Site iconSite icon Janayugom Online

നിര്‍മ്മിതബുദ്ധി രാജ്യത്തെ തൊഴില്‍മേഖലയെ അപകടത്തിലാക്കുന്നു: കെ സുബ്ബരായൻ എംപി

നിര്‍മ്മിതബുദ്ധി (എഐ) തൊഴില്‍ മേഖലയെ അപകടത്തിലാക്കുന്നതായി എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ സുബ്ബരായൻ എംപി പറഞ്ഞു. കോടികള്‍ കൊള്ളയടിക്കാനും തൊഴില്‍ദിനങ്ങള്‍ കുറയ്ക്കാനും കോർപറേറ്റുകൾ നിർമ്മിത ബുദ്ധിയെ ഉപയോഗിക്കും. കേന്ദ്രം കോർപറേറ്റുകൾക്ക് അനുകൂല നിലപടാണ് സ്വീകരിക്കുന്നത്. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘കോര്‍പറേറ്റ് മൂലധനവും തൊഴിലാളി വര്‍ഗവും’ എന്ന വിഷയത്തിൽ ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മുതലാളിത്ത വ്യവസ്ഥകളോട് കീഴ്പ്പെട്ട സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. അത് തൊഴില്‍മേഖലയിലും പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മൂലധനമെല്ലാം ഇന്ന് കോര്‍പറേറ്റുകളില്‍ നിക്ഷിപ്തമായിരിക്കുന്നു. വര്‍ണാശ്രമം വ്യവസ്ഥ പുനഃസൃഷ്ടിച്ച് രാജ്യത്ത് വര്‍ഗീയത വളര്‍ത്താനുള്ള പുതിയ ശ്രമങ്ങള്‍ നടന്നുവരികയാണ്. ഉല്പാദക രംഗത്തെ ലാഭമെല്ലാം കോര്‍പറേറ്റുകള്‍ വാങ്ങിയെടുക്കുന്നു. ഇതിന് മോഡി സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയിരിക്കുകയാണ്. അമേരിക്കയുടെ തീരുവ നിലപാടിനോട് കേന്ദ്രം ശക്തമായ നിലപാട് അറിയിച്ചിട്ടില്ല. മോഡിയുടെ മൗനം ചില സംശയങ്ങള്‍ക്കിടയാക്കുന്നു. ട്രംപിനോടുള്ള അതിരുകവിഞ്ഞ വിധേയത്വമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐടിയുസി ദേശീയ സെക്രട്ടറി ആര്‍ പ്രസാദ് മോഡറേറ്ററായി. എഐടിയുസി സംസ്ഥാന പ്രസിഡന്റും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാന പ്രസിഡ‍ന്റ് ടി പി രാമകൃഷ്ണന്‍ വിഷയാവതരണം നടത്തി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. എഐടിയുസി ദേശീയ സെക്രട്ടറി വാഹിദ നിസാം, സംസ്ഥാന വൈസ് പ്രസിഡന്റ് പി വി സത്യനേശന്‍, സംസ്ഥാന സെക്രട്ടറി എ ശോഭ, ജില്ലാ പ്രസിഡ‍ന്റ് വി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി ഡി പി മധു, വി സി മധു, എം കെ ഉത്തമൻ, എൻ എസ് ശിവപ്രസാദ്, ആര്‍ അനില്‍കുമാര്‍, സംഗീത ഷംനാദ്, വി സി മധു, എ എം ഷിറാസ് എന്നിവര്‍ പങ്കെടുത്തു.

Exit mobile version