Site iconSite icon Janayugom Online

ഉഷ്ണതരംഗത്തിന് ഉചിതം കൃത്രിമ മഴ

സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത ഉഷ്ണതരംഗത്തിന് പ്രതിവിധിയായി കൃത്രിമമഴ പെയ്യിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍. ഗള്‍ഫ്‌നാടുകളിലും അമേരിക്കയുള്‍പ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങളിലും ഉഷ്ണതരംഗം അസഹനീയമാവുമ്പോള്‍ മേഘങ്ങളില്‍ രാസവസ്തുക്കള്‍ പ്രസരിപ്പിച്ച് മഴ പെയ്യിക്കുന്ന പദ്ധതി ഏറെക്കാലമായി വ്യാപകമാണെന്നും കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘ക്ലൗഡ് സീഡിങ്’ എന്ന ഈ സാങ്കേതിക വിദ്യയനുസരിച്ച് മഴ പെയ്യാതെ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്ന മേഘജാലങ്ങളിലേക്ക് ബീച്ച് ക്രാഫ്റ്റ് ഇനത്തില്‍പ്പെട്ട ചെറുവിമാനങ്ങള്‍ വഴി രാസപദാര്‍ത്ഥങ്ങള്‍ വിതറുകയാണ് ചെയ്യുന്നത്. കറിയുപ്പ്, പൊട്ടാസ്യം ക്ലോറൈഡ്, ഖര കാര്‍ബണ്‍ ഡയോക്ലൈഡ് തുടങ്ങിയവയാണ് കടത്തിവിടുക. ഇതോടെ മേഘ കണങ്ങള്‍ മഴയായി പെയ്തിറങ്ങും. 

കൃത്രിമ മഴ വിജയിക്കണമെങ്കില്‍ അന്തരീക്ഷത്തില്‍ ചാരനിറത്തിലുള്ള മേഘങ്ങളുണ്ടാവണം. കേരളത്തില്‍ സാധാരണ ഗതിയിലുള്ള നീലമേഘങ്ങള്‍ക്കു പകരം ഇത്തരം ചാരമേഘമാണ് ഇപ്പോഴത്തെ ഉഷ്ണതരംഗത്തിനിടെ ദൃശ്യമായിരിക്കുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 4000 മീറ്റര്‍ വരെ ഉയരത്തില്‍ ദൃശ്യമാകുന്ന ആള്‍ട്ടോ ക്യൂമുലസ്, സിറോക്യൂമുലസ്, നുബ്രോ സാറ്റസ് ഗണങ്ങളിലുള്ള മേഘങ്ങളാല്‍ ആവൃതമാണിപ്പോള്‍ കേരളത്തിലെ അന്തരീക്ഷം. അതായത് കൃത്രിമ മഴ പെയ്യിക്കാനുള്ള സുവര്‍ണ സാഹചര്യമാണിപ്പോള്‍ ഒത്തുവന്നിരിക്കുന്നത്. എന്നാല്‍ ക്ലൗഡ് സീഡിങ്ങിലൂടെ നിശ്ചിത സ്ഥാനത്തു മാത്രം മഴ പെയ്യിക്കാനുള്ള വിജയസാധ്യത 30ശതമാനം വരെ മാത്രമേയുള്ളു. മേഘജാലങ്ങള്‍ നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണം. 

കേരളത്തില്‍ അങ്ങോളമിങ്ങോളവും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ക്ലൗഡ് സീഡിങ്ങ് നടത്തിയാല്‍ സംസ്ഥാനത്താകെ ആവശ്യമായ മഴ ലഭിക്കുകയും ഉഷ്ണതരംഗം അപ്പാടെ ശമിക്കുകയും ചെയ്യുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിഎസ്എസ്‌സി മുന്‍ ഡയറക്ടറുമായ ഡോ. എം സി ദത്തന്റെ നേതൃത്വത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരു പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനുവേണ്ടി വൈദ്യുതി ബോര്‍ഡ് 25.14കോടി രൂപ നീക്കിവച്ചിരുന്നു. പ്രാരംഭപ്രവര്‍ത്തനത്തിന് അഞ്ചു കോടി രൂപയേ ചെലവു വരുമായിരുന്നുള്ളു. കക്കി ജലസംഭരണി, പേപ്പാറ ജലാശയം എന്നിവിടങ്ങളില്‍ പ്രാരംഭ പരീക്ഷണങ്ങള്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ കേരളത്തിലെ മഴക്കൊയ്ത് പദ്ധതി പിന്നീടങ്ങോട്ടു മുന്നോട്ടു പോയില്ല. നല്ല മഴയുണ്ടായതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ഭൂമിയില്‍ നിന്നു ക്ലൗഡ് സീഡിങ് നടത്താനുള്ള പദ്ധതിയും പാളി. 

കഴി‍ഞ്ഞ മൂന്നു വര്‍ഷമായി കൊടും വരള്‍ച്ച നേരിടുന്ന അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ യുഎസില്‍ നിന്നെത്തിച്ച ബീച്ച് ക്രാഫ്റ്റ് ക്യൂ 100 വിമാനങ്ങള്‍ വഴി ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിച്ചത് രണ്ടാഴ്ച മുമ്പാണ്. 30 കോടി രൂപയാണ് ഇതിന് ചെലവു വന്നത്. കേരളത്തിലും കൃത്രിമമായി മഴ പെയ്യിക്കാന്‍ ഇത്രയും തുകയേ ചെലവു വരൂവെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ മഴക്കുറവും വരള്‍ച്ചയും മൂലം സംസ്ഥാനത്തെ 45,399 ഹെക്റ്റര്‍ കൃഷിയാണ് നശിച്ചത്. ഇതുവഴിയുണ്ടായ നഷ്ടം 875 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്ക്. ഈ സാഹചര്യത്തില്‍ കൃത്രിമ മഴയ്ക്ക് 100 കോടി രൂപ ചെലവഴിച്ചാലും അത് അധികപ്പറ്റാവില്ലെന്ന് വിദഗ്ധര്‍ കരുതുന്നു. ഈ രംഗത്ത് വിദഗ്ധരായ യുഎഇയുടെ സഹായം തേടിയാല്‍ ചെലവും ചുരുക്കാം. 

Eng­lish Summary:Artificial rain per­fect for heat wave
You may also like this video

Exit mobile version