18 April 2024, Thursday

പെൺമണമുള്ള പ്രണയകഥനങ്ങൾ

ജേക്കബ് ഏബ്രഹാം
October 30, 2022 6:45 am

“ആത്മാവും ശരീരവും ഒന്നായിത്തീരുന്ന പെണ്ണിന്റെ ജീവിത യാത്ര തന്നെ ഒരു കവിതയാണ് ”
പുതുകാല അമേരിക്കൻ കവിതയുടെ ആമുഖക്കുറിപ്പായി എഴുത്തുകാരി ലൗസി തോർട്ടൻ എഴുതിയ വരികളാണ് ഇത്. കവിയും എഴുത്തുകാരിയും അധ്യാപികയുമായ വിജിഷ വിജയന്റെ എന്റെ കടിഞ്ഞൂൽ പ്രണയ കഥനങ്ങൾ എന്ന ഓർമ്മക്കുറിപ്പുകളുടെ വായന കഴിഞ്ഞപ്പോൾ ലൂസി എഴുതിയ വരികളാണ് മനസ്സിലേക്ക് ഓടിയെത്തിയത്.
ഓർമ്മകളുടെ വീണ്ടെടുപ്പാണ് സാഹിത്യം എന്നാണ് 2022 ലെ സാഹിത്യ നോബേൽ നേടിയ ആനി എർണോയും നിസംശയം പ്രഖ്യാപിക്കുന്നത്. ആത്മകഥാസാഹിത്യത്തിന് മുമ്പെങ്ങുമില്ലാത്ത വിധം പ്രാമുഖ്യം കിട്ടുന്ന കാലത്താണ് നാം വായനാ ജീവിതം നയിക്കുന്നത്.
സത്യാനന്തര ലോകത്തിന്റെ ആഖ്യാന സമ്യദ്ധിയുടെ കാലഘട്ടത്തിൽ സത്യത്തെ അന്വേഷിക്കുന്ന രചനകൾ വ്യക്തി ജീവിതം വരച്ചിടുന്നു. ഒരുവൾ നടന്നു പോയ വഴിയുടെ ഹരിതാഭയും കാരി മുള്ളും നൊമ്പരവും കാഴ്ചപ്പാടുകളും ചേർത്ത് ഈ യുവ കവി എഴുതുന്ന പ്രണയകഥനങ്ങൾ അതുകൊണ്ടു തന്നെ പെൺമയുടെ ഉത്സവമായി വായിക്കുകയാണ് ഞാൻ.
മലപ്പുറത്തിന്റെ നാട്ടിൻ പുറത്ത് ജനിച്ചു വളർന്ന ഈ എഴുത്തുകാരിയുടെ പെൺകുട്ടിക്കാലത്തിന്റെ ആത്മഹർഷങ്ങളായും യുവത്വത്തിന്റെ അമ്പരപ്പായും സാധ്യതകളായും എഴുത്ത് വഴി തുറക്കുന്നു. വിവിധ തരം കണ്ടീഷനിങ്ങുകൾക്ക് കീഴെ പൊറുതിമുട്ടുന്ന പെൺ ശരീരത്തെ/അവൾ ഇടങ്ങളെ ഒരു ഹൈജംപ് ചാട്ടക്കാരിയെപ്പോലെ വിജിഷ ചാടിക്കടക്കുന്നു. ആഖ്യാനത്തിന്റെ സാഹിത്യ ഭംഗിയ്ക്കുപരി കഥ പറയുന്ന ഒരു കൂട്ടുകാരി എന്ന നിലയിലാണ് ഇതിലെ ഹൃദ്യമായ കുറിപ്പുകൾ മനസിനെ തൊടുന്നത്.
ആദ്യ അധ്യായത്തിലെ ബൃഹന്ദള ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്കും പരിചിതമാകുന്നു. ലൈംഗിക ന്യൂനപക്ഷത്തിന്റെ പ്രതിനിധി കൂടിയായ ബൃഹന്ദള ഒരു ചെറു കണ്ണുനീർ നനവായി പടരുന്നു. എഴുത്തുകാരിക്ക് ഹാസ്യത്തിന്റെ വഴിയും വഴങ്ങുമെന്ന് തെളിയിക്കുന്നതാണ് ദാമോദരഫോബിയ എന്ന ലേഖനം. ചിരിച്ച് ചിരിച്ചു ചില നാട്ടുമ്പുറ മനുഷ്യ പ്രകൃതം പരിചയപ്പെടാൻ കഴിയും ഇതില്‍. ഇങ്ങനെ ഓരോ ഓർമ്മയിലും ജീവിത രസത്തെ ഊറ്റി കുടിക്കുകയാണ് ഈ എഴുത്തുകാരി.
മനുഷ്യ കുലത്തിന്റെ ഏറ്റവും വലിയ അത്ഭുതമെന്നു പറയുന്നത് ആണും പെണ്ണും തമ്മിലുള്ള ആകർഷണീയതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതിനു കാരണം ആണിനെക്കുറിച്ച് പെണ്ണിനും പെണ്ണിനെക്കുറിച്ച് ആണിനും ഇനിയും കൗതുകം അവശേഷിക്കുന്നു എന്നതാണ്. വിജിഷയുടെ ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോൾ എനിക്ക് ഒട്ടുമേ പരിചയമില്ലാത്ത ഒരു പെൺ മനസ് തുറന്നു കണ്ട അനുഭൂതി. പെൺ നോട്ടങ്ങൾ എത്ര മാത്രം നിഷ്കളങ്കവും ആർദ്രവുമാണ്.
ട്രാൻസ് ജൻഡർ ബൃഹന്ദള എന്ന കൂട്ടുകാരിയും മിഠായി തെരുവിലെ കൈ നോട്ടക്കാരനും എലിയറ്റ് യൂണിവേഴ്സിറ്റിയിലെ പ്രിൻസിപ്പലും മൂക്കൊലിക്കുന്ന ഷഹാനയുമൊക്കെ കിടിലൻ കഥാപാത്രങ്ങൾ. അച്ഛൻ, അയൽപക്കക്കാർ, കൂട്ടുകാർ തുടങ്ങി പുരുഷ സഹജീവികളെ നോക്കുന്ന നോട്ടത്തിലും രസം കാണാം എഴുത്തിൽ.
കവിയായ വിജിഷ എഴുതുമ്പോൾ ഭാഷയുടെ കിലുക്കം കേൾക്കാം നല്ല പ്രയോഗങ്ങളിൽ ഉപമകൾ. ജഡിലമാകാതെ കൊലുസിട്ട പാലപ്പം പോലെ ഓർമ്മകളുടെ പാലൈസ് പോലെ
എനിക്കും ഓർമ്മകൾ എഴുതാൻ തോന്നി. 30 ന്റെ ഹൈജംപ് ബാർ ചാടിക്കടന്ന എഴുത്തുകാരിയുടെ ഈ കുറിപ്പുകൾ ഏറെ വായിക്കപ്പെടുമെന്ന് ഉറപ്പാണ്. 

എന്റെ കടിഞ്ഞൂൽ പ്രണയ കഥനങ്ങൾ
(ഓര്‍മ്മ)
വിജിഷ വിജയന്‍
സൈകതം ബുക്സ്
വില: 190 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.