17 May 2024, Friday

വംശവെറിയുടെ ഒരു പാഠമാണ് ഇസ്രയേല്‍

യെസ്‌കെ
October 20, 2023 4:45 am

സ്രയേലും പലസ്തീനിലെ ഹമാസും തമ്മിലുള്ള സംഘര്‍ഷം രണ്ടാഴ്ച തികയുകയാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളെയാണ് യുദ്ധവെറി കൊന്നൊടുക്കിയത്. ലക്ഷങ്ങള്‍ പലായനം ചെയ്തു. അതിലേറെ ലക്ഷങ്ങള്‍ മരണം മുന്നില്‍ക്കണ്ട്, പട്ടിണിയുടെ നടുവില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. സയണിസ്റ്റ് രാജ്യമായ ഇസ്രയേലിലേക്ക് പലസ്തീനിലെ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ മിന്നലാക്രമണമാണ് യുദ്ധത്തിന് തുടക്കമിട്ടതെങ്കിലും പിന്നീട് പലസ്തീന്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആരംഭിച്ച കാടന്‍ അക്രമമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. യുഎന്‍ ഉള്‍പ്പെടെ ഇസ്രയേലിന്റേത് യുദ്ധക്കുറ്റമാണ് എന്ന് പറഞ്ഞിട്ടും അതംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ജോ ബെെഡന്‍, നരേന്ദ്രമോഡി തുടങ്ങിയ ഒക്കച്ചങ്ങാതിമാരാകട്ടെ ഭൂരിപക്ഷ നിലപാടും നെെതികതയും മറന്ന് നെതന്യാഹു ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന കാഴ്ചയും ലോകം ദര്‍ശിച്ചു.


ഇതുകൂടി വായിക്കൂ: ഹമാസ്-ഇസ്രയേല്‍ ആക്രമണം; ഗാസ കത്തുന്നു


ഇസ്രയേലിന്റെ വംശവെറി എത്രത്തോളമാണെന്ന് തെളിയിക്കുന്ന രണ്ട് വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നു. അതിലൊന്ന് ഇന്ത്യക്കാരിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള പരിഹാസമായിരുന്നു. മറ്റൊന്ന് പലസ്തീൻ‑അമേരിക്കൻ സൂപ്പർമോഡൽ ജീജി ഹദീദിക്കും കുടുംബത്തിനുമെതിരെയുള്ള വധഭീഷണിയും. വാർത്താധിഷ്ഠിത ചർച്ചക്കിടെ അവതാരകയുടെ സാരിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേൽ വക്താവ് പരിഹാസം ചൊരിഞ്ഞത്. മിറർ നൗ ചാനലിലെ പരിപാടിക്കിടെ അവതാരക ശ്രേയ ധൂൻദയാൽ അണിഞ്ഞ സാരിയിലെ പച്ചയും ചുവപ്പും നിറമാണ് ഇസ്രയേലിനുവേണ്ടി സംസാരിക്കാനെത്തിയ ഫ്രെഡറിക് ലാൻഡോയെ പ്രകോപിപ്പിച്ചത്. ഇസ്രായേലി ഇന്റൽ സ്പെഷ്യൽ ഫോഴ്സസ് അംഗമായിരുന്നു ഇയാള്‍.
പലസ്തീൻ പതാകയിലെ നിറങ്ങളായ പച്ചയും ചുവപ്പുമാണ് ഇസ്രയേലുകാരനെ പ്രകോപിപ്പിച്ചത്. ‘മറ്റൊരു അവസരത്തിനുവേണ്ടി ഇത് സൂക്ഷിച്ചുവച്ചോളൂ’ എന്നായിരുന്നു അയാളുടെ പരിഹാസം. ‘നീലയും വെള്ളയും എല്ലാകാലത്തും അതിജീവിക്കും’ എന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. ‘നിറങ്ങളെ നിങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കരുത്. പലപ്പോഴും എന്റെ രാജ്യത്തും ഇത് സംഭവിക്കുന്നുണ്ട്. ഞാൻ ധരിച്ചിരിക്കുന്നത് എന്റെ മുത്തശ്ശിയുടെ സാരിയാണ്. അതിന്റെ നിറം ഏതെങ്കിലും പക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ സൂചനയല്ലെ‘ന്നും ശ്രേയ മറുപടി നല്‍കി.


ഇതുകൂടി വായിക്കൂ: സാമ്പത്തിക അസമത്വവും ദുസഹമാകുന്ന ജനജീവിതവും


ഇസ്രയേലിന്റെ ബോംബുകള്‍ക്ക് മുന്നിൽ പിടഞ്ഞുതീരുന്ന ഗാസയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനാണ് പലസ്തീൻ‑അമേരിക്കൻ മോഡൽ ജീജി ഹദീദിക്കും കുടുംബത്തിനും വധഭീഷണിയുണ്ടായത്. ജീജി, സഹോദരി ബെല്ല, സഹോദരൻ അൻവർ, മാതാപിതാക്കളായ യോലന്ദ, മുഹമ്മദ് എന്നിവർക്കാണ് ഇ‑മെയിലും സമൂഹമാധ്യമങ്ങളും മൊബൈൽ ഫോണും വഴി ഭീഷണി ലഭിച്ചത്. ഭീഷണിയെത്തുടർന്ന് കുടുംബാംഗങ്ങളിൽ ചിലർ ഫോൺ നമ്പര്‍ മാറാൻ നിർബന്ധിതരായെന്നും റിപ്പോർട്ടുണ്ട്. യുദ്ധത്തെക്കുറിച്ച് ജീജി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ്, ഇസ്രയേലിന്റെ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് വധഭീഷണി.
‘പലസ്തീനികളെ ഇസ്രയേൽ ഭരണകൂടം കൈകാര്യം ചെയ്യുന്നതിൽ ജൂതരെ സംബന്ധിച്ച ഒന്നുമില്ല. ഇസ്രയേൽ സർക്കാരിനെ അപലപിക്കുന്നത് ജൂതവിരുദ്ധമല്ല. പലസ്തീനികളെ പിന്തുണയ്ക്കുന്നത് ഹമാസിനുള്ള പിന്തുണയുമല്ല’ എന്നായിരുന്നു ജീജിയുടെ പോസ്റ്റ്. ഗാസയിലെ ദുരന്തം പേറുന്നവർക്കൊപ്പമാണ് താനെന്നും എല്ലാ ദിവസവും നഷ്ടമാവുന്നത് എണ്ണമറ്റ നിരപരാധികളുടെ ജീവനാണെന്നും അവർ പറഞ്ഞു. പോസ്റ്റിനെ വിമർശിച്ചുകൊണ്ട് ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മറുപടിയുണ്ടായിരുന്നു. ‘ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തിയപ്പോൾ ജീജി എവിടെയായിരുന്നു. വീടുകളിൽ വച്ച് ജൂതക്കുഞ്ഞുങ്ങളെ കശാപ്പു ചെയ്യുന്നതറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ? അതില്‍നിന്ന് വ്യക്തമാണ് നിങ്ങൾ ആർക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന്. ഞങ്ങൾ നിങ്ങളെ കണ്ടോളാം’ എന്നായിരുന്നു ഇസ്രയേലിന്റെ മറുപടി.


ഇതുകൂടി വായിക്കൂ: അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊടുംക്രൂരതകള്‍


ഭരണകൂടത്തിന്റെ ചെയ്തികളെ വിമര്‍ശിച്ചാല്‍ ദേശവിരുദ്ധമാകുന്നതിന്റെ ദൃഷ്ടാന്തമാണ് ജീജിയോടുള്ള ഇസ്രയേല്‍ നിലപാട്. ഇന്ത്യയില്‍ നരേന്ദ്ര മോഡി ഭരണവും സംഘ്പരിവാര്‍ സംഘടനകളുടെ ഇടപെടലും സമാനമാണെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. പക്ഷേ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രതികരണവും ഇസ്രയേല്‍ വിഷയത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണ്. അതാകട്ടെ, ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശ്വസിപ്പിക്കാന്‍ നേരിട്ടെത്തിയ ജോ ബെെഡന്റെ അമേരിക്കയില്‍ നിന്നും. ബൈഡന്റെ ഏകപക്ഷീയ പിന്തുണയിൽ പ്രതിഷേധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജിവച്ചു. രാഷ്ട്രീയ സൈനികകാര്യ ഡയറക്ടർ പദവി വഹിച്ചിരുന്ന ജോഷ് പോളാണ് രാജിവച്ചത്. ‘കഴിഞ്ഞ പതിറ്റാണ്ടുകളിൽ നമ്മൾ ചെയ്ത അതേ തെറ്റുകൾ വീണ്ടും ആവർത്തിക്കുന്നതായി ഞാൻ ഭയപ്പെടുന്നു, ഇനിയും അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല’-ലിങ്ക്ഡ് ഇൻ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ജോഷ് പോൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.