Site iconSite icon Janayugom Online

ഒരു ആഫ്രിക്കന്‍ ദേശീയവാദി

തകര്‍ക്കാനും നശിപ്പിക്കാനും എളുപ്പമാണ്.
സമാധാനമുണ്ടാക്കി പണിയുന്നവരാണ് വീരന്മാര്‍.
നെല്‍സണ്‍ മണ്ടേല

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി, ആഫ്രിക്കന്‍ ജനത അനുഭവിച്ചിരുന്ന വര്‍ണവിവേചനത്തിനെതിരെ പടനയിച്ച് ലക്ഷ്യസാക്ഷാത്കാരം നേടിയ ഒരു മനുഷ്യസ്നേഹിയും മുന്നണിപ്പോരാളിയും ദക്ഷിണാഫ്രിക്കന്‍ ജനതയുടെ അനിഷേധ്യ നേതാവുമാണ് നെല്‍സണ്‍ മണ്ടേല. കൂട്ടുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് മനസിലാക്കിയിട്ടുണ്ടാകുമല്ലൊ. അതുപോലെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു ദക്ഷിണാഫ്രിക്കയിലും നടന്നത്. നമ്മള്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നതുപോലെ ദക്ഷിണാഫ്രിക്കന്‍ ജനത നെല്‍സണ്‍ മണ്ടേലയെ അവരുടെ രാഷ്ട്രപിതാവായി കണക്കാക്കുന്നു.

ചരിത്രം

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആദ്യം ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എത്തുകയും ക്രമേണ തദ്ദേശീയരായ ഗോത്രവര്‍ഗക്കാരില്‍ നിന്നും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടില്‍ ദക്ഷിണാഫ്രിക്കയിലെ അളവറ്റ രത്നങ്ങളും സ്വര്‍ണവും തട്ടിയെടുക്കുന്നതിനായി യൂറോപ്പുകാര്‍ രാജ്യത്ത് പിടിമുറുക്കി. 1900ത്തോടെ മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും വെള്ളക്കാരുടെ അധീനതയിലായി.

ജനനം

ഒരു ഇടയനായി ജീവിച്ച് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിത്തീര്‍ന്ന കഥയാണ് നെല്‍സണ്‍ മണ്ടേലയെക്കുറിച്ച് പറയാനുള്ളത്. മഡിബ ഗോത്രവംശത്തിലെ ടെംബുജനതയുടെ തലവനായ ഹെന്‍റി മണ്ടേലയുടെ മകനായി ട്രാന്‍സ്കെ എന്ന ഗ്രാമത്തില്‍ 1918 ജൂലെെ 18നാണ് നെല്‍സണ്‍ ‍മണ്ടേല ജനിച്ചത്. അമ്മ നൊസെ കെനി ഫാനി. മണ്ടേലയുടെ ആദ്യ പേര് റോളിഹ്ലാല എന്നായിരുന്നു. 12-ാം വയസില്‍ അച്ഛന്‍ മരിച്ചു.

വിദ്യാഭ്യാസം

കുടുംബത്തില്‍ ആരും സ്കൂളില്‍ പോയിട്ടില്ല. എന്നാല്‍ മണ്ടേല കുനു എന്ന സ്ഥലത്തെ പ്രെെമറി സ്കൂളില്‍ പഠനമാരംഭിച്ചു. സ്കൂളില്‍ പഠിക്കാനെത്തിയ ആദ്യ ദിവസം തന്നെ ടീച്ചര്‍ ആ കുട്ടിക്ക് പുതിയ പേരിട്ടു. നെല്‍സണ്‍. അങ്ങനെ റോളിഹ്ലാല എന്ന ബാലന്‍ നെല്‍സണ്‍ മണ്ടേലയായിത്തീര്‍ന്നു. അക്കാലത്ത് അവിടുത്തെ സ്കൂളിലെ പതിവായിരുന്നു ഇത്തരത്തിലൊരു പേരിടീല്‍. 1930ല്‍ പിതാവിന്റെ മരണശേഷം യുവാവായ മണ്ടേലയെ ടെംബു വംശത്തിന്റെ റീജന്റായ ജോങ്കിന്റബയുടെ അടുത്ത് സ്വന്തം അമ്മ എത്തിക്കുകയാണുണ്ടായത്. പിതൃതുല്യമായ വാത്സല്യത്തോടെ അദ്ദേഹം മണ്ടേലയെ വളര്‍ത്തി. അവിടെ അദ്ദേഹം ഹെന്‍ഡ്ടൗണ്‍ സ്കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പാസായ ശേഷം ബിരുദപഠനത്തിന് യൂണിവേഴ്സിറ്റി കോളജ് ഓഫ് ഫോര്‍ട്ട് ഹെറില്‍‍ ചേര്‍ന്നെങ്കിലും പഠിത്തം തുടരാനായില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാല്‍ പുറത്താക്കി. പിന്നീട് പല യൂണിവേഴ്സിറ്റികളിലും ചേര്‍ന്ന് പഠനം തുടര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ജയില്‍വാസത്തിനിടെ 1989ലാണദ്ദേഹം ദക്ഷിണാഫ്രിക്കന്‍ യൂണിവേഴ്സിറ്റിയിലൂടെ എല്‍എല്‍ബി നേടിയത്. കേപ് ടൗണില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ അഭാവത്തിലാണ് ബിരുദ ദാനം നടന്നത്.

രാഷ്ട്രീയ പ്രവേശം

വെളുത്ത വര്‍ഗക്കാരായ ഭരണാധികാരികള്‍ സ്വര്‍ഗസമാനമായ സുഖഭോഗങ്ങളില്‍ തിമിര്‍ത്ത് ജീവിക്കുമ്പോള്‍ സ്വദേശീയരായ കറുത്തവര്‍ഗക്കാര്‍ കൊടിയദുരന്തങ്ങളിലും പട്ടിണിയിലും പെട്ടുഴലുകയായിരുന്നു. വര്‍ണവിവേചനത്തിനും വംശീയ വേര്‍തിരിവുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന 1923ല്‍ എഎന്‍സി (ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ആ സംഘടനയില്‍ ചേര്‍ന്നദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ പ്രവര്‍ത്തനം അഹിംസാതത്വങ്ങളിലധിഷ്ഠിതമായിരുന്നെങ്കിലും പിന്നീട് തീവ്രവാദത്തിലേക്ക് തിരിയുകയാണുണ്ടായത്. 1961ല്‍ മണ്ടേലയുടെ നേതൃത്വത്തില്‍ ഉംഖോണ്ടോ വീസിസ് (രാജ്യത്തിന്റെ കുന്തം) എന്നൊരു സെെനികസംഘടന തന്നെ രൂപീകരിക്കപ്പെട്ടു. 1960 മുതല്‍ 90 വരെ എഎന്‍സിയെ വെള്ളക്കാരായ ഭരണാധികാരികള്‍ നിരോധിച്ചു. രാഷ്ട്രീയ മാറ്റത്തിനുള്ള നിയമപരമായ വഴികള്‍ അടയ്ക്കപ്പെട്ടപ്പോള്‍ പ്രവര്‍ത്തകര്‍ അട്ടിമറിയിലേക്ക് തിരിയുകയും ഗറില്ലാ യുദ്ധത്തിനായി ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് ടാന്‍‍സാനിയ, സാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുകയുമാണുണ്ടായത്.
1964ല്‍ മണ്ടേലയെയും മറ്റ് നേതാക്കളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച് ജയിലിലടച്ചു. സ്വന്തം അമ്മ മരിച്ചപ്പോള്‍പോലും ഭരണാധികാരികള്‍ അദ്ദേഹത്തെ പുറംലോകത്തെത്തിക്കാന്‍ തയാറായില്ല. രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന് മനസിലാക്കിയ അന്നത്തെ വെള്ളക്കാരനായ ഭരണാധികാരി (എഫ്ഡബ്ല്യു ഡി ക്ലെര്‍ക്ക്) ബാഹ്യഇടപെടലുകള്‍ക്ക് വിധേയനായി എഎന്‍സിയുടെ നിരോധനം നീക്കുകയും 1990ല്‍ നേതാക്കളെ മോചിപ്പിക്കുകയും ചെയ്തു. സമാധാനപരമായ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള അനുവാദവും അവര്‍ക്ക് നല്കി.
90കളില്‍ പോലും ആ രാജ്യം അനുഭവിച്ച കൊടിയ ദുരന്തത്തിന്റെ ഉദാഹരണമാണ് അടുത്ത ദിവസങ്ങളില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രിട്ടീഷ് ഒളിമ്പ്യനായ (നാല് സ്വര്‍ണമെഡലുകള്‍) മോഫറാ വെളിപ്പെടുത്തിയ വിവരം.
തന്റെ യഥാര്‍ത്ഥ പേര് ഹുസെെന്‍ അബ്ദിക ഹിന്‍ എന്നാണെന്നും ഒന്‍പത് വയസുള്ളപ്പോള്‍ ജിബൂട്ടിയില്‍ നിന്നും ഒരു സ്ത്രീ നിയമ വിരുദ്ധമായി തന്നെ ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്നെന്നും അദ്ദേഹം പറയുന്നു.

പ്രസിഡന്റ്

1991ല്‍ മണ്ടേല എഎന്‍സിയുടെ പ്രസിഡന്റായി 27 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന മണ്ടേല സ്വതന്ത്ര ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റായിത്തീര്‍ന്നു. 1994 മുതല്‍ 99 വരെ അദ്ദേഹം പ്രസിഡന്റായി തുടര്‍ന്നു.

ബഹുമതികള്‍

1993ലെ സമാധാനത്തിനുള്ള നൊബേല്‍ പ്രെെസ് ഉള്‍പ്പെടെ അദ്ദേഹത്തിന് 250ലധികം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മണ്ടേലയെ ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും പ്രതീകമായി കണക്കാക്കിക്കൊണ്ടുള്ളവയാണീ പുരസ്കാരങ്ങള്‍ പലതും. 1998 മുതല്‍ 1999 വരെ ചേരി ചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായിരുന്നു. മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞനായിത്തീര്‍ന്ന അദ്ദേഹം നെല്‍സണ്‍ മണ്ടേല ഫൗണ്ടേഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

മരണവും ദിനാചരണവും

2013 ഡിസംബര്‍ അഞ്ചിന് ജോഹന്നാസ് ബര്‍ഗിലെ സ്വന്തം വസതിയില്‍ വച്ച് അദ്ദേഹം നിര്യാതനായി. വംശീയബന്ധങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തനം, ലിംഗസമത്വം കുട്ടികളുടെയും മറ്റു ദുര്‍ബല വിഭാഗങ്ങളുടെയും അവകാശ സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പോരാട്ടം, സാമൂഹികനീതിക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ തുടങ്ങിയവയെ മാനിച്ച് യുഎന്‍ ജനറല്‍ അസംബ്ലി ജൂലെെ 18 നെല്‍സണ്‍ മണ്ടേല അന്താരാഷ്ട്രദിനമായി പ്രഖ്യാപിച്ചു.
ലോകത്തെ മികച്ച രീതിയില്‍ മാറ്റാനുള്ള കഴിവും ഉത്തരവാദിത്തവും എല്ലാവര്‍ക്കുമുണ്ട്. മണ്ടേല ദിനം എല്ലാവരും പ്രവര്‍ത്തിക്കുവാനും മാറ്റത്തിന് പ്രചോദനം നല്കുവാനുമുള്ള അവസരമാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമാകട്ടെ.

Exit mobile version