ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ലോക കോടീശ്വരനും ”ടെസ്‌ല”യുടെ സ്ഥാപകനുമായ ഇലോൺ മസ്കും തമ്മിൽ നടത്തിയ സംഭാഷണം ലോകത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധി മാനവ ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരമായ ശക്തിയായി മാറുമെന്ന് ഇരുവരും അവരുടെ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ ”ബ്ലെയ്‌ലി” പാർക്കിൽ സംഘടിപ്പിച്ച സംവാദത്തിൽ ഇലോൺ മസ്ക് ”ഇന്നുള്ള ഏറ്റവും അതിസമർത്ഥനായ മനുഷ്യനേക്കാൾ ഏറ്റവും അതിസമർത്ഥനായ ഒന്നിനെ നമുക്ക് നിർമ്മിക്കാൻ കഴിയും” എന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. തലമുറകൾ കഴിയുംതോറും മനുഷ്യന്റെ ഐ ക്യൂ (ഇന്റലിജന്റ് കോഷ്യന്റ്) തന്നെ കൂടുതൽ മെച്ചപ്പെടുന്നതായി അനുഭവങ്ങളിൽ നിന്നും ഇന്നു നാം കാണുന്നുണ്ട്. ബുദ്ധിശക്തി കൂടുന്നത് മാനവരാശിയുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കപ്പെടേണ്ടതാണ്. എന്നാൽ കാല്പനിക കഥകളിലെയും സിനിമകളിലെയും വില്ലൻ കഥാപാത്രങ്ങളെയാണ് ഓർമ്മിപ്പിക്കുന്നതെങ്കിൽ അത് സർവനാശത്തിലേക്കായിരിക്കും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ഹോളിവുഡ് ത്രില്ലർ സിനിമയായ ആർണോൾഡ് ഷ്വെയ്റ്റ്സ്നേഗറുടെ ടെർമിനേറ്റർ — ദി ജഡ്ജ്മെന്റ്ഡേ സീരീസിലുള്ള സിനിമകൾ മനുഷ്യ സമൂഹത്തിന്റെ വിനാശത്തിന്റെ അനന്തസാധ്യതകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.
മറ്റു പല സിനിമകളും ഇതുപോലെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ ഉപയോഗവും ദുരുപയോഗവും നമുക്ക് മനസിലാക്കിത്തരുന്നുണ്ട്. മനുഷ്യ പുരോഗതിയിൽ അവർ ഉണ്ടാക്കിയ പല നേട്ടങ്ങളും ഇരുതല മൂർച്ചയുള്ള വാളുകളായി മാറുന്നതായിട്ടാണ് നമ്മൾ കാണുന്നത്. ആൽബർട്ട് ഐൻസ്റ്റീൻ എന്ന വിശ്വ വിഖ്യാത ശാസ്ത്രജ്ഞൻ 1905ലാണ് തന്റെ പ്രസിദ്ധമായ ഗണിതസൂത്രം (ഫോർമുല) E=MC2 കണ്ടുപിടിച്ച് അവതരിപ്പിച്ചത്. ആറ്റത്തിന്റെ പിണ്ഡത്തെ പ്രകാശത്തിന്റെ വേഗതയുടെ രണ്ടിരട്ടികൊണ്ട് മർദിച്ചാലുണ്ടാകുന്ന ഊർജം അദ്ദേഹത്തെ തന്നെ അതിശയിപ്പിച്ചു. 1938ൽ ബർലിനിൽ നിന്നും ഗവേഷണ പ്രവർത്തനം നിർത്തിവച്ച് അമേരിക്കയിൽ അഭയം തേടിയ ശാസ്ത്രജ്ഞരായ ഓട്ടോഹാൻ, ലൈസ് മെയിറ്റിനർ, സ്ട്രാസ്‌മാൻ എന്നിവർ യുറേനിയം ആറ്റം വിഘടിപ്പിച്ചുകൊണ്ടുള്ള തങ്ങളുടെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചപ്പോൾ ഉള്ളു പിടഞ്ഞത് ഐൻസ്റ്റീന്റേതായിരുന്നു. അദ്ദേഹം 1939 ഓഗസ്റ്റിൽ തന്നെ അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റിനു കത്തെഴുതി. യുറേനിയത്തിന്റെ വിഭജനത്തിൽക്കൂടിയുണ്ടാകുന്ന ന്യൂക്ലിയർ ശൃംഖല സൈനികാവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കപ്പെട്ടാൽ അത് അത്യന്തം അപകടം നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം റൂസ്‌വെൽറ്റിന് മുന്നറിയിപ്പു നൽകി. റൂസ്‌വെൽറ്റ് അത് ചെവിക്കൊള്ളുകയും ചെയ്തു.
ഇതുകൂടി വായിക്കൂ: വംശവെറിയുടെ ഒരു പാഠമാണ് ഇസ്രയേല്‍
എന്നാൽ ഹാരി എ ട്രൂമാൻ അമേരിക്കൻ പ്രസിഡന്റായപ്പോൾ ആറ്റംബോംബ് ഉണ്ടാക്കാൻ കഴിയുന്ന ഗവേഷണ സംഘത്തെ തയ്യാറാക്കി. ആ സംഘത്തിൽ ചേരാനുള്ള ക്ഷണം ലഭിച്ചപ്പോൾ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുന്ന ഒരായുധം നിർമ്മിക്കുന്നതിനാണെന്ന് തിരിച്ചറിഞ്ഞ് ഐൻസ്റ്റീൻ ആ ക്ഷണം നിരസിക്കുകയാണ് ഉണ്ടായത്. 1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ആറ്റംബോംബ് വർഷിച്ചപ്പോൾ ഐൻസ്റ്റീൻ എന്താണോ ഭയന്നത് അത് സംഭവിക്കുകയായിരുന്നു. പുതിയ കണ്ടുപിടിത്തങ്ങൾ മാനവ പുരോഗതിക്കു വേണ്ടിയുള്ളതാകണം. മറിച്ച് മനുഷ്യൻ പുതിയ കണ്ടുപിടിത്തങ്ങളുടെ ഇരയായി മാറുന്ന സാഹചര്യം ഉണ്ടാകരുത്. നിർമ്മിത ബുദ്ധിയുടെ വികാസം മനുഷ്യസമൂഹത്തിന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. പക്ഷെ അവിടെയെല്ലാം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെയും ഗൗരവമായി കാണണം. ബ്ലട്ച്ചിലി ഡിക്ലറേഷനിൽ ഒപ്പുവച്ച ഇന്ത്യ, യുകെ, യുഎസ്, ചൈന ഉൾപ്പെടെയുള്ള 28 രാജ്യങ്ങളും നിർമ്മിത ബുദ്ധിയെ നിയന്ത്രിക്കുന്നതിന് ഒരു അന്തർദേശീയ ചട്ടക്കൂടുണ്ടാക്കുന്നതിനോട് യോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. അത്രയും നല്ലത്. റിഷി സുനകും, ഇലോൺ മസ്കും ഈ സാങ്കേതിക വികസനത്തിൽ നിന്നുണ്ടാകുന്ന അപകടങ്ങളെ സംയുക്തമായി കൈകാര്യം ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ആശ്വാസകരം തന്നെ. ഇലോൺ മസ്കിനെപ്പോലെയുള്ള ശതകോടീശ്വര സമ്പന്ന വർഗം തൊഴിൽരഹിത സാമ്പത്തിക വളർച്ചയെ സ്വപ്നം കാണുന്നവരാണ്. അതിനെ താലോലിക്കുന്നവരുമാണ്.
ഉല്പാദന മേഖലയിൽ സ്വന്തം അധ്വാന ശക്തി പ്രതിഫലം വാങ്ങി വിൽക്കുന്ന തൊഴിലാളിയെ ഒഴിവാക്കി അവർക്കു കൊടുക്കേണ്ട പ്രതിഫലം കൂടി തന്റെ പോക്കറ്റിലേക്ക് വരുമെന്നു ചിന്തിക്കുന്ന മൂലധന ശക്തികൾ മാനവ പുരോഗതിയെക്കുറിച്ചൊന്നും ചിന്തിക്കുകയില്ല. ഏറ്റവും ഉയർന്ന ലാഭം എങ്ങനെയും നേടുകയെന്നതാണ് ആധുനിക മൂലധനത്തിന്റെ ലക്ഷ്യം. ശാസ്ത്ര സാങ്കേതിക മേഖലയുടെ നേട്ടങ്ങൾ സമസ്ത മാനവരാശിക്കും പ്രയോജനപ്പെടുന്നതാകണം. പ്രപഞ്ചത്തിന്റെ ഇന്നുവരെയുളള എല്ലാ വികാസങ്ങളിലും പങ്കാളികളായി ജീവിതം മുഴുവൻ അതിനായി നീക്കിവച്ച അധ്വാനികളായ തൊഴിലാളികളെയും കർഷകരെയും മറ്റു സാധാരണ ജനവിഭാഗങ്ങളെയും പട്ടിണിയിലേക്ക് തള്ളിയിടുന്നതും മനുഷ്യരാശിക്കു തന്നെ അപകടം വരുത്തി വയ്ക്കുന്നതുമാകരുത് ശാസ്ത്രത്തിന്റെ നേട്ടങ്ങൾ.