യുഎസ് സാമ്രാജ്യത്തിന്റെ നാണംകെട്ട മറ്റൊരു പരാജയത്തിനും പലായന ശ്രമത്തിനുമാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ലോകത്തെ കീഴടക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട് അവര്‍ നടത്തിയ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിസാഹസിക സൈനിക നടപടിയുടെ ദുരന്താന്ത്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകം ഞെട്ടലോടെ വീക്ഷിച്ചത്.
യുഎസിന്റെയും അവരുടെ നാറ്റോ സഖ്യശക്തികളുടെയും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് മിന്നല്‍ വേഗത്തിലാണ് മതതീവ്രവാദ രാഷ്ട്രീയത്തിന്റെ പൈശാചിക മുഖങ്ങളില്‍ ഒന്നായ താലിബാന് മുന്നില്‍ തലസ്ഥാന നഗരമായ കാബൂളടക്കം അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയത്. യുഎസും നാറ്റോയും അളവറ്റ പണമൊഴുക്കി പരിശീലിപ്പിച്ച്, ആയുധമണിയിച്ച മൂന്നരലക്ഷത്തില്‍പരം വരുന്ന അഫ്ഗാന്‍ പ്രതിരോധസേന കേവലം 50,000–60,000 മാത്രം വരുന്ന പ്രാകൃത താലിബാന്‍ ഭീകരവാദ പോരാളികള്‍ക്ക് മുന്നില്‍ ചിതറിപ്പോകുന്നത് ലോകം അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. കാബൂളിന്റെ പതനത്തിന് ഒരു ദിവസം മുമ്പുവരെയും അതിന് 30 മുതല്‍ 90 ദിവസംവരെ വേണ്ടിവരുമെന്നാണ് പെന്റഗണ്‍ പ്രവചിച്ചത്. കാബൂളിന്റെ പതനം പൂര്‍ത്തിയാവാന്‍ കാത്തുനില്‍ക്കാതെ യുഎസ് സാമ്രാജ്യത്തിന്റെ പാവഭരണകൂടത്തെ നയിച്ചിരുന്ന പ്രസിഡന്റ് അഷറഫ് ഗനി തന്റെ ജനതയെ താലിബാന്റെ ബലിയാടുകളാക്കി രാജ്യം വിട്ടു.
2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്ക് നഗരത്തിലെ ലോകവ്യാപാര ഇരട്ട ഗോപുര സമുച്ചയത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള പ്രതിക്രിയയാണ് രണ്ട് പതിറ്റാണ്ട് മുമ്പ് യുഎസിന്റെ അഫ്ഗാന്‍ യുദ്ധം ആരംഭിക്കുന്നത്. അന്ന് യുഎസ് കോണ്‍ഗ്രസില്‍ സൈനിക നടപടിക്ക് കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയ ജോര്‍ജ്ജ് ഡബ്ല്യു ബുഷിനെ എതിര്‍ത്ത ഏക ജനപ്രതിനിധി സഭാംഗം ബാര്‍ബറ ലീയുടെ വാക്കുകള്‍ പ്രവചനാത്മകമായി ചരിത്രം വിലയിരുത്തും.
‘ഭീകരതയെപ്പറ്റിയുള്ള ഭയപ്പാടുകള്‍ നമ്മെ വേട്ടയാടുകയാണ്. എന്നിരിക്കിലും (അമേരിക്കന്‍) ഐക്യനാടുകള്‍ക്ക് എതിരായ അന്താരാഷ്ട്ര ഭീകരതയെ സൈനിക നടപടികള്‍കൊണ്ട് തടയാനാവും എന്ന് ഞാന്‍ കരുതുന്നില്ല. ഒരു കേന്ദ്രീകൃത ലക്ഷ്യമോ നിര്‍ഗമന തന്ത്രമോ ഇല്ലാത്ത തുറന്ന യുദ്ധത്തിലേക്ക് കടക്കുന്നത്, കരുതലോടെ ആയിരിക്കണം’ അവര്‍ മുന്നറിയിപ്പ് നല്കി. ലോക വ്യാപാര സമുച്ചയത്തിന് നേരെ ഭീകരാക്രമണം നടന്ന് ഏഴു ദിവസം മാത്രം പിന്നിടുമ്പോഴാണ് സൈനിക തിരിച്ചടിക്ക് ബുഷ്, യുഎസ് കോണ്‍ഗ്രസിന്റെ നിരുപാധിക അംഗീകാരം തേടിയത്. ഭീകരാക്രമണത്തിനു പിന്നില്‍ ആരാണെന്നുപോലും വ്യക്തമല്ലാത്ത സമയത്തായിരുന്നു ബുഷിന്റെ സൈനിക സാഹസിക നീക്കം. 98 അംഗങ്ങള്‍ പങ്കെടുത്ത സെനറ്റ് സമ്മേളനം ഏകകണ്ഠമായാണ് യുദ്ധ നീക്കത്തിന് അംഗീകാരം നല്കിയത്. പ്രതിനിധി സഭയില്‍ ബാര്‍ബറ ലീ ഒഴികെ പങ്കെടുത്ത 420 പേരും ബുഷിനെ അനുകൂലിച്ചു.
തുടര്‍ന്നിങ്ങോട്ട് അധികാരത്തില്‍ വന്ന ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ് എന്നിവരെല്ലാം ആ യുദ്ധവുമായി മുന്നോട്ടുപോയി. യുഎസ് ഖജനാവില്‍ നിന്ന് രണ്ട് ലക്ഷം കോടി ഡോളര്‍ (150 ലക്ഷം കോടി രൂപ) അഫ്ഗാന്‍ യുദ്ധത്തിനു മാത്രം ഒഴുക്കി. സൈനികരും സിവിലിയന്‍മാരുമടക്കം 3,500 ലധികം യുഎസ് പൗരന്മാരുടെ മൃതശരീരങ്ങള്‍ രാജ്യത്ത് തിരിച്ചെത്തി. 20,000 ത്തിലധികം പേര്‍ പരിക്കേറ്റു ജീവച്ഛവങ്ങളായി. യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത 1,64,436 അഫ്ഗാനികള്‍ കൊലചെയ്യപ്പെട്ടു. നിരപരാധികളായ അഫ്ഗാനികളുടെ ജീവനാശം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. യുഎസ് പിന്മാറ്റത്തോടെ അഫ്ഗാനില്‍ സംഭവിക്കുന്ന ജീവനാശത്തെപ്പറ്റി, അതിന്റെ ഭീകരതയെപ്പറ്റി നടുക്കത്തോടെയേ ആലോചിക്കാനാവു. അതിന്റെ തിരനോട്ടം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലോകത്തിന് കാട്ടിത്തന്നു.
അഫ്ഗാന്‍ അധിനിവേശം ‘ഭീകരതയ്ക്കെതിരായ യുഎസ് യുദ്ധത്തി‘ന്റെ തുടക്കം മാത്രമായിരുന്നു. തുടര്‍ന്ന് ഇറാഖ്, സിറിയ തുടങ്ങി യുഎസ് സാമ്രാജ്യത്വം നടത്തിയ സൈനിക ഇടപെടലുകളും അത് പശ്ചിമേഷ്യയിലും ലോകത്തും സൃഷ്ടിച്ച ദുരന്താനുഭവങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ലോകത്തെയാകെ കീഴടക്കാനുള്ള യുഎസ് സാമ്രാജ്യത്ത വ്യാമോഹം അമേരിക്കന്‍ ജനതയെയും അവരുടെ സമ്പദ്ഘടനയെയും അളവറ്റ ദുരിതത്തിലാഴ്ത്തി. അതില്‍നിന്നുള്ള കരകയറ്റം എത്രത്തോളം ദുഷ്കരമാണെന്ന് സമകാലിക യുഎസ് യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ‘ഭീകരതക്കെതിരായ യുദ്ധ’ത്തില്‍ അതിന് ഇരകളായ രാജ്യങ്ങളില്‍ എട്ടുലക്ഷത്തില്‍പരം മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. 15,000 ത്തിലധികം യുഎസ് സൈനികരും സിവിലിയന്മാരും കൊല്ലപ്പെട്ടു. എട്ടു ലക്ഷം കോടി ഡോളര്‍ (600 ലക്ഷം കോടി രൂപ) ബാധ്യതയാണ് അത് യുഎസ് ഖജനാവിന് വരുത്തിവച്ചത്. സാമ്രാജ്യത്വ അതിക്രമങ്ങള്‍ക്ക് ഇരകളായ രാഷ്ട്രങ്ങളുടെയും ജനതകളുടെയും സാമ്പത്തിക നഷ്ടം അചിന്ത്യമാണ്.
ഭീകരതയുടെ പേരില്‍ യുഎസും നാറ്റോ സഖ്യരാഷ്ട്രങ്ങളും അഫ്ഗാനിസ്ഥാനില്‍ നടത്തിയ പരാക്രമം എത്രത്തോളം അധാര്‍മ്മികവും കാപട്യം നിറഞ്ഞതുമാണോ അത്രതന്നെ അധാര്‍മ്മികവും വഞ്ചനാപരവുമാണ് ഇപ്പോഴത്തെ പിന്മാറ്റവും. ജനാധിപത്യപരവും സാമൂഹികവും സാമ്പത്തികവുമായ നീതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള അഫ്ഗാന്‍ ജനതയുടെ അഭിവാഞ്ഛയെയും പരിശ്രമത്തെയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ തകര്‍ക്കാന്‍ കാലാകാലങ്ങളായി യുഎസ് ഭരണകൂടങ്ങള്‍ നടത്തിയ വിധ്വംസക ഇടപെടലുകളാണ് ഇപ്പോഴത്തെ ദുരന്തത്തില്‍ കലാശിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തങ്ങളുടെ രാജ്യത്തെ പ്രാകൃത ഗോത്രപാരമ്പര്യങ്ങളില്‍ നിന്നും പുരോഗമനാത്മകമായ ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ അഫ്ഗാന്‍ ജനത യത്നിച്ചുപോന്നിരുന്നു. കാലാകാലങ്ങളില്‍ അത്തരം ശ്രമങ്ങളെ അട്ടിമറിക്കാനും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും സാമ്രാജ്യത്വ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അത്തരം അട്ടിമറികള്‍ക്ക് നേതൃത്വം നല്കിയിരുന്നത് ബ്രിട്ടന്‍ ആയിരുന്നെങ്കില്‍, നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ യുഎസ് ആ പങ്ക് കയ്യാളുകയായിരുന്നു.
1970കളുടെ അവസാനപാദത്തില്‍ പ്രതീക്ഷാ നിര്‍ഭരമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിച്ചു. ഭൂപരിഷ്കരണം, വ്യവസായവല്കരണം, സ്ത്രീകളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അഫ്ഗാന്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിഷ്കാരങ്ങള്‍ യാഥാസ്ഥിതിക ഗോത്രനേതാക്കളുടെ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്നത്തെ സോവിയറ്റ് യൂണിയന്‍ നല്കിയ പിന്തുണ യുഎസ് സാമ്രാജ്യത്വ ഭരണകൂടത്തെ അസ്വസ്ഥമാക്കി. പാകിസ്ഥാനെയും അവരുടെ വിധ്വംസക ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെയും പങ്കാളിത്തത്തോടെ യുഎസും സിഐഎയും നടത്തിയ അട്ടിമറിശ്രമങ്ങളാണ് താലിബാന് ജന്മം നല്കിയത്.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഷ്തൂണ്‍ (പഠാന്‍) ഭൂരിപക്ഷ ഉത്തര പാകിസ്ഥാനില്‍ മതപഠനത്തിന്റെ പേരില്‍ സ്ഥാപിതമായ നൂറുകണക്കിന് മദ്രസകളും സെമിനാരികളും താലിബാന്‍ ഭീകരവാദത്തിന്റെ വിളനിലങ്ങളായി. അത് കേവലം അഫ്ഗാനിസ്ഥാനിലെ പഷ്തൂണ്‍ ഭൂരിപക്ഷ ജനവിഭാഗങ്ങളില്‍ നിന്നുള്ള തീവ്രവാദികളെ മാത്രമല്ല അല്‍ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകളെയും വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള കൂലിചാവേറുകളുടെയും പരിശീലന കളരികളായി മാറി. അന്ധമായ സോവിയറ്റ്, കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ പേരില്‍ യുഎസ് സാമ്രാജ്യത്വവും യാഥാസ്ഥിതിക അറബ് ഭരണകൂടങ്ങളും ഒഴുക്കിയ പണമാണ് താലിബാന്റെ സിരകളില്‍ ഒഴുകുന്ന ചോര.
യുഎസിനെ നടുക്കിയ 9/11 ഭീകരാക്രമണം ഫലത്തില്‍ അവര്‍ തന്നെ പാലൂട്ടി വളര്‍ത്തിയ അല്‍ഖ്വയ്ദ എന്ന വിഷസര്‍പ്പത്തിന്റെ സംഭാവനയായിരുന്നു എന്നത് അനിഷേധ്യമായ ചരിത്ര യാഥാര്‍ത്ഥ്യമാണ്. അതേതുടര്‍ന്നാണ് സിഐഎ വഴി യുഎസ് ഖജനാവില്‍ നിന്നുള്ള പണത്തിന്റെ കുത്തൊഴുക്ക് അവസാനിച്ചത്. അപ്പോഴേക്കും താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ മേഖലകളാകെ കറുപ്പ് പാടങ്ങളായി മാറിക്കഴിഞ്ഞു. ലോകത്താകെ ഉല്പാദിപ്പിക്കുന്ന കറുപ്പിന്റെ 95 ശതമാനവും ഉല്പാദിപ്പിക്കുന്നത് ഇന്ന് അഫ്ഗാനിസ്ഥാനിലാണ്. തങ്ങള്‍ കീഴടക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ മണ്ണിലെ കറുപ്പും അതിന്റെ സംസ്കൃത ലഹരിയും യൂറോപ്പിലും അമേരിക്കയിലും വിറ്റഴിച്ചുകിട്ടുന്ന പണം കൊണ്ടാണ് താലിബാന്‍ യുഎസിനെയും നാറ്റോ സഖ്യശക്തികളെയും വെല്ലുവിളിച്ചത്. യുഎസ് യൂറോപ്യന്‍ സാമ്രാജ്യ ശക്തികള്‍ അഫ്ഗാനിസ്ഥാനില്‍ കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന കാഴ്ചയ്ക്കാണ് ലോകം നടുക്കത്തോടെ സാക്ഷ്യം വഹിക്കുന്നത്.
യുഎസ് പിന്മാറ്റത്തോടെ അഫ്ഗാന്‍ യുദ്ധം അവസാനിക്കുകയല്ല, അത് പരിഷ്കൃത ജനാധിപത്യ ലോകത്തെ തുറിച്ചുനോക്കുന്ന മറ്റൊരു ഭീഷണിയുടെ നാന്ദികുറിക്കലാണെന്ന് ചുരുങ്ങിയ ദിവസങ്ങളിലെ സംഭവപരമ്പരകള്‍ വ്യക്തമാക്കുന്നു. താലിബാന്റെ അഫ്ഗാനിസ്ഥാന്‍ എന്തായിരിക്കും എങ്ങനെയായിരിക്കും എന്നത് പ്രവചനാതീതമാണ്. തുടക്കത്തില്‍ ലഭിച്ച സംയമനത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സന്ദേശങ്ങളെയാകെ നിരാകരിക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.