Site iconSite icon Janayugom Online

എന്നിട്ടുമവര്‍ ജനാധിപത്യത്തെയും സ്ത്രീസുരക്ഷയെയും കുറിച്ച് പറയുന്നു

ഇന്നലത്തെ ഡല്‍ഹി എക്കാലത്തെയും ഡല്‍ഹിയായിരുന്നില്ല. ചരിത്രത്തിന്റെ രഥചക്രങ്ങള്‍ ഉരുണ്ടുപാഞ്ഞത് എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന ഡല്‍ഹിയുമായിരുന്നില്ല, വ്യത്യസ്തമായിരുന്നു. ശ്രീകോവില്‍ എന്നത് പൗരാണികതയുമായി ബന്ധപ്പെട്ട പ്രയോഗമാണ്. എങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പാര്‍ലമെന്റിനെ (സന്‍സദ് ഭവന്‍) നാം ആ പേരിലാണ് വിശേഷിപ്പിക്കുന്നത്. രാജ്യതലസ്ഥാനത്ത് രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്സിന കുന്നുകള്‍ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റ് മന്ദിരം (ഇനിയത് പഴയ മന്ദിരം) ബ്രിട്ടീഷ് കാലത്ത് പണിതതാണ്. 1921ല്‍ പണി തുടങ്ങി, പൂര്‍ത്തീകരിച്ചത് 1927ല്‍. നാലുവര്‍ഷം കഴിഞ്ഞാല്‍ നൂറ്റാണ്ട് പഴക്കമാകുന്ന മന്ദിരം. ബ്രിട്ടീഷ് രാജവാഴ്ചക്കാലത്ത് ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നത് ഈ മന്ദിരത്തിലായിരുന്നു. രാജാധികാരത്തിന്റെയും കോളനി വാഴ്ചയുടെയും കേന്ദ്രമായിരുന്നു സന്‍സദ് ഭവന്‍. രാജ്യം ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളെ തുടര്‍ന്ന് പാരതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളിലേക്ക് എത്തിയതോടെ അത്തരം പേരുദോഷങ്ങളെ ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ ആസ്ഥാനമന്ദിരമായി മാറി സന്‍സദ് ഭവന്‍. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച രാത്രിയില്‍, 1947 ഓഗസ്റ്റ് 14 അര്‍ധരാത്രിയില്‍ വിധി വിധിയോട് കൂടിക്കാഴ്ച നടത്തിയ നിമിഷമെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ വിഖ്യാതമായ പ്രസംഗം നടന്നത് ആ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു. ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ നമ്മുടെ രാജ്യവും ജനതയും സ്വാതന്ത്ര്യത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് നെഹ്രു പറഞ്ഞതും അതേ ഹാളില്‍, അതേ രാത്രിയിലായിരുന്നു. പിന്നീട് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ചേര്‍ന്നിരുന്നതും അതേ മന്ദിരത്തിലായിരുന്നു.


ഇതുകൂടി വായിക്കു; അഴിമതിക്കാരെ പുറത്തുനിര്‍ത്തണം


ബ്രിട്ടീഷുകാരില്‍ നിന്ന് പൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം ശക്തിപ്പെട്ടതും സ്വയം സ്വീകരിച്ച ജനാധിപത്യം വിപുലീകരിക്കപ്പെട്ടതും മനുഷ്യാവകാശങ്ങള്‍ ഉറപ്പിക്കപ്പെട്ടതും അതേ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളിലൂടെയും നിയമ നിര്‍മ്മാണങ്ങളിലൂടെയുമായിരുന്നു. സ്വാതന്ത്ര്യാനന്തരമുള്ള 75 വര്‍ഷങ്ങളിലൂടെയുള്ള സഞ്ചാരപഥങ്ങളില്‍, ഭരണഘടനാ നിര്‍വഹണത്തിന്റെ അര്‍ത്ഥപൂര്‍ണമായ സംവാദങ്ങളുടെ മുഴക്കങ്ങള്‍ ആ മന്ദിരത്തിന്റെ അകത്തളങ്ങളില്‍ നിന്നുയരുന്നതു കേള്‍ക്കാം. മതേതരത്വത്തിന്റെ തെളിമയാര്‍ന്ന സംഘഗീതികള്‍ ശ്രവിക്കാം. സ്വാശ്രയത്വത്തിന്റെയും പൊതുമേഖലാ സംരക്ഷണത്തിന്റെയും ദേശസാല്‍ക്കരണത്തിന്റെയും പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹ്യ ദുരിത നിര്‍മ്മാര്‍ജനത്തിന്റെയും ചര്‍ച്ചകള്‍ രേഖപ്പെടുത്തിയതിന്റെ മഷിയടയാളങ്ങള്‍ കാണാം. സ്വാതന്ത്ര്യസമരസേനാനികളും മതേതരവാദികളും രാഷ്ട്രീയക്കാരും രാഷ്ട്രീയമില്ലാത്തവരും സമൃദ്ധമാക്കിയ സായാഹ്ന ചര്‍ച്ചകളുടെ പ്രതിധ്വനിയും കേള്‍ക്കാവുന്നതാണ്. കാലം കടന്നതോടെ ജനപ്രതിനിധികളുടെ എണ്ണം കൂടുകയും സന്‍സദ് ഭവന്റെ സൗകര്യങ്ങള്‍ കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ പുതിയ മന്ദിരമോ നിലവിലുള്ളതിന്റെ വിപുലീകരണമോ നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. പി വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴാണ് ആദ്യ ആലോചനകള്‍ നടന്നത്. അതിനു ശേഷം മന്‍മോഹന്‍ സിങ്ങിന്റെ കാലത്തും ചില നടപടികളുണ്ടായി. ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. അതിനിടയില്‍ ബിജെപി നേതാവ് എ ബി വാജ്പേയ് പ്രധാനമന്ത്രി ആയെങ്കിലും അക്കാലത്തും എന്തെങ്കിലും നടപടിയുണ്ടായില്ല. ഈയൊരു പശ്ചാത്തലം നിലവിലുള്ളപ്പോഴാണ് 2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്രമോഡി പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത്. അതാണ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്.


ഇതുകൂടി വായിക്കു; പരകാല പ്രഭാകർ കണ്ട പരമാർത്ഥങ്ങൾ


 

എന്നാല്‍ ഇതുവരെയുണ്ടാകാത്ത വിധം മതേതര രാജ്യത്തിന്റെ പാര്‍ലമെന്റില്‍ മതചിഹ്നങ്ങളും ജനാധിപത്യ രാജ്യത്തിന്റെ കേദാരത്തില്‍ രാജവാഴ്ചയുടെയും സവര്‍ണബോധ്യത്തിന്റെയും കോളനി മേധാവിത്തത്തിന്റെയും അടയാളങ്ങളും പതിപ്പിക്കപ്പെട്ടിരിക്കുന്നു. പൂര്‍വഗാമികളുടെ എല്ലാ നിലപാടുകളെയും സ്വപ്നങ്ങളെയും തകര്‍ത്തുകൊണ്ട്, ശനിയാഴ്ച അര്‍ധനഗ്നരായ ഹിന്ദുസന്യാസിമാര്‍ പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയപ്പോള്‍ അവിടെ മതേതരത്വം, ജനാധിപത്യം, വൈജാത്യബോധങ്ങള്‍ എന്നിവയെല്ലാം മരിച്ചുപോകുകയായിരുന്നു. പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം പ്രധാനമന്ത്രി നടത്തുന്നതിന്റെയും രാഷ്ട്രപതിയെ ക്ഷണിക്കാത്തതിന്റെയും അനൗചിത്യം വിവാദമായപ്പോള്‍ ചര്‍ച്ചയുടെ മുഖ്യധാരയിലേക്ക് ബിജെപി കൊണ്ടുവന്നതായിരുന്നു രാജാധികാരത്തിന്റെ ജീര്‍ണാവശിഷ്ടമെന്ന നിലയില്‍ ചെങ്കോല്‍ സ്ഥാപിക്കല്‍. ചവറ്റുകുട്ടയില്‍ പോലും സ്ഥാനമുണ്ടാകരുതാത്ത ഒന്നാണതെന്ന് അറിയാവുന്നതുകൊണ്ടായിരുന്നു, നെഹ്രുവിന് കൈമാറിയതെന്ന് ബിജെപി ഇപ്പോള്‍ ചമച്ചുണ്ടാക്കിയ കഥയിലെ ചെങ്കോല്‍ വിസ്മൃതിയിലാണ്ടുകിടന്നത്. പക്ഷേ ചെങ്കോലിനെ പൊടിതട്ടിയെടുത്ത് കൊണ്ടുവന്നപ്പോള്‍ രാഷ്ട്രപതിയെ ക്ഷണിക്കാതെ പോയതിന്റെ ഔചിത്യമില്ലായ്മ മറയ്ക്കപ്പെട്ടു. ചെങ്കോലും കിരീടവും നമ്മുടെ ചര്‍ച്ചകളെ പുഷ്കലമാക്കി. അതിലൂടെ തങ്ങളുടെ സവര്‍ണ ചിന്തകള്‍ ഊട്ടിയുറപ്പിക്കുവാനും വെറുപ്പ് പടര്‍ത്തല്‍ എളുപ്പമാക്കുവാനും സാധിച്ചുവെന്ന വിപരീതവും കൂടി സംഭവിച്ചു എന്ന് നാം മനസിലാക്കണം.  ദ്രൗപദി മുര്‍മു എന്ന ആദിമ ഗോത്ര വിഭാഗക്കാരിയെ എന്തുകൊണ്ടാണ് ഉദ്ഘാടകയാക്കാതിരുന്നത് എന്നതിന്റെ ഉത്തരം ശനിയാഴ്ചയും ഇന്നലെയും ഡല്‍ഹിയില്‍ മോഡിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകള്‍ കൃത്യമായി നല്കുന്നുണ്ട്. അത് വ്യക്തമായ സവര്‍ണമേധാവിത്തത്തെയാണ് അടിവരയിടുന്നത്. അര്‍ധവസ്ത്രരായ സവര്‍ണസന്യാസിമാരുടെ ഇടയില്‍ അകലം പാലിക്കാതെ മുര്‍മുവിനെ ഇരുത്തുവാന്‍ സാധിക്കാതെ വരുമോയെന്ന ആശങ്കതന്നെയാകണം അതിനുള്ള കാരണം. മഹാത്മാ ഗാന്ധിയെന്ന അര്‍ധനഗ്നനായ ഫക്കീറിനെ ഓര്‍ക്കുകയായിരുന്നു തങ്ങള്‍, അര്‍ധവസ്ത്ര സന്യാസികളിലൂടെയെന്ന് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ അവകാശപ്പെടാതിരുന്നാല്‍ ഭാഗ്യം.

ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം, തികച്ചും കൃത്രിമത്വം നിറ‍ഞ്ഞ അദ്ദേഹത്തിന്റെ ഭാവവും ശരീരഭാഷയും അത് ശ്രദ്ധിച്ചവര്‍ക്ക് അരോചകമാകുന്നതായിരുന്നു. കെട്ടുകഥകളും അമിതമായ അവകാശവാദങ്ങളും പറഞ്ഞുപൊലിപ്പിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗം ചരിത്രത്തില്‍ മറഞ്ഞുപോയ ചില സ്വേച്ഛാധികാരികളുടെ ചേഷ്ടകളെയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ കേന്ദ്രത്തില്‍ ഈ കെട്ടുകാഴ്ചകള്‍ അരങ്ങേറുമ്പോള്‍ത്തന്നെയാണ് തൊട്ടരികെ ഇന്ത്യന്‍ സ്ത്രീത്വം തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടത്. മോഡി ഭരണത്തിന്റെ പിടിപ്പുകേടില്‍ രാജ്യം ലോകത്തിന് മുന്നില്‍ തലകുനിച്ചു നില്‍ക്കുമ്പോള്‍, അഖര്‍ഹ എന്നറിയപ്പെടുന്ന ഇടിക്കൂടുകളില്‍ എതിരാളികളെ നേരിട്ട് മെഡല്‍ നേടിത്തന്ന് രാജ്യത്തിന്റെ അഭിമാനം കാത്തവരെയാണ് ഡല്‍ഹി പൊലീസ് തല്ലിയത്, വലിച്ചിഴച്ചത്, കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. അവര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും കര്‍ഷക നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. അസാധാരണമായൊരു സാഹചര്യത്തിലാണ് ഒരുമാസത്തിലധികമായി ഇന്ത്യയുടെ അഭിമാന താരങ്ങള്‍ സമരം നടത്തിവരുന്നത്. ജനുവരിയില്‍ ഇതേ താരങ്ങള്‍ ഡല്‍ഹിയിലെ മഞ്ഞുപെയ്യുന്ന ദിനരാത്രങ്ങളില്‍ സമരമിരുന്നതാണ്. അന്ന് നല്കിയ വാക്കുകളെല്ലാം പൊളിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഏപ്രില്‍ അവസാനം വീണ്ടും സമരത്തിനെത്തി. കോടതി ഇടപെടലിനെ തുടര്‍ന്ന് റസ്‍ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണെതിരെ സ്ത്രീ പീഡനം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതുമാണ്. ഒരുമാസമായിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കുവാനോ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് താരങ്ങള്‍ സമരം തുടരുന്നത്.


ഇതുകൂടി വായിക്കു; അങ്ങനെ അവര്‍ക്ക് ചെങ്കോലും ആയി…


 

രാജ്യത്തെ സ്ത്രീസുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പീഡന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി സ്വതന്ത്രനായി വിഹരിക്കുന്നത്. മാത്രമല്ല പരാതിക്കാരായ പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിച്ചുള്ള പ്രസ്താവനകളും പ്രചരണങ്ങളും തുടരുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഇന്നലെ താരങ്ങള്‍ക്ക് പിന്തുണയുമായി നൂറുകണക്കിനുപേര്‍ ഡല്‍ഹിയില്‍ മഹാ പഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്. അതില്‍ പങ്കെടുക്കാനെത്തിയ പലരെയും വഴികളില്‍ തടയുകയും കസ്റ്റഡിയിലെടുത്ത് തിരിച്ചയയ്ക്കുകയും ചെയ്തു. ഡല്‍ഹിയിലെത്താന്‍ സാധിച്ചവര്‍ പ്രതിഷേധ സൂചകമായി മാര്‍ച്ച് നടത്തിയപ്പോഴാണ് അഭിമാന താരങ്ങളെന്നോ എന്തിന് സ്ത്രീകളെന്നോ ഉള്ള പരിഗണന പോലും നല്കാതെ വലിച്ചിഴയ്ക്കുകയും കസ്റ്റഡിയിലെടുത്ത് മാറ്റുകയും ചെയ്തത്. രാജ്യ തലസ്ഥാനത്തെ വിശിഷ്ട ഭൂമിയില്‍ നിരവധി പെണ്‍കുട്ടികളുടെ കണ്ണീര്‍ വീണു. പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ വാചാടോപം നടക്കുമ്പോള്‍ അല്പമകലെ പെണ്‍കുട്ടികളുടെ വിങ്ങിപ്പൊട്ടലാണ് രാജ്യം കേട്ടത്. ഇതെല്ലാം കൊണ്ടുതന്നെ ഇന്നലത്തെ ഡല്‍ഹി എല്ലാകാലത്തെയും ഡല്‍ഹിയായിരുന്നില്ല. എന്നിട്ടും മോഡിയും കൂട്ടരും ജനാധിപത്യത്തെയും സ്ത്രീ സുരക്ഷയെയും കുറിച്ച് സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുകയാണ്.

Exit mobile version