിഴ കേൾക്കാതെ ഊടുവഴിതിരയാതെ
ഉറഞ്ഞു തുള്ളാതെയടങ്ങിയൊതുങ്ങി നേർവഴിയെ
നിൻ നേർക്കുനേരേ- മുല്ലേ
മുല്ലേ നിന്റെ പുഞ്ചിരിമുത്താൻ മെല്ലെനെ… മെല്ലെ… മെല്ലെനെ… ”

മുല്ലൈത്തിണയിലെ നിശബ്ദതയുടെ നിറവുകൾ മെല്ലെനെ മെല്ലെനെ അനുരാഗമായിത്തീരുകയാണ്. പ്രണയരതിസ്പർശത്തിന്റെ സാവധാനവിധങ്ങൾ, മുല്ലൈവിലെ പ്രണയകേളികൾ എന്നിവയൊക്കെ ഈ വരികളിൽ ശ്രദ്ധേയമാണ്. പ്രാക്തനസ്മൃതിയുടെയും മിത്തിന്റെയും എല്ലാം ലഘുവായ അപനിർമ്മാണം നടക്കുന്നുണ്ട്. ഈ പാട്ടിൽ-

“ഓർമ്മകളിൽ ഓലക്കം, നേർമ്മയെഴും മൂളക്കം
കരഞ്ഞുനിൽക്കാതെ മറിഞ്ഞു മടിഞ്ഞും വീണുരുണ്ടും താലോലമാടി
അഴകേ, അഴകേ നിന്റെ പൂമണം തായേ
മുഴുവനേ, മുഴുമുഴുവനേ”

ഇവിടെ ഈ വരികളിലെ ‘നേർമ്മയെഴുമൂളക്കം’ എന്ന വാക്കിലും ദൃശ്യത്തെ ശ്രാവ്യതരമാക്കുന്ന സങ്കേതമുണ്ടെന്ന് കാണാം. അവസാനവരിയിലെ ‘മുഴുമുഴുവനേ’ എന്ന വാക്ക് അനുപല്ലവിയിലെ ‘മെല്ലെമെല്ലെനെ’ എന്ന വാക്കും പാട്ടിനെ താളബദ്ധമാക്കുകയായിരുന്നു. “അച്ഛനേറ്റവും ഇഷ്ടപ്പെട്ട രാഗമായിരുന്നു ചാരുകേശി-ഏത് പാട്ടിന്റെ നിർമ്മിതിയിൽ പങ്കെടുക്കുമ്പോഴും സംഗീത സംവിധായകരെ അച്ഛൻ ആദ്യം പ്രോത്സാഹിപ്പിക്കുക അതിനെ ചാരുകേശിയിൽ ആക്കാനായിരുന്നു. സംഗീത സംവിധായകർക്ക് വരികൾ മൂളിക്കൊടുക്കുന്നതും ചാരുകേശിയിലാകും. പിന്നെ സംഗീത സംവിധായകരുമായി കഥാസന്ദർഭത്തിനുവേണ്ടി ഒരു പൊരുത്തത്തിൽ എന്നതാണ് പതിവ്. അച്ഛൻ വരികൾ എഴുതിയ ‘യാത്രയായ് വെയ്ലൊളി’, ‘പുലരിത്തൂമഞ്ഞ്’ എന്നിവയൊക്കെ ചാരുകേശിയിലായിരുന്നു. ഈ പാട്ട് എഴുതി സ്വന്തമായി ചിട്ടപ്പെടുത്താൻ അവസരം വന്നപ്പോൾ അച്ഛന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നതേയില്ല. വരികൾക്കൊപ്പം തന്നെ പാട്ടിലെ രാഗച്ഛായകളും ഒത്തിണങ്ങിവരികയായിരുന്നു. അച്ഛൻ മനസിൽ വിചാരിച്ച വൈകാരികതയിൽ എനിക്ക് പാടാനായോ എന്നേ സംശയമുള്ളു. അച്ഛന്റെ ശബ്ദത്തിൽ ഈ പാട്ട് ഞാൻ പലപ്പോഴും സങ്കല്പിക്കാറുണ്ട്. അതിന് മറ്റൊരു ചാരുതതന്നെ കൈവരുമെന്നുറപ്പാണ്. ” കാവാലം ശ്രീകുമാറിന്റെ വാക്കുകൾ.
വയലിൻ വാദകൻ ബാലഭാസ്കറിന്റെ സംഭാവനയും ഈ പാട്ടിൽ എടുത്തുപറയേണ്ടതാണ്. ഇതിന്റെ ഓർക്കസ്ട്രേഷൻ ബാലഭാസ്കറിന്റേതായി ഇടയ്ക്കയും വയലിനും തമ്മിലുള്ള കോമ്പിനേഷനുകൾ ആണ് പാട്ടിനെ അത്യന്തം അനന്യമാക്കുന്നത്. പ്രണയത്തിന്റെ അഴക് നിറഞ്ഞ സൂക്ഷ്മഭാവങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇവിടെ കാവാലത്തിന്റെ കാവ്യകല കൂടുതൽ കലാതൃകമാകുന്നു.

Exit mobile version