Site iconSite icon Janayugom Online

ചിറകുവെട്ടിയിട്ടും പറന്ന പക്ഷി

ന്ത്രണ്ടാം വയസില്‍ പ്രേമത്തെക്കുറിച്ചൊരു കഥയാണവള്‍ ആദ്യമെഴുതിയത്. അനുരാഗബദ്ധരായ രണ്ടു പേരുടെ കഥ. പേര് കോവളം. ആരുമറിയാതെ ഒരു വാരികയ്ക്ക് അയച്ചുകൊടുത്തെങ്കിലും കഥ തിരിച്ചുവന്നു. മടക്കത്തപാൽ കിട്ടിയതാകട്ടെ യാഥാസ്ഥിതികനായ പിതാവ് വർക്കി എം മാത്യുവിന്റെ കയ്യിൽ. നല്ല കുടുംബത്തിലെ കുട്ടികൾക്ക് ചേർന്നതല്ല ഈ പണി എന്ന്, പിതാവ് എഴുത്ത് വിലക്കി. എന്നിട്ടും വെളിച്ചം കാണാതെ ചിതലരിച്ചുപോയ നാലഞ്ചു കഥകൾകൂടി അവളെഴുതി. പത്തൊമ്പതാം വയസിൽ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. തോമസ് സക്കറിയയുടെ ജീവിതസഖിയായി. വെെകാതെ ശോഭയും ദീപയും പിറന്നു. മക്കൾ മുതിർന്നതോടെ പകലുകൾ ഏകാന്തമായിത്തുടങ്ങി. ഡോക്ടര്‍ മാത്രമായിരുന്നു പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന കണ്ണി. അങ്ങനെ ആശുപത്രിയിലെ ജീവിതം സുപരിചിതമായി. ആദ്യ നോവൽ എഴുതിയതും അതേ പശ്ചാത്തലത്തില്‍. കയ്യെഴുത്തുപ്രതി കാണാനിടയായ പത്രപ്രവര്‍ത്തകന്‍ തോമസ് ചെറിയാനാണ് പ്രസിദ്ധീകരണത്തിന് മുന്‍കയ്യെടുത്തത്. അങ്ങനെ ‘ജീവിതമെന്ന നദി’ എന്ന നോവലും സാറാ തോമസ് എന്ന നോവലിസ്റ്റും മലയാളത്തിന് സ്വന്തമായി. ആശുപത്രിയെ പശ്ചാത്തലമാക്കിയുള്ള അസ്തമയം, മുറിപ്പാടുകൾ, വെള്ളരേഖകൾ എന്നിവയും സാറാ തോമസ് എഴുതി. എന്നിട്ടും മറ്റ് എഴുത്തുകാരെപ്പോലെ പൊതുപരിപാടികളിൽ പങ്കെടുക്കാനോ സാഹിത്യസമ്മേളനങ്ങളിൽ പ്രസംഗിക്കാനോ അക്കാദമികളുടെ അധികാരക്കസേരകളിൽ കയറാനോ സാറാതോമസ് തയ്യാറായില്ല. പദവികളും പ്രശസ്തിയുമല്ല നന്മയും തിന്മയും ഇടകലര്‍ന്ന ജീവിതവ്യഥകളും വിജയങ്ങളും അക്ഷരങ്ങളാക്കുകയാണ് നിയോഗമെന്നവര്‍ കരുതി, പ്രവര്‍ത്തിച്ചു.


ഇതുകൂടി വായിക്കൂ: പെൺമണമുള്ള പ്രണയകഥനങ്ങൾ


പി എ ബക്കർ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് 1976ൽ പുറത്തുവന്ന മലയാളചലച്ചിത്രമാണ് മണിമുഴക്കം. ആവര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. 1976ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനും അർഹമായി. സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ എന്ന് അറിയുന്നവര്‍ ഇന്ന് ചുരുക്കം. ആ ചിത്രത്തിന്റെ സംഭാഷണവും കഥാകൃത്തിന്റേത് തന്നെയാണ്. ഹിന്ദുവായി ജനിച്ച് ക്രൈസ്തവ അനാഥാലയത്തിൽ വളർന്നുവരികയും പിന്നീട് ഹിന്ദു കുടുംബത്തില്‍ എത്തിപ്പെടുകയും ചെയ്യുന്ന ഒരു യുവാവിന്റെ വിശ്വാസങ്ങളുടെ സംഘര്‍ഷമാണ് കഥ. മത ചുറ്റുപാടുകളാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു വ്യക്തിത്വത്തിന്റെ കഥ. മതരീതികളിലെ വൈചിത്ര്യം കാരണം ജോസ് എന്ന കഥാപാത്രം അനുഭവിക്കുന്ന ഒറ്റപ്പെടലുകളാണ് പ്രമേയം. മതവിശ്വാസത്തിന്റെ ചട്ടക്കൂടുകളില്‍ ജനിച്ചു വളര്‍ന്ന് സമൂഹത്തിലേക്ക് പടരാന്‍ കൊതിച്ച സാറയുടെ തന്നെ പ്രതിരൂപങ്ങളാണിവയെല്ലാം.
1978ലാണ് നാർമടിപ്പുടവ വായനക്കാരെ തേടിയെത്തുന്നത്. തൊട്ടടുത്ത വർഷം നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. സാറാ തോമസിനെ മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരിയായി പ്രതിഷ്ഠിച്ചത് ഈ കൃതിയാണ്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയ്ക്കു സമീപം കോട്ടവാതിലിനുള്ളിൽ ജീവിച്ചിരുന്ന തമിഴ് ബ്രാഹ്മണരുടെ ജീവിതമാണ് പ്രമേയം. ആഭരണങ്ങളുടെ വേലിക്കെട്ടില്ലാത്ത മുഖസൗന്ദര്യം പോലെ, അലങ്കാരങ്ങളുടെ ആടയാഭരണങ്ങളില്ലാത്ത ജീവിതത്തിന്റെ ഗതിയും സത്യവും. വിവാഹം എന്തെന്നും ജീവിതം എന്തെന്നും മനസിലാക്കാൻ പോലും കഴിയുന്നതിനു മുമ്പ് 16-ാം വയസില്‍ കനകത്തിന് വിവാഹപ്പന്തലില്‍ തലകുനിക്കേണ്ടി വന്നു. ഇത് നോവലിസ്റ്റിന്റെ 19-ാം വയസിലെ ദാമ്പത്യാരംഭത്തെ ഓര്‍മ്മിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ: അനുഭൂതി സാന്ദ്രമയ ആഖ്യാന സൗന്ദര്യം


കാഴ്ചകൾ അന്യമായ കണ്ണമ്മയുടെ ശബ്ദലോകത്തെ പരിചയപ്പെടുത്തുന്ന കഥയാണ് ‘കുപ്പിവളകൾ’. ഒരിക്കൽ അനാഥാലയത്തിലെത്തിയ അതിഥിയിൽ നിന്നും പുതുവസ്ത്രം സ്വീകരിച്ച് നിസംഗതയോടെ മടങ്ങുമ്പോൾ കൂട്ടുകാർ പറഞ്ഞ് അവരുടെ മകളുടെ കയ്യിലെ കുപ്പിവളകളെക്കുറിച്ച് അറിയുന്നു. കുപ്പിവളകളുടെ കിലുക്കം കണ്ണമ്മയ്ക്ക് ആഹ്ലാദം പകരുന്നു. ‘കുപ്പിവളകളുടെ മന്ദ്രനാദം കേൾക്കുന്ന തിരക്കിൽ അവൾ മറ്റെല്ലാം മറന്നുപോയിരുന്നു’ എന്ന് കഥ അവസാനിക്കുന്നു.
ദളിതർ അനുഭവിച്ച കടുത്ത അനീതിയെക്കുറിച്ചും സാമൂഹിക അസമത്വത്തെക്കുറിച്ചുമാണ് ദൈവമക്കള്‍ പറഞ്ഞത്. എന്നാൽ, ദളിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ വേർതിരിക്കുന്നതിനോട് സാറാ തോമസിന് താല്പര്യമുണ്ടായിരുന്നില്ല. ‘ഞാൻ എഴുത്തിലെ ജനറൽ സർജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാൽ, സ്പെഷ്യലിസ്റ്റുകളോട് വിരോധവുമില്ല. ചെറുപ്പത്തിലേ ചിറകുവെട്ടിയ പക്ഷിയാണ് ഞാൻ. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് വളർന്നത്. കുടുംബിനിയായി നിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ട് എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. വീട്ടിൽ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും. എന്നാൽ, ഒട്ടും സങ്കടമില്ല’ എന്നാണ് സാറാ തോമസിന്റെ സ്വയം വിലയിരുത്തല്‍.


ഇതുകൂടി വായിക്കൂ: എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു


നാട്യമില്ലാത്ത എഴുത്തുകാരിയായിരുന്നു സാറാ തോമസ്. ജീവിതത്തിന്റെ നേരുകൾ നിറഞ്ഞു നിൽക്കുന്ന കഥകളും നോവലുകളും മലയാളത്തിന് അവർ സമ്മാനിച്ചു. അനുഭവങ്ങളുടെ മണമുള്ളതാണ് ആ കഥകൾ. സഹതാപാർദ്രമായ ജീവിതവീക്ഷണം പിൽക്കാല നോവലുകളിൽ കാണാം. തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ദൈവമക്കളിലെ കുഞ്ഞിക്കണ്ണനാണെന്ന് സാറ പറഞ്ഞിട്ടുണ്ട്. വലിയ ആളുകളുടെ ഇല്ലാത്ത ദുഃഖങ്ങളും മോഹങ്ങളും പെരുപ്പിച്ചു കാട്ടുകയാണ് ഇപ്പോഴത്തെ നോവലിസ്റ്റുകൾ എന്ന ഒരു ദളിത് വിദ്യാർത്ഥിയുടെ വിമര്‍ശനത്തില്‍ നിന്നാണ് ദൈവമക്കളുടെ രചനയിലേക്കെത്തിയത്.
17 നോവലുകളും തെളിയാത്ത കൈരേഖകൾ, ഗുണിതം തെറ്റിയ കണക്കുകൾ, പെൺമനസുകൾ, സാറാ തോമസിന്റെ കഥകൾ തുടങ്ങി ഏഴ് കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണ ഗ്രന്ഥവും സാറ മലയാളത്തിന് സമ്മാനിച്ചു. അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങളായി. ‘നീലക്കുറിഞ്ഞികൾ പൂക്കും നേരം’ എന്ന കഥ, തിരക്കഥയാക്കിയെങ്കിലും അപ്പോഴേക്കും ന്യൂജനറേഷൻ തരംഗം തുടങ്ങിയതുകൊണ്ട് മുന്നോട്ടു പോയില്ലെന്ന് സാറ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഒഴിഞ്ഞുമാറല്‍ തന്നെയാണ് സാറാ തോമസിന്റെ വിശുദ്ധിയും ശക്തിയുമായിരുന്നത്.

Exit mobile version