അടിമയാവാതിരിക്കാൻ നിനക്കെന്തു ന്യായം എന്നു ചോദിച്ചാൽ ‘എഴുത്തിന്റെ ന്യായം’ എന്നു നെഞ്ചിൽ കൈവച്ചു മറുപടി. സത്യസന്ധത ശക്തി. ഞാനും നീയും നിലകൊള്ളുന്ന മണ്ണിൽ സ്നേഹത്തിന്റെ തായ് വേരുണ്ടെങ്കിൽ വസന്തത്തിന്റെ സംസ്കാരത്തെ സ്വപ്നം കാണുക’. പുരസ്കാരങ്ങൾ ഓരോന്നും തേടിയെത്തുമ്പോഴും തന്റെ നിലപാടുകളിൽ തെല്ലും വിട്ടുവീഴ്ചയില്ല ഈ കവിക്ക്. കർമ്മപഥത്തിൽ നാം എപ്പോഴും സത്യസന്ധരായിരിക്കുക. പുരസ്കാരങ്ങൾ വഴിയെവരും എന്നാണ് കവി ചിന്തിക്കുന്നത്. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരവും കവി പി കെ ഗോപിയെ തേടിയെത്തിയിരിക്കുന്നു.
‘നീറിയൊടുങ്ങുമായിരുന്ന ജീവിതത്തെ കവിത ജ്വാലയാക്കി. അമാവാസികൾ മറച്ചുപിടിച്ചതിനെ മണ്ണിന്റെ ഹൃദയത്തിന് കാണിച്ചുകൊടുത്തു. അമർത്തിക്കരച്ചിലുകളെ അകത്തു തളച്ചിടാതെ വാക്കുകൾക്ക് വിചാരണ ചെയ്യാൻ വിട്ടുകൊടുത്തു. ആത്മവിശ്വാസത്തിന്റെ പോരാട്ട ഭൂമിയിൽ വാക്കിന്റെ വാ കീറിയാൽ വർത്തമാനമല്ല, ഭൂതവും ഭാവിയും കാണാമെന്നു ബോധ്യപ്പെട്ടു. ജീവിച്ചിരിക്കുന്നവൻ മരിച്ചവനും മരിച്ചവൻ ജീവിച്ചിരിക്കുന്നവനുമാകുമെന്ന് കവിതയുടെ ആഴം ചൊല്ലിത്തന്നു. കവിത എന്നേയും കുടുംബത്തേയും ഞാനിടപെടുന്ന ഇടങ്ങളേയും പ്രകാശമാനമാക്കി. വേദനയുടെ വേരും അനുഭൂതിയുടെ പൂവും തന്നു’- കവിതകൊണ്ട് എന്തുനേടിയെന്ന ചോദ്യത്തിന് ഇതാണ് കവിയുടെ മറുപടി. പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും നല്ല ചികിത്സകനുമായ കവി പി കെ ഗോപിക്ക് തിരക്കൊഴിഞ്ഞ നേരമില്ല.
1949ൽ പത്തനംതിട്ട അങ്ങാടിക്കൽ കൊടുമൺ എന്ന സ്ഥലത്ത് പി കെ കുഞ്ഞുപിള്ളയുടെയും കല്യാണിയുടെയും മകനായി ജനിച്ച പി കെ ഗോപി അങ്ങാടിക്കൽ എസ്‌എൻവി ഹൈസ്കൂൾ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം നേടിയത്. കേരള സർക്കാരിൽ ആരോഗ്യവകുപ്പിൽ നിന്ന് ഫിസിയോതെറാപ്പിസ്റ്റായി വിരമിച്ചു.
പ്രശസ്ത കവി, ചലച്ചിത്ര ഗാനരചയിതാവ്, സാംസ്കാരിക പ്രവർത്തകൻ. കേരള സാഹിത്യ അക്കാദമി അംഗം, യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗമാണ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ബാലസാഹിത്യ സമ്മാനം), കേരള സംസ്ഥാന ബാലസാഹിത്യ അവാർഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, പാലാ കെ എം മാത്യു അവാർഡ്, മുണ്ടശേരി സ്മാരക അവാർഡ്, പാലാ സഹൃദയസമിതി അവാർഡ്, ഏഴുമംഗലം അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, കുവൈറ്റ് മലയാളി സമാജം അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, മുഹമ്മദ് ക്ലാരി അവാർഡ്, ശക്തി അവാർഡ്, മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം, മഹാകവി വെണ്ണിക്കുളം അവാർഡ്, ഡൽഹി ഗായത്രി അവാർഡ്, കോഴിശേരി ബലരാമൻ അവാർഡ്, പ്രൊഫ. സരസകവി മൂലൂർ സ്മാരക അവാർഡ്, മഹാകവി പി കുഞ്ഞിരാമൻ നായർ അവാർഡ്, സഞ്ജയൻ അവാർഡ്, എൻ വി കൃഷ്ണവാരിയർ സ്മാരക അവാർഡ്, കോന്നിയൂർ രാധാകൃഷ്ണൻ സ്മാരക പുരസ്കാരം. എം ടി ചന്ദ്രസേനൻ അവാർഡ്, പി ടി ഭാസ്കര പണിക്കർ പുരസ്കാരം, ബാലസാഹിത്യത്തിനുള്ള പി നരേന്ദ്രനാഥ് അവാർഡ്, പി ടി ഭാസ്കര പണിക്കർ അവാർഡ്, ഗാനരചനയ്ക്കുള്ള നാന അവാർഡ്, നിസാരി അവാർഡ്, അമേരിക്കൻ മലയാളി ഡോക്ടേഴ്സ് അവാർഡ്, തിരുവനന്തപുരം ഫൈൻ ആർട്സിന്റെ സംസ്ഥാന നാടക സംഗീത അവാർഡ്, സാഹിത്യ കേരള പുരസ്കാരം, അഴീക്കൽ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം, അബുദാബി ഗ്രീൻ വോയ്സ് അവാർഡ്, എം ടി ചന്ദ്രസേനൻ പുരസ്കാരം, കലാന്വയ പുരസ്കാരം വക്കനാൽ പുരസ്കാരം, നമിതം പുരസ്കാരം, ബാല്യകാലസഖി പുരസ്കാരം, കുമാരനാശാൻ സ്മാരക പുരസ്കാരം, എൻ സി മമ്മൂട്ടി പുരസ്കാരം, ഡി വിനയചന്ദ്രൻ പുരസ്കാരം, അയ്യപ്പപ്പണിക്കർ പുരസ്കാരം, എസ് ശിവശങ്കര സ്മാരക ട്രസ്റ്റ് അവാർഡ്, നളന്ദ എക്സലൻസ് അവാർഡ്, കുഞ്ഞുണ്ണി മാസ്റ്റർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെത്തേടിയെത്തി.
ചിരന്തനം, സുഷുമ്നയിലെ സംഗീതം, നെഞ്ചിലെ മൺചെരാതുകൾ, എഴുത്തമ്മ, മഴത്തോറ്റം, മരുഭൂമിയുടെ മഴഗണി തം, ഒരിറ്റ്, സുദർശനപ്പക്ഷിയുടെ തൂവൽ, ആയിരത്തിരണ്ടാമത്തെ രാത്രി, ജലനിവേദ്യം, ഉരകല്ല്, സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ, ഭൂമിയുടെ പുല്ലാങ്കുഴൽ, ആത്മം, മനുഷ്യേശ്വരം, ഏകം, ഒപ്പ്, പി കെ ഗോപിയുടെ കവിതകൾ, ആണിപ്പഴുത്, പച്ചിലകളുടെ സത്ത്, മൊഴിമുഖം (കവിതാ സമാഹാരങ്ങൾ), മലയാളപ്പൂക്കൾ (ഗാനസമാഹാരം), ഓലച്ചൂട്ടിന്റെ വെളിച്ചം, പുഴ തന്ന പുസ്തകം, പൊക്കിൾക്കൊടിയുടെ വീട്, ഉറങ്ങുന്ന തീനാളം, എനിക്ക് ഞാനാകണം, കമ്മലുത്സവം, പുലരിത്തൂവൽ, എന്നിലുണ്ടെല്ലാമെല്ലാം, കടങ്കഥയുടെ കളിവീട്, അച്ഛൻ പറഞ്ഞത് മകനറിഞ്ഞത്, സ്നേഹം തന്നെ വീണ തണൽമരം, കിളിയമ്മ, മുത്തുമൊഴികൾ, അറിവും മുറിവും, പട്ടം, മൺകുടം, കുരുവിക്കൂട്, ചിമിഴ്, നേര്, മൺകുടം, വിത്തിലൊളിച്ച സത്യം (ബാലസാഹിത്യം) തുടങ്ങിയവയാണ്.