Site iconSite icon Janayugom Online

ആരവമുയര്‍ത്തിയ തകര; ചാമരം വീശി യാത്രാമൊഴി

prathap pothenprathap pothen

മാനസിക വളർച്ചയില്ലാത്ത തകരയെപ്പോലെ പ്രതാപ് പോത്തന്റെ ഭൂരിഭാഗം കഥാപാത്രങ്ങളിലും അപൂർണത നിറഞ്ഞിരുന്നു. പല കഥാപാത്രങ്ങളും സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു നിന്നു. ചിലർ ബുദ്ധിമാന്ദ്യം പ്രകടിപ്പിച്ചു. ചിലർ ഉന്മാദികളായി അലഞ്ഞു. പലരും ബുദ്ധിജീവികളെപ്പോലെ പെരുമാറി. സമൂഹത്തെ അടയാളപ്പെടുത്തുന്ന.. സാമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വലിയ സിനിമകൾക്കിടയിലേക്കാണ് സ്വത്വ പ്രതിസന്ധി നേരിടുന്ന പ്രതാപ് പോത്തന്റെ കഥാപാത്രങ്ങളും വേറിട്ട ജീവിത പശ്ചാത്തലവുമുള്ള സിനിമകളുമെത്തിയത്.
ദുരന്തപൂർണമായ ജീവിതാവസ്ഥകളിലൂടെ കയറിയിറങ്ങിപ്പോയ സിനിമകളെയും കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചേറ്റി. അയാളിലെ പുഞ്ചിരിക്കുന്ന ക്രൂരനായ വില്ലനെപ്പോലും സ്ത്രീ പ്രേക്ഷകർ പ്രണയിച്ചു. തകരയിലെ തകരയും ലോറിയിലെ ദാസപ്പനും ചാമരത്തിലെ വിനോദും നവംബറിന്റെ നഷ്ടത്തിലെ ദാസും നിറഭേദങ്ങളിലെ ജയദേവനും അയാളും ഞാനും തമ്മിലെ ഡോക്ടർ സാമുവലും 22 ഫീമെയിൽ കോട്ടയത്തിലെ ഹെഗ്ഡേയുമെല്ലാം അപൂർണതകൾക്കിടയിലും കരുത്തരായി പ്രേക്ഷക ഹൃദയം കീഴടക്കിയ കഥാപാത്രങ്ങളായിരുന്നു.
അധ്യാപികയെ പ്രണയിച്ച വിനോദും ചെല്ലപ്പനാശാരിയുടെ വാക്കുകളിൽ വശംവദനായി സുഭാഷിണിയെ തേടിയ തകരയുമെല്ലാം നടന്നടുക്കുന്നത് ദുരന്തങ്ങളിലേക്കായിരുന്നു. തോറ്റും തോറ്റു കൊടുത്തും രംഗത്ത് നിന്ന് മാറി നിന്നും തന്റെ കഥാപാത്രങ്ങളെപ്പോലെ തന്നെയായിരുന്നു പ്രതാപ് പോത്തനും. കുറച്ചു കാലം മലയാള സിനിമയിൽ നിന്ന് മാറി നിന്ന പ്രതാപ് പോത്തൻ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ ഹെഗ്ഡേ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയാണ് തിരിച്ചെത്തുന്നത്.
തകരയെയും വിനോദിനെയുമെല്ലാം അനശ്വരമാക്കിയ അദ്ദേഹത്തെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തുന്നത് വർഷങ്ങൾക്ക് ശേഷം തന്റെ നൂറാം ചിത്രത്തിലാണ്. ഏകാന്തത വേട്ടയാടുന്ന ഔസേപ്പച്ചൻ എന്ന എഴുപത്തഞ്ചുകാരനായി വേഷമിട്ട വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുന്നത്. ഒരു രാത്രി വീട്ടിൽ കയറുന്ന കള്ളനുമായി ഔസേപ്പച്ചനുണ്ടാവുന്ന ഹൃദയബന്ധമായിരുന്നു ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമേയം. ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ഡോ: സാമുവലും പ്രതാപ് പോത്തന്റെ ശ്രദ്ധേയമായ കഥാപാത്രമായി. പതിവ് ശൈലികൾ നിഴലിക്കാത്ത, നന്മ നിറഞ്ഞ, സ്നേഹം വഴിഞ്ഞൊഴുകുന്ന കഥാപാത്രമായിരുന്നു ഡോക്ടർ സാമുവൽ.
പ്രത്യേക ശരീര ഭാഷയും അഭിനയ ശൈലിയുമായിരുന്നു പ്രതാപ് പോത്തനെ വേറിട്ടു നിർത്തിയിരുന്നത്. ഇംഗ്ലീഷ് ചുവയുള്ള മലയാളത്തിൽ സംസാരിക്കുമ്പോഴും തകരയെപ്പോലെ മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അസാധാരണമായ അഭിനയ ശൈലി കൊണ്ടാണ്. നായകനാകുമ്പോഴും കൊടുംവില്ലനാകുമ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ അമാനുഷികത കടന്നു വന്നില്ല.
അഭിനേതാവിനപ്പുറം എഴുത്തുകാരനായും സംവിധായകനായും നിർമ്മാതാവായും അദ്ദേഹം സജീവമായി. ശിവാജി ഗണേശനെയും മോഹൻലാലിനെയും ഒന്നിപ്പിച്ച് ഒരുക്കിയ ഒരു യാത്രാമൊഴി പ്രതാവ് പോത്തന്റെ സംവിധാന മികവിന് ഉദാഹരണമാണ്. ഒരു കാതൽ കതൈ എന്ന ആദ്യ സംവിധാന സംരംഭത്തിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുക്കിയ ഋതുഭേദം എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു. തന്റെ ഊട്ടിയിലെ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളിൽ നിന്നൊരുക്കിയ ഡെയ്സി എന്ന പ്രണയ ചിത്രം വൻ വിജയം നേടി. ജീവ, വെട്രി വിഴ, മൈ ഡിയർ മാർത്താണ്ടൻ, ചൈതന്യ, മകുടം, ആത്മ, ശിവലപ്പേരി പാണ്ടി, ലക്കി മാൻ തുടങ്ങി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. 

You may like this video also

Exit mobile version